Tuesday, March 18, 2014

ജാര്‍ഖണ്ഡ്:ശക്തി ചോര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും

ബിഹാറിനെ വിഭജിച്ച് 2000 നവംബര്‍ 15ന് രൂപംകൊണ്ട സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. പതിനാല് വര്‍ഷത്തിനകം ഒമ്പത് സര്‍ക്കാര്‍ വന്ന സംസ്ഥാനം. ബാബുലാല്‍ മറാണ്ടി ആദ്യ മുഖ്യമന്ത്രി. ബിജെപിയിലെ അര്‍ജുന്‍ മുണ്ടയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഷിബു സൊരനും മൂന്ന് തവണ വീതം മുഖ്യമന്ത്രിയായി. മൂന്ന് തവണ രാഷ്ട്രപതിഭരണം. ആറായിരം കോടി രൂപയുടെ ഖനി അഴിമതിക്കേസില്‍ തടവിലായ സ്വതന്ത്രനായ മധു കോഡയും കോണ്‍ഗ്രസ് പിന്തുണയോടെ ജാര്‍ഖണ്ഡ് ഭരിച്ചു. ഏഴ് മാസം നീണ്ട രാഷ്ട്രപതിഭരണത്തിന് ശേഷം കോണ്‍ഗ്രസും ജെഎംഎമ്മും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കി. ഷിബു സൊരന്റെ മകന്‍ ഹേമന്ത് സൊരനാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ഈ സഖ്യമാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന് സഖ്യകക്ഷിയുള്ള അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്.

ജാര്‍ഖണ്ഡ് രൂപംകൊണ്ടപ്പോള്‍ ബിജെപിയായിരുന്നു അധികാരത്തില്‍ വന്നത്. എന്നാല്‍, അന്ന് മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടി ഇപ്പോള്‍ പുതിയ പാര്‍ടിയുടെ നേതാവാണ്. ബിജെപി വിട്ട മറാണ്ടി 2006ലാണ് ജാര്‍ഖണ്ട് വികാസ്മോര്‍ച്ച പ്രജാതന്ത്ര പാര്‍ടിക്ക് രൂപം നല്‍കിയത്. നിയമസഭയില്‍ 11ഉം ലോക്സഭയില്‍ രണ്ടും സീറ്റുമുള്ള പാര്‍ടിയാണിത്. ഏറെ ജനസ്വാധീനമുള്ള മറാണ്ടിയെ ബിജെപിയുടെ ഭാഗമാക്കാന്‍ നരേന്ദ്രമോഡിയും ആര്‍എസ്എസ് നേതാക്കളും ശ്രമിച്ചെങ്കിലും നടന്നില്ല. ദേശീയ തലത്തില്‍ ഇടത് പാര്‍ടികള്‍ രൂപീകരിച്ച മതേതരസഖ്യത്തിന്റെ ഭാഗമാക്കാനും മറാണ്ടി തയ്യാറായി. ജാര്‍ഖണ്ട് മുക്തിമോര്‍ച്ച നേതാവ് ഷിബു സൊരന്‍ മത്സരിക്കുന്ന ധുംകയിലാണ് മറാണ്ടിയും ഇക്കുറി മത്സരിക്കുന്നത്. ഇരുവരും തമ്മിലുള്ള നാലാമത്തെ നേരിട്ടുള്ള മത്സരം.

