Friday, January 10, 2014

അപേക്ഷിച്ചത് ആശ്രിത പെന്‍ഷന്; ഇടിഞ്ഞഭാഗം കെട്ടുമെന്ന് ഉറപ്പ്

വടക്കാഞ്ചേരി: ആശ്രിത പെന്‍ഷന്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്ക് അപേക്ഷ നല്‍കിയ വയോധികയ്ക്ക് പുഴയുടെ ഇടിഞ്ഞു പോയ ഭാഗം കെട്ടി സംരക്ഷിക്കുമെന്ന് മറുപടി.

മുള്ളൂര്‍ക്കര വെടുത്ത് വീട്ടില്‍ പരേതനായ പങ്കുവിന്റെ ഭാര്യ അംബുജാക്ഷിയാണ്(83) വിചിത്രമായ മറുപടി വായിച്ച് അന്തംവിട്ടത്. ശ്രീലങ്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അംബുജാക്ഷിയുടെ ഭര്‍ത്താവ് പങ്കു. 1961 സെപ്റ്റംബര്‍ ഒമ്പതിന് വിരമിച്ച പങ്കുവിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പെന്‍ഷനും നല്‍കിയിരുന്നു. 2003 ല്‍ പങ്കു മരിച്ചതോടെ കുടുംബ പെന്‍ഷന്‍ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അംബുജാക്ഷി നിരവധി പേര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ശ്രീലങ്കയിലെ സര്‍ക്കാരിനും ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മിഷണര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ലായതോടെയാണ് എല്ലാം പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുമെന്ന പ്രചരണമുളള മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലേക്ക് പരാതി നല്‍കിയത്.

ബഹുദൂരത്തുളള സ്ഥലത്തെ പരാതിക്ക് അതിവേഗം മറുപടിയും ലഭിച്ചു. മുഖ്യമന്ത്രിയുടെ കത്ത് സന്തോഷത്തോടെ വായിച്ച അംബുജാക്ഷി മറുപടി കണ്ട് അന്തം വിട്ടു പോയി. ആറ്റപ്പിള്ളി റെഗുലേറ്റര്‍ കംബ്രീഡ്ജിന്റെ പ്രവര്‍ത്തികള്‍ കാലതാമസം കൂടാതെ നടപ്പാക്കുമെന്നും കൂറുമാലി പുഴയുടെ ഇടിഞ്ഞുപോയ തീരഭാഗം കെട്ടി സംരക്ഷിക്കുമെന്നുമായിരുന്നു മറുപടി. പുഴയിലെ കുത്തൊഴുക്ക് വിചിത്രമായ മറുപടിയിലുണ്ട്.

കുടുംബപെന്‍ഷന്‍ ലഭിക്കുന്നതിനായി നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയുടെ കാര്യക്ഷമത കണ്ട് സംസ്ഥാന സര്‍ക്കാരിന്റെ വികസനവും കരുതലും എന്നതിന്റെ അര്‍ത്ഥമറിയാതെ കൈമലര്‍ത്തുകയാണ് 83 കാരിയായ അംബുജാക്ഷി.
(വി ജെ ബെന്നി)

janayugom

No comments:

Post a Comment