Sunday, March 16, 2014

മത്സ്യത്തൊഴിലാളിക്ക് കണ്ണീര്‍ മാത്രം; ഇറ്റലിക്കു വക്കാലത്തുമായി സര്‍ക്കാരുകള്‍

സ്വന്തംനാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ജീവന് വിലകല്‍പ്പിക്കാതെ ഇറ്റലിക്കാരായ നാവികര്‍ക്കുവേണ്ടി നിയമം അട്ടിമറിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തീരദേശമേഖലയില്‍ അതിശക്തമായ ജനവികാരം അലയടിക്കുന്നു. രാജ്യത്തിന്റെ തീരക്കടലില്‍ വിദേശകപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങളുടെ രക്തസാക്ഷികളായിരുന്നു കൊല്ലം മൂതാക്കര ഡെറിക് വില്ലയില്‍ വാലന്റൈനും (ജലസ്റ്റിന്‍- 45) കന്യാകുമാരി ഇരയിമ്മന്‍തുറൈ സ്വദേശി അജീഷ് പിങ്കുവും (21). കൊലയാളികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന "സുവ" ചുമത്തേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കടലില്‍ മത്സ്യബന്ധനത്തിനിടെ 2012 ഫെബ്രുവരി 15ന് ഇറ്റാലിയന്‍ കപ്പല്‍ "എന്‍റിക്ക ലെക്സി"യില്‍നിന്നുണ്ടായ വെടിവയ്പിലാണ് ഇരുവരും ദാരുണമായി മരിച്ചത്. കപ്പലിലെ സുരക്ഷാഭടന്മാരായ ലെസ്തോറേ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടി ഉതിര്‍ത്തത്. വാലന്റൈന്റെ മരണത്തോടെ പത്തും പത്തൊമ്പതും വയസ്സുള്ള ആണ്‍ മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നിരാലംബമായി. അജീഷ് പിങ്കുവിന്റെ ഏക വരുമാനത്തെ ആശ്രയിച്ചാണ് രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ തേടുകയായിരുന്നു തുടക്കംമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. നയതന്ത്രബന്ധങ്ങളില്‍ വീഴ്ചവരുത്തുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്രം ഇറ്റലി സര്‍ക്കാരിന് ഉറപ്പുനല്‍കി. യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം നാവികര്‍ക്ക് അനുകൂലമായി കേസിനെ സ്വാധീനിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നു. സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ശക്തമായതോടെ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. തുടര്‍ന്ന് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കക്ഷിചേരാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരമെന്നായിരുന്നു രണ്ടംഗ ബഞ്ചിന്റെ വിധി. വിചിത്രമായ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കേരള പൊലീസിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പരമാവധി ശിക്ഷ ലഭിക്കാവുന്ന സുവ നിയമപ്രകാരമുള്ള കുറ്റമാണ് എന്‍ഐഎ പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍, സുവ ചുമത്താന്‍ പാടില്ലെന്ന ഇറ്റലിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ കേരള പൊലീസിന്റെയും എന്‍ഐഎയുടെയും അന്വേഷണത്തിന് പ്രസക്തിയില്ലാതായി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തെല്ലും വിലകല്‍പ്പിക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുത്തിനുള്ള തയ്യാറെടുപ്പിലാണ് തീരദേശജനത.

സനല്‍ ഡി പ്രേം ദേശാഭിമാനി

No comments:

Post a Comment