Sunday, March 16, 2014

28 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ പദ്ധതിയിലില്ല

സംസ്ഥാനത്തെ 28 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പുറത്ത്. ഒന്നേകാല്‍ കോടിയില്‍പ്പരം പേര്‍ക്ക്് സൗജന്യചികിത്സയും ആരോഗ്യപരിരക്ഷയും നിഷേധിച്ചു. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സര്‍ക്കാരിന്റെ ഒത്തുകളിയാണ് കേരളത്തിന്റെ മൂന്നിലൊന്നിലധികം കുടുംബങ്ങളെ പദ്ധതിക്ക് പുറത്താക്കിയത്. അംഗത്വം പരമാവധി ചുരുക്കി, ആനുകൂല്യ അവകാശവാദം കുറയ്ക്കണമെന്ന കമ്പനിയുടെ വാദത്തിന് സര്‍ക്കാര്‍ സമ്മതം മൂളി.

2012-13ല്‍ ഏഴുലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിച്ചപ്പോള്‍ നടപ്പുവര്‍ഷം ഇത് 4.26 ലക്ഷമായി കുറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ 28 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി സഹായമില്ല. 35 ലക്ഷം കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ഏഴര ലക്ഷത്തോളം കുടുംബങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുകയോ അംഗത്വം ചേര്‍ക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ 22.24 ലക്ഷത്തിനും തുടര്‍ന്ന് പദ്ധതി പ്രയോജനമില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, കൂലിവേലക്കാര്‍, മത്സ്യവ്യാപാര മേഖലയിലുള്ളവര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, തയ്യല്‍ക്കട-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, തട്ടുകടയും പെട്ടിക്കടയും നടത്തുന്നവര്‍, ഗാര്‍ഹികത്തൊഴിലാളികള്‍, സ്വര്‍ണപ്പണിക്കാര്‍, തെങ്ങ്-പനകയറ്റ തൊഴിലാളികള്‍, ബാര്‍ബര്‍, ഇരുമ്പു പണിക്കാര്‍, ലോട്ടറി വില്‍പ്പനക്കാര്‍, വഴിയോരവാണിഭക്കാര്‍, കരകൗശല തൊഴിലാളികള്‍, മണ്‍പാത്രനിര്‍മാണക്കാര്‍, ഈറ-മുള-പനമ്പ് പണിക്കാര്‍, അലക്കുകാര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, പാഴ്വസ്തു ശേഖരിക്കുന്നവര്‍, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ആശ്രയ കുടുംബങ്ങള്‍, ഓട്ടോ-ടാക്സി ഡൈവര്‍മാര്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹര്‍, റെയില്‍വേ പോര്‍ട്ടര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടങ്ങി സാധാരണവിഭാഗക്കാരാണ് പുറത്താകുന്നത്.

പ്രതിവര്‍ഷം 30,000 രൂപവരെ സൗജന്യചികിത്സ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട മുന്നൂറില്‍പ്പരം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ. വൃക്ക, കരള്‍, നാഡി സംബന്ധമായ ഗുരുതരരോഗങ്ങള്‍ക്ക് ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലും ചികിത്സിക്കാം. അപകട മരണം സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപ ലഭിക്കും. തൊഴില്‍വകുപ്പിന് കീഴില്‍ കോമ്പ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പാക്കുന്നത്.

2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയില്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയെ സഹകരിപ്പിച്ചു. 2008-10ല്‍ 11.78 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നു. 2019-11ല്‍ 18.75, 2011-12ല്‍ 28.01, 2013-14ല്‍ 29.74 എന്നിങ്ങനെ പദ്ധതിയില്‍ ചേര്‍ന്നു. കഴിഞ്ഞവര്‍ഷം 300 കോടിയില്‍പ്പരം രൂപയാണ് പ്രീമിയമായി നല്‍കിയത്. രണ്ടായിരത്തില്‍പ്പരം വരുന്ന അക്ഷയകേന്ദ്രങ്ങള്‍, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് അംഗത്വ രജിസ്ട്രേഷനും പുതുക്കലും നടന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തിലേക്കും ഇത് തുടര്‍ന്നു. എന്നാല്‍, പദ്ധതി റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറിയതോടെ ഒത്തുകളി ആരംഭിച്ചു. അക്ഷയ-കുടുംബശ്രീ കേന്ദ്രങ്ങളെ ഒഴിവാക്കി. ഈ ജോലിക്ക് റിലയന്‍സ് ഉപകരാര്‍ നല്‍കി. മെഡികെയര്‍, ഫിനോ, മെഡ്സേവ്, സ്മാര്‍ട് ഐടി എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ല തിരിച്ച് കരാര്‍ നല്‍കുകയായിരുന്നു.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment