Thursday, March 13, 2014

അഞ്ചുവര്‍ഷം പാഴാക്കി 16 യുഡിഎഫ് എംപിമാര്‍

പതിനഞ്ചാം ലോക്സഭയില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് 16 പേര്‍ യുഡിഎഫ് അംഗങ്ങള്‍. വന്‍ഭൂരിപക്ഷത്തിന്റെ ആവേശത്തില്‍ സഭയിലെത്തിയ കാര്യം വന്നപ്പോള്‍ മൗനികളായി. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യത്തിനായി പാര്‍ലമെന്റില്‍ ഉയര്‍ന്നു കേട്ടത് ഇടതുപക്ഷ എംപിമാരുടെ ശബ്ദംമാത്രം.

പത്തനംതിട്ടയില്‍നിന്നെത്തിയ ആന്റോ ആന്റണി ഭൂരിഭാഗവും ചെലവഴിച്ചത് ആറന്മുള വിമാനത്താവളത്തിന് അനുമതി നേടാന്‍.കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ നീറുന്ന പ്രശ്നമായ റബര്‍ വിലയിടിവിന് പരിഹാരം കാണാന്‍ അദ്ദേഹം ചെറുവിരലനക്കിയില്ല. പ്രശ്നം ലോക്സഭയില്‍ അവതരിപ്പിച്ചത് സഭയുടെ കാലാവധി തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ. കോട്ടയം എംപി ജോസ് കെ മാണിയും അമ്പേ പരാജയമായി. പൊതു-റെയില്‍ ബജറ്റുകളില്‍ കേരളത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരിക്കാനോ കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനോ അദ്ദേഹം തയ്യാറായില്ല.
പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് നീണ്ട പാരമ്പര്യം അവകാശപ്പെടുന്ന ചാക്കോ സംസ്ഥാനത്തെയും തൃശൂരിനെയും മറന്നു. 2ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) ചെയര്‍മാനായി കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും മാനം കാക്കുക മാത്രമായിരുന്നു ദൗത്യം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി ജയിച്ച എം ഐ ഷാനവാസ് വോട്ടര്‍മാരോട് തെല്ലും നീതി പുലര്‍ത്തിയില്ല. കസ്തൂരിരംഗന്‍, കോഴിക്കോട്-മൈസൂരു ദേശീയപാതയിലെ രാത്രിയാത്ര നിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല. എം കെ രാഘവന്റെ സ്ഥിതിയും സമാനം. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ ആനുകൂല്യംപോലും നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.

മുസ്ലിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ശ്രദ്ധപുലര്‍ത്തിയില്ല. മണ്ഡലത്തിലെ റെയില്‍വികസനത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ എംപിക്കായില്ല. കടല്‍ക്ഷോഭത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍പോലും സാധിക്കാത്ത എംപിയെന്ന പേരുമാത്രം മിച്ചം. കേന്ദ്രഫണ്ട് വാങ്ങിയെടുക്കുന്നതില്‍ ഏറ്റവും പിന്നിലായ എംപിമാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. എന്‍ പീതാംബരക്കുറുപ്പിന്റെ വാക്ചാതുരി പാര്‍ലമെന്റിലുണ്ടായില്ല. കേന്ദ്ര അവഗണനയ്ക്കെതിരെ വാ തുറക്കാത്ത കുറുപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുസരണയുള്ള കുട്ടി മാത്രമായിരുന്നു.

ആവശ്യത്തിനും അനാവശ്യത്തിനും ശബ്ദമുണ്ടാക്കുന്ന കെ സുധാകരന്‍ എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ എത്തിയതോടെ നിശബ്ദനായി. ഡല്‍ഹിയിലുണ്ടെങ്കിലും പാര്‍ലമെന്റില്‍ ഇരിക്കാത്ത എംപിയെന്ന ഖ്യാതിയാണ് സുധാകരനുള്ളത്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് അനുകൂലമായി കൈപൊക്കാന്‍ മാത്രമായിരുന്നു പി ടി തോമസ് സമയം കണ്ടെത്തിയത്. ഒടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ ആശങ്കയിലായ ഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം നിന്നില്ല. 15-ാം ലോക്സഭയില്‍ ഏറ്റവും മോശം എംപിമാരില്‍ ഒരാളായിരുന്നു കെ പി ധനപാലന്‍. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ഒരിക്കല്‍പ്പോലും ഫലപ്രദമായി ഇടപെടാന്‍ ധനപാലനുമായില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

deshabhimani

No comments:

Post a Comment