Sunday, March 16, 2014

ഗൈക്കോ അഴിമതിക്ക് മാണിയും കുടപിടിച്ചു; ഖജനാവ് ചോര്‍ത്തി നല്‍കുന്നത് രണ്ടുകോടി

കുറവിലങ്ങാട്: അഴിമതിയും ധൂര്‍ത്തും അടിത്തറയിളക്കിയ ഗൈക്കോയെ സംരക്ഷിക്കാന്‍ ഖജനാവില്‍നിന്ന് രണ്ടുകോടി രൂപ വഴിവിട്ടനുവദിച്ചാണ് മന്ത്രി കെ എം മാണി സഹപ്രവര്‍ത്തകരുടെ അഴിമതിക്ക് കുടപിടിച്ചുകൊടുത്തത.് കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മാണി അവതരിപ്പിച്ച ബജറ്റിലാണ് ഗൈക്കോ ലിമിറ്റഡി(ഗാന്ധിഗ്രം അഗ്രോബെയ്സ്ഡ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി)ന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്നപേരില്‍ രണ്ടുകോടി സംഘത്തിന് കൈമാറുമെന്ന പ്രഖ്യാപനമുണ്ടായത്. ഗൈക്കോ ഉല്‍പ്പന്നമായ സെനക്സ് വിറ്റ വകയില്‍ 90 ലക്ഷത്തോളം രൂപ വില്‍പ്പന നികുതി സര്‍ക്കാരിലേയ്ക്കടച്ചത് ധനമന്ത്രി ഇടപെട്ട് സംഘത്തിന് തിരികെ നല്‍കിയതിലും ക്രമക്കേടുള്ളതായി ആരോപണമുണ്ട്.

1997ല്‍ ഫാ. പോള്‍ പഴേമ്പള്ളിയുടെ മരണശേഷം സംഘത്തിന്റെ ഭരണസമിതിയെ നയിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ മാണിഗ്രൂപ്പ് നേതാവായിരുന്നു. ഇതോടെ ഗൈക്കോയുടെ ശനിദശ തുടങ്ങിയെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് പ്രസിഡന്റായി വന്നത് മാണിഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്നു. ഇതിനുശേഷം സമീപ്രദേശങ്ങളില്‍ മാണിഗ്രൂപ്പിന് ഭരണമുള്ള സഹകരണബാങ്കുകളില്‍നിന്നെല്ലാം സഹകരണ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി വായ്പകളും നിക്ഷേപങ്ങളും വാങ്ങിക്കൂട്ടി. കുറവിലങ്ങാട് ബാങ്കില്‍നിന്ന് 70 ലക്ഷവും മരങ്ങാട്ടുപിള്ളി ബാങ്കില്‍നിന്ന് 65 ലക്ഷവും ഏറ്റുമാനൂര്‍ ബാങ്കില്‍നിന്നും ഒരു കോടിയും നിക്ഷേപമായി വാങ്ങി. വയലാ ബാങ്ക്, മാന്നാനം ബാങ്ക് എന്നിവിടങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിച്ചു. നിക്ഷേപം വാങ്ങിയതല്ലാതെ നയാപ്പൈസപോലും തിരികെ നല്‍കാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഗൈക്കോയിലെ ജീവനക്കാരില്‍നിന്നും തൊഴിലാളികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും നിക്ഷേപമായി വാങ്ങി. വിവിധ ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും വായ്പയും നിക്ഷേപവും വാങ്ങിയ ഇനത്തില്‍ പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് പലിശയിനത്തില്‍ നല്‍കേണ്ടത്. നിക്ഷേപയിനത്തില്‍ 40 ലക്ഷം രൂപ നഷ്ടപ്പെട്ട ജീവനക്കാരിലൊരാള്‍ പണി പോയതോടെ ഗാനങ്ങള്‍ സിഡിയിലാക്കി വില്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. നിക്ഷേപമായും വായ്പയായും വാങ്ങിയ തുക മുഴുവന്‍ എവിടെപ്പോയെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ക്ക് ഉത്തരമില്ല.

ഇത്രയും പണം ഉണ്ടായിട്ടും സ്ഥാപനം എങ്ങനെ നഷ്ടത്തിലായെന്ന് അന്വേഷിക്കുമ്പോഴാണ് ഭരണസമിതിയുടെ കൊള്ളയിലും പിടിപ്പുകേടിലും ചെന്നെത്തുന്നത്. രണ്ടാംതരം സ്കിം റബര്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന സിറത്തിന്റെ ഇടപാടിലെ ക്രമക്കേട് ഇതിലൊന്നാണ്. ലാറ്റക്സ് സംസ്കരണ പ്രക്രിയയ്ക്കിടെ മിച്ചംവരുന്ന നാല്‍പ്പത് ശതമാനം ജലാംശം ഉള്‍പ്പെട്ട അസംസ്കൃതവസ്തുവാണ് സിറം. സിറം നവ് മാറാതെ വില്‍ക്കണമെന്നതാണ് ഡയറക്ടര്‍ബോര്‍ഡ് തീരുമാനം. എന്നാല്‍ ഇത് ലംഘിച്ച് നവ് മാറ്റി വിറ്റതിലൂടെ സംഘത്തിന് നഷ്ടമുണ്ടായി. സ്കിം റബര്‍ ഉപയോഗിച്ചാണ് സൈക്കിള്‍ ടയറുകള്‍, ചവിട്ടികള്‍ എന്നിവയുടെ നിര്‍മാണം. ഇതിന്റെ ഉല്‍പ്പാദകരില്‍നിന്ന് കമീഷന്‍ വാങ്ങിയാണ് സിറത്തിന്റ നവ് ഒഴിവാക്കി വിറ്റതെന്നാണ് ആരോപണം. സിറത്തിന്റെ ജലാംശം നീക്കാന്‍ യന്ത്രവും കൊണ്ടുവന്നിരുന്നു. തൊഴിലാളികള്‍ ചോദ്യം ചെയ്തതോടെ ഇവ ഒരാഴ്ചക്കകം നാടുകടത്തി. ഗൈക്കോയുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെയും നഷ്ടം ഉണ്ടായി. ഒടുവില്‍ സിറം ഇടപാടിന് കെ എ റൗഫ്(പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭര്‍ത്താവ്) രംഗത്തുവന്നു. ഈ നീക്കവും ക്രമക്കേടിനായിരുന്നുവെന്നാണ് ആരോപണം. റൗഫുമായി ബന്ധപ്പെട്ട ഇടപാടില്‍ ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയതിന് സംഘത്തിന്റെ സെക്രട്ടറിക്ക് സസ്പെന്‍ഷനും വന്നു.

മാണിക്കും മകനും വൈക്കത്തോട് അയിത്തം

വൈക്കം: ധനമന്ത്രിയായ അച്ഛന്‍ കെ എം മാണിയും എംപിയായ മകന്‍ ജോസ് കെ മാണിയും വൈക്കം നിയോജകമണ്ഡലത്തോട് കടുത്ത അവഗണന കാട്ടുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കെ എം മാണി അവതരിപ്പിച്ച ബജറ്റുകളില്‍ എല്ലാം വൈക്കം മണ്ഡലത്തെ അവഹേളിക്കുകയായിരുന്നു. ജോസ് കെ മാണിയും അച്ഛന്റെ പാത പിന്‍തുടരുന്നതില്‍ പിശുക്കുകാട്ടിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികളെല്ലാം കെ എം മാണി വെട്ടിമാറ്റി. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അക്കരപ്പാടത്തേക്ക് പാലം നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക വകകൊള്ളിച്ചിരുന്നു. മാണിയാകട്ടെ ഈ പദ്ധതി ഒഴിവാക്കിയാണ് ബജറ്റ് അവതരിപ്പിച്ചത്. കൂടാതെ അഞ്ചുമന പാലം, മൂലേക്കടവ് പാലം, വാലേല്‍ പാലം എന്നിവയുടെ നിര്‍മാണത്തിനും പരിഗണന നല്‍കിയില്ല. വൈക്കം-വെച്ചൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.

വൈക്കം കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിനും ഭരണാനുമതി നല്‍കിയില്ല. ജനങ്ങളുടെ ചിരകാലാഭിലാഷമായ വൈക്കത്തെ ഫയര്‍ സ്റ്റേഷനും അനുമതി കൊടുത്തില്ല. വൈക്കം താലൂക്ക് ഗവ. ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും മന്ത്രി തള്ളിക്കളഞ്ഞു. റോഡിന്റെ ഇരുവശവും ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി എന്തു നടന്നാലും അതെല്ലാം തന്റേതാക്കിമാറ്റാനാണ് എംപിയുടെ ശ്രമം. എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച് അടയാളപ്പെടുത്താവുന്ന സ്ഥാപനങ്ങളോ സംരംഭങ്ങളോ ചൂണ്ടികാട്ടാനാവാതെ വൈക്കത്തെ യുഡിഎഫ് നേതൃത്വം വിയര്‍ക്കുകയാണ്. യുഡുഎഫിലെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും വൈക്കം നഗരസഭയിലെ കൗണ്‍സിലര്‍മാരും തങ്ങളുടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപിക്ക് നല്‍കിയ നിവേദനങ്ങള്‍ക്ക് കണക്കില്ല. എല്ലാവരോടും ഉടന്‍ ശരിയാക്കാമെന്നായിരുന്നു എംപിയുടെ വാഗ്ദാനം. കലക്ടറേറ്റില്‍ എത്തി അന്വേക്ഷിച്ചപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായത്. കെ സുരേഷ്കുറുപ്പ് എംപി ആയിരുന്നപ്പോള്‍ സെന്റര്‍ റോഡ് ഫണ്ട് വഴി അനുവദിച്ച റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ അവകാശവാദവുമായി എംപിയുടെ പേരില്‍ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈക്കത്തെ കയര്‍, മത്സ്യ മേഖലയാകെ തകര്‍ന്നു കിടക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത മേഖലയുടെ ഉന്നമനത്തിനായി എംപിക്ക് ഒന്നും ചെയ്യാനായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തതോടെ വിവിധ ഏജന്‍സികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ചെറിയ പദ്ധതികള്‍ പോലും തന്റെ നേട്ടമായി ചിത്രീകരിക്കാനാണ് ഫ്ളക്സ് എംപിയുടെ ശ്രമം.

മീന്‍ചന്തയില്‍ എംപിയുടെ പെരുംനുണ

കോട്ടയം: പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ അഞ്ചിടങ്ങളില്‍ ആധുനിക മത്സ്യചന്തയുണ്ടാക്കിയെന്ന ജോസ് കെ മാണി എംപിയുടെ അവകാശവാദം പച്ചക്കള്ളം. നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ കോട്ടയം. മാഞ്ഞൂര്‍, മുളന്തുരുത്തി, ഏറ്റുമാനൂര്‍, വൈക്കം, എന്നിവിടങ്ങളിലെ ആധുനിക മല്‍സ്യമാര്‍ക്കറ്റിനായി 5.8 കോടി ചെലവഴിച്ചെന്നാണ് എംപിയുടെ വാദം. എന്നാല്‍ ഏറ്റുമാനൂര്‍ ഒഴികെ ഒരിടത്തും ചന്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഏറ്റുമാനൂരില്‍ കെട്ടിടം നിര്‍മിച്ച് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തി ആറുമാസം പിന്നിട്ടിട്ടും ചന്തയുടെ പ്രവര്‍ത്തനം തുടങ്ങിയില്ല. കോട്ടയം, മാഞ്ഞൂര്‍, മുളന്തരുത്തി എന്നിവിടങ്ങളിലെ പ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്നാണ് എംപി പറയുന്നത്. പിറവം അസംബ്ലി മണ്ഡലത്തിലെ മുളക്കുളത്ത് മാര്‍ക്കറ്റ് വരുന്നു എന്ന് കൊട്ടിഘോഷിച്ച് നിരവധി ഫളക്സ് ബോര്‍ഡുകള്‍ നിരന്നതല്ലാതെ ശിലാസ്ഥാപനം പോലും നടന്നില്ല. വൈക്കത്ത് കോവിലകത്തും കടവ് മത്സ്യ മാര്‍ക്കറ്റില്‍ കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നെങ്കിലും തുടര്‍നടപടി എങ്ങുമെത്തിയില്ല.

രാവിലെ അഞ്ചു മുതല്‍ ഏഴു വരെയും പകല്‍ 12 മുതല്‍ രണ്ടുവരെയും മാത്രമാണ് കച്ചവടം. പുതിയമാര്‍ക്കറ്റ് ചെറുകിട കച്ചവടക്കാരുടെ തൊഴില്‍ ഇല്ലാതാക്കുമെന്ന ഭയവും തൊഴിലാളികള്‍ക്കുണ്ട്. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ കായല്‍ തീരം ഉള്‍പ്പെടുത്തിയാണ് നിലവിലുള്ള ചന്ത നിര്‍മിച്ചത്. പിന്നീട് അഡ്വ. പി കെ ഹരികുമാര്‍ ചെയര്‍മാനായ മുനിസിപ്പാലിറ്റി ജനകീയാസൂത്രണത്തിലൂടെ തുക മാറ്റിവച്ചാണ് ഇന്നത്തെ മാര്‍ക്കറ്റ് പടുത്തുയര്‍ത്തിയത്. ഇവിടെയാണ് പേരിനൊരു കെട്ടിടം നിര്‍മിച്ച് ആധുനിക മത്സ്യ മാര്‍ക്കറ്റ് വൈക്കത്ത് നിര്‍മിച്ചതായി എംപി മേനി നടിക്കുന്നത്. ഏറ്റുമാനൂരില്‍ 3.26 കോടി മുടക്കിയെന്നാണ് കണക്ക്. എന്നാല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയും ക്രമക്കേടും ആദ്യംമുതലേ നാട്ടില്‍ പാട്ടാണ്. ഇതിന്റെ പേരില്‍ ചില ഉന്നതര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വ്യാപക ആക്ഷേപമുണ്ട്. മീന്‍ ചന്തയ്ക്കുവേണ്ട അടിസ്ഥാന ഘടകമായ മാലിന്യ സംസ്കരണ പ്ലാന്റ് ഇവിടെയില്ല. ആധുനികത പേരില്‍ മാത്രമുള്ള ചന്തയില്‍നിന്നുള്ള മാലിന്യം സംസ്കരിക്കാനോ ഒഴുക്കിവിടാനോ പദ്ധതിയില്ല. ഇതുമൂലം ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ചന്ത തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 48 സ്റ്റാളുകളാണ് പുതിയ കെട്ടിടത്തില്‍ നിര്‍മിച്ചത്. ഈ മുറിക്കുള്ളില്‍നിന്നുതിരിയാന്‍ ഇടമില്ല. അഞ്ചു മുതല്‍ 10ലക്ഷം രുപവരെയാണ് ഓരോ മുറിക്കും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഈടാക്കിയത്. ഇത്രയധികം പണം മുടക്കി പുതിയ ചന്തയിലേക്ക് മാറിയാല്‍ മീന്‍ എത്ര വില കൂട്ടി വിറ്റാലും മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മുറിവാടക ഇരട്ടിയാക്കി വര്‍ധിപ്പിച്ചതിലും മാര്‍ക്കറ്റ് നിര്‍മാണത്തിലെ അഴിമതിക്കെതിരെയും മാലിന്യ പ്ലാന്റ് സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണയുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

പുതിയ ചന്തയുടെ പ്രവര്‍ത്തനം വൈകുന്നതിനാല്‍ താല്‍ക്കാലിക ചന്ത ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ മുന്‍ ഭാഗത്ത് പ്ലാസ്റ്റിക്ക് പടുതയുപയോഗിച്ച് കെട്ടിയ താല്‍ക്കാലിക ഷെഡുകളിലാണ് ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മാലിന്യവും അഴുക്കു ജലവും സ്റ്റാന്‍ഡും പരിസരവും വൃത്തികേടാക്കുന്നു. ചന്തയിലെ മലിന ജലം വലിയ കുഴിയെടുത്ത് അതില്‍ ശേഖരിച്ച് പിന്നീട് മോട്ടോര്‍ വച്ച് അടിച്ച് പിന്നിലെ ഓടയിലേക്ക് ഒഴുക്കുകയാണ്. ഈ വെള്ളം പലയിടത്തും കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നു. വേനല്‍ കടുത്തതോടെ രോഗ ഭീതിയിലാണ് നാട്ടുകാര്‍. സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കിണറും ഇതുമൂലം മലീനമായി. ഇവിടെനിന്നുള്ള വെള്ളമാണ് ആശുപത്രിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചില ഹോട്ടലുകളിലും ഉപയോഗിക്കുന്നത്.

deshabhimani

No comments:

Post a Comment