Sunday, December 15, 2013

കെ കെ ഷാജുവിനെ ജെഎസ്എസ് പുറത്താക്കി

ആലപ്പുഴ: ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഷാജുവിനെയും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസിനെയും പാര്‍ടിയില്‍നിന്ന് പുറത്താക്കിയതായി ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഇരുവരെയും പുറത്താക്കിയത്. നിരന്തരം പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ജനറല്‍ സെക്രട്ടറിയെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്ത കെ കെ ഷാജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജെവൈഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപന്‍ അവതരിപ്പിച്ചു. ഇതേകാരണത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായ കെ ടി ഇതിഹാസിനെ പുറത്താക്കണമെന്ന പ്രമേയം സി എം അനില്‍കുമാറും അവതരിപ്പിച്ചു. ഇരുപ്രമേയത്തിനും യോഗം അംഗീകാരം നല്‍കി.

കെ കെ ഷാജുവിനെ കഴിഞ്ഞദിവസം ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിഹാസിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന് കത്തുനല്‍കും. ഈ സ്ഥാനത്തേക്ക് പകരം ആളെ തീരുമാനിച്ചിട്ടില്ല. അതേസമയം കെ കെ ഷാജുവിന് കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം നല്‍കിയത് കോണ്‍ഗ്രസാണെന്നും ഇതിന് പാര്‍ടിയുമായി ബന്ധമില്ലെന്നും ഗൗരിയമ്മ പറഞ്ഞു. യുഡിഎഫില്‍ തുടരണോ എന്ന് സംസ്ഥാന സമ്മേളനം തീരുമാനിക്കുമെന്നും ഇത് സാങ്കേതികം മാത്രമാണെന്നും ഗൗരിയമ്മ പറഞ്ഞു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി എസ് പ്രദീപ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ രാജന്‍ബാബു യോഗത്തില്‍നിന്ന് വിട്ടുനിന്നു.

deshabhimani

No comments:

Post a Comment