1998ല്‍ മറാണ്ടി സൊരനെ തോല്‍പ്പിച്ചു. ധുംകയില്‍നിന്ന് ഏഴ് തവണ ജയിച്ച നേതാവാണ് ഗുരുജിയെന്ന് വിളിക്കപ്പെടുന്ന ഷിബു സൊരന്‍. മറാണ്ടിയുടെ ഉയര്‍ച്ച സ്വാഭാവികമായും ബിജെപിയെ തളര്‍ത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടിയ ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 5.47 ശതമാനം വോട്ട് കുറഞ്ഞു. 2010ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 സീറ്റ് മാത്രമാണ് ലഭിച്ചത്. അതായത് ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണ്. സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് പോരും ബിജെപിക്ക് വിനയായി. ഒരു ഗ്രൂപ്പിന്റെ നേതാവ് അര്‍ജുന്‍ മുണ്ടയാണ്. എതിര്‍ചേരിയില്‍ ഗോണ്ട എംപി നിഷികാന്ത് ദുബെയും. വന്‍ വ്യവസായികൂടിയായ ദുബെക്കൊപ്പമാണ് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. ഇക്കുറി യശ്വന്ത് സിന്‍ഹ മത്സരത്തില്‍നിന്ന് പിന്മാറി. യശ്വന്ത് സിന്‍ഹയുടെ മണ്ഡലമായ ഹസാരിബാഗില്‍ മകന്‍ ജയന്ത് സിന്‍ഹയാണ് ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 13 സീറ്റ് നേടി മൂന്നാമത്തെ കക്ഷിയായി കോണ്‍ഗ്രസ്. കല്‍ക്കരി കുംഭകോണത്തില്‍ പ്രതിയായ സുബോധ് കാന്ത് സഹായിക്ക് സീറ്റ് നല്‍കുകവഴി അഴിമതിക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് തെളിയിച്ചു.

സംസ്ഥാന കോണ്‍ഗ്രസിലും പടലപ്പിണക്കം രൂക്ഷമാണ്. സഖ്യകക്ഷിയായ ജെഎംഎമ്മുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധത്തിലും അസ്വാരസ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഹേമന്ത് സൊരന്‍ എറ്റവും വലിയ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ ദുബെ പറഞ്ഞത്. ഇതിന്റെ പേരില്‍ ദുബെക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇയാളെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും ജെഎംഎം എതിര്‍ക്കുകയാണ്. മാത്രമല്ല, കോണ്‍ഗ്രസിന്റെ മുന്‍ പിസിസി അധ്യക്ഷന്‍ തോമസ് ഹന്‍ഡ്സയുടെ മകനും കഴിഞ്ഞ ദിവസം കൂറുമാറിയയാളുമായ വിജയ് ഹന്‍ഡ്സയ്ക്ക് ജെഎംഎം രാജ്മഹല്‍ സീറ്റ് നല്‍കിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമല്ല. ജെഎംഎം നാല് സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലുമാണ് മത്സരിക്കുന്നത്. ആര്‍ജെഡിക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് അവരുമായി സഖ്യത്തിന് തടസ്സം.

ബിജെപിയും കോണ്‍ഗ്രസും തളര്‍ന്നപ്പോള്‍ പ്രാദേശിക കക്ഷികളാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ പ്രധാന ശക്തികളാകുക. ജാര്‍ഖണ്ഡ് വകാസ് മോര്‍ച്ചയ്ക്ക് പുറമെ സിപിഐ എം, സിപിഐ, ഐക്യജനതാദള്‍, ആര്‍ജെഡി, ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ എന്നിവയാണ് സംസ്ഥാനരാഷ്ട്രീയത്തിലുള്ള മറ്റ് കക്ഷികള്‍. സിപിഐ എം, സിപിഐ, ഐക്യജനതാദള്‍ എന്നീ കക്ഷികള്‍ തെരഞ്ഞെടുപ്പ് ധാരണയിലാണ് മത്സരിക്കുന്നത്. ഇതനുസരിച്ച് സിപിഐ എം രാജ്മഹല്‍ സംവരണമണ്ഡലത്തിലും റാഞ്ചിയിലും മത്സരിക്കും. സിപിഐ മൂന്ന് സീറ്റിലാണ് മത്സരിക്കുന്നത്. ഒമ്പത് സീറ്റില്‍ ഐക്യജനതാദളും മത്സരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ പ്രതീക്ഷയില്ല.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment