Sunday, March 16, 2014

ആരോപണവിധേയരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ക്കുംശേഷം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത് കളങ്കിതരും വിവാദ നായകരും. കളങ്കിതവ്യക്തിത്വങ്ങളോട് ഇടപെടാന്‍പോലും പാടില്ലെന്ന് കെപിസിസി പ്രസിഡന്റായശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച വി എം സുധീരന്റെ "ആദര്‍ശം" തികഞ്ഞ കാപട്യമാണെന്ന് സ്ഥാനാര്‍ഥി പട്ടിക തെളിയിക്കുന്നു. ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ബിന്ദുകൃഷ്ണ, ആന്റോ ആന്റണി, കെ സുധാകരന്‍, എം കെ രാഘവന്‍ തുടങ്ങിയവരെല്ലാം ആരോപണവിധേയരാണ്.

തലസ്ഥാനത്ത് ജനവിധി തേടുന്ന ശശി തരൂര്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും വിവാദങ്ങളിലായിരുന്നു. ഐപിഎല്‍ ക്രിക്കറ്റിന്റെ മറവില്‍ കാമുകി സുനന്ദ പുഷ്കറിന്റെ പേരില്‍ 65 കോടി രൂപയുടെ നിക്ഷേപം നടത്തിയതോടെ വിവാദങ്ങളില്‍ ഇടംപിടിച്ചു. അത് വിയര്‍പ്പിന്റെ ഓഹരിയാണെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ ഓഹരി വേണ്ടെന്നുവച്ച് സുനന്ദപുഷ്കറിനെ ഭാര്യയാക്കി. തരൂരിന് ഐഎസ്ഐ ബന്ധമാരോപിക്കപ്പെട്ട പാക് വനിതയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സുനന്ദ ദിവസങ്ങള്‍ക്കകം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുനന്ദയ്ക്ക് മാരകരോഗമാണെന്നായിരുന്നു തരൂര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, കാര്യമായ ഒരു രോഗവുമുണ്ടായിരുന്നില്ലെന്ന് തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്. ഒടുവില്‍ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു. ദേശീയഗാനത്തോടുള്ള അവഹേളനം, കന്നുകാലിക്ലാസ് പ്രയോഗം തുടങ്ങിയവയിലൂടെ എന്നും വിവാദംമാത്രം.

മാവേലിക്കരയില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് സോളാര്‍ തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലുമേനോനുമായുള്ള ചങ്ങാത്തത്തിലൂടെ വിവാദപുരുഷനായി. നടി ശാലുമേനോനെ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗം ആക്കുന്നതുവരെ എത്തി ഈ ബന്ധം. ശാലുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ കൊടിക്കുന്നില്‍ കിടപ്പറയിലെ കട്ടിലിലിരിക്കുന്ന ഫോട്ടോകള്‍പോലും പുറത്തുവന്നു. ആലപ്പുഴയില്‍ മത്സരിക്കുന്ന കെ സി വേണുഗോപാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരെ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചു. സരിതയുടെ 22 പേജുള്ള രഹസ്യ മൊഴിയില്‍ കേന്ദ്രമന്ത്രിവരെ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് വേണുഗോപാലിനെ ഉദ്ദേശിച്ചായിരുന്നെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി പിന്നീട് അനങ്ങിയില്ല. ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നതില്‍നിന്ന് വേണുഗോപാലിന് എന്തോ ഭയക്കാനുണ്ടെന്നു വ്യക്തം.

എസ്ഐയോട് തൊപ്പിതെറിപ്പിക്കുമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയും ആക്രോശിക്കുകയുംചെയ്ത ബിന്ദു കൃഷ്ണയാണ് ആറ്റിങ്ങലില്‍ മത്സരിക്കുന്നത്. ബിന്ദുകൃഷ്ണ നടത്തിയ വിവാദ വിദേശയാത്രയെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുന്നയിച്ചത് കോണ്‍ഗ്രസിന്റെ പ്രവാസിസംഘടനാ നേതാക്കളാണ്. ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ആരോപിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ വീണ്ടും ജനവിധി തേടുന്നത്. സുധീരന്‍പോലും ആന്റോ ആന്റണിയുടെ പ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ മുമ്പനായിരുന്നു.

ബാര്‍ ഉടമകളില്‍നിന്ന് സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്നു പറഞ്ഞ എംപിയാണ് കെ സുധാകരന്‍. ഇതിനെതിരായ കേസ് ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിച്ചു. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യുന്നതിനാണ് മറ്റൊരു കേസിന്റെ പേരുപറഞ്ഞ് ന്യായാധിപരെ ആക്ഷേപിച്ചത്. നിരവധി ക്രിമിനല്‍കേസിലും സുധാകരന്‍ പ്രതിസ്ഥാനത്താണ്. കോഴിക്കോട്ടെ എം കെ രാഘവന്‍ സഹകരണബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിയാണ്.

deshabhimani

No comments:

Post a Comment