Thursday, March 13, 2014

കെട്ടിക്കിടക്കുന്നത് 10 കോടിയുടെ കക്ക; സഹ. സംഘങ്ങള്‍ പ്രതിസന്ധിയില്‍

മുഹമ്മ: ആലപ്പുഴ-കോട്ടയം ജില്ലകളിലായി കക്കാ വ്യവസായ സഹകരണസംഘങ്ങള്‍ ശേഖരിച്ച 10 കോടി രൂപയുടെ കക്ക സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നു. കറുത്തകക്ക സഹകരണസംഘങ്ങള്‍ പ്രതിസന്ധിയില്‍. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നികുതിവെട്ടിച്ച് നടത്തുന്ന അനധികൃത കക്കാഖനം തടയാന്‍ പൊലീസോ ജിയോളജിസ്റ്റ് ഉദ്യോഗസ്ഥരോ നടപടിയെടുക്കുന്നുമില്ല. ആര്യാട്, മുഹമ്മ, വൈക്കം, കാവാലം, വെച്ചൂര്‍, കുമരകം പ്രദേശങ്ങളിലാണ് കക്ക കെട്ടിക്കിടക്കുന്നത്. വ്യവസ്ഥാപിതമായ മൈനിങ്ലീസും വര്‍ക്കിങ് പെര്‍മിറ്റും പ്രകാരം ശേഖരിക്കുന്ന കക്ക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് ശതമാനം വാറ്റും ടണ്ണിന് 63 രൂപ റോയല്‍റ്റിയും ഒടുക്കിയാണ് കക്ക സഹകരണസംഘങ്ങള്‍ വില്‍ക്കുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് തൊഴിലും സംരക്ഷണവും കൊടുക്കാന്‍ കക്ക സഹകരണസംഘങ്ങള്‍ക്ക് കഴിയുന്നുണ്ട്. കക്കയുടെ പുറംതോടിന് ടണ്ണിന് ശരാശരി 2500 രൂപവരെ വില ലഭിക്കും. കേരളത്തില്‍നിന്നും ഒരുവര്‍ഷം ലഭിക്കുന്ന 50,000 ടണ്‍ കക്ക തോടിന് 125 കോടി രൂപ വിലകിട്ടും. ഇതില്‍നിന്നും സര്‍ക്കാരിന് അഞ്ച് ശതമാനം വാറ്റും ടണ്ണിന് 63 രൂപ റോയല്‍റ്റിയും റോയല്‍റ്റിക്ക് രണ്ട് ശതമാനം ഇന്‍കംടാക്സും ഉള്‍പ്പെടെ ഒരുകോടിയോളം രൂപ സര്‍ക്കാരിനു ലഭ്യമാകും. 50,000 ടണ്‍ കക്കയില്‍നിന്നും ശരാശരി 5000 ടണ്‍ ഇറച്ചി ലഭിക്കും. ഇതിന് 50 കോടി രൂപ വിലലഭിക്കും. എന്നാല്‍ വളര്‍ച്ചയെത്താത്ത കക്ക വാരി നശിപ്പിക്കുന്നതിനാല്‍ ഏകദേശം 40 കോടി രൂപയുടെ ഇറച്ചി നഷ്ടപ്പെടുന്നു.

സിമന്റ്, കാത്സ്യം കാര്‍ബൈഡ്, പേപ്പറിനുള്ള പള്‍പ്പ് ശുദ്ധീകരണം, "സെം" നിര്‍മാണം, പാടശേഖരങ്ങളിലെ അമ്ലാംശം കുറയ്ക്കുന്നതിനുള്ള നീറ്റുകക്കയുടെ ഉപയോഗം, ടൂത്ത്പേസ്റ്റ്, പൗഡര്‍ തുടങ്ങിയ ഒട്ടനവധി വ്യവസായങ്ങള്‍ക്കുള്ള അവശ്യവസ്തുവാണ് കക്കയുടെ കുമ്മായം. എന്നാല്‍ അന്യരാജ്യങ്ങളില്‍നിന്നുള്ള ചുണ്ണാമ്പ് കല്ലിന്റെയും കാത്സ്യംകാര്‍ബൈഡിന്റെയും മോണോനൈറ്റിന്റെയും ഇറക്കുമതി നിയന്ത്രിക്കാത്തതും വ്യാപാര തകര്‍ച്ചയ്ക്ക് കാരണമായി. തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തുള്ള വൈക്കം, പാണാവള്ളി, പെരുമ്പളം, മുറിഞ്ഞപുഴ പ്രദേശങ്ങളില്‍ മല്ലികക്ക വാരിയെടുത്തു നശിപ്പിക്കുന്നു. സ്വകാര്യ കച്ചവടക്കാര്‍ അനധികൃതമായി കക്ക ശേഖരിച്ച് തണ്ണീര്‍മുക്കം, മുഹമ്മ, പൊന്നാട്, ആര്യാട്, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ചൂളകളില്‍ രാത്രിയില്‍ വള്ളത്തില്‍ കൊണ്ടുവന്നിറക്കുന്നുണ്ട്. നിയമാനുസൃതമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചൂളകള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ജിയോളജിസ്റ്റ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പരിശോധനയ്ക്ക് പോകാന്‍ മോട്ടോര്‍ ബോട്ടോ, ജീപ്പോ ഇല്ലാത്ത അവസ്ഥയാണ്. കക്കാ സഹകരണസംഘങ്ങളെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ജനുവരിയില്‍ വകുപ്പുമന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കി. ഫെബ്രുവരിയില്‍ ആലപ്പുഴ കലക്ടര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കി. എന്നിട്ടും നടപടിയൊന്നുമില്ല. തണ്ണീര്‍മുക്കം ബണ്ടിലൂടെയുള്ള കക്ക കടത്ത് തടയുന്നതിന് പൊലീസിന്റെ പരിശോധന ഉണ്ടാകണമെന്നും പൊലീസ് പിക്കറ്റ് ഉണ്ടാകണമെന്നും കക്കാ സഹകരണസംഘങ്ങളുടെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ എ സലിം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment