Thursday, March 13, 2014

കള്ളക്കണക്കില്‍ മുഖ്യമന്ത്രിയെയും കടത്തിവെട്ടി തോമസും ധനപാലനും

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി എന്നതാണ് യേശുക്രിസ്തുവിന്റെ മഹത്വമെങ്കില്‍ മുഖ്യമന്ത്രിയും കെ പി ധനപാലനും ഇല്ലാത്ത 50,000 കോടി രൂപകൊണ്ടുള്ള കളിയാണ് കളിക്കുന്നത്. യുപിഎ സര്‍ക്കാര്‍ കേരളത്തിന് മൊത്തം 50,414 കോടി നല്‍കിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. എന്നാല്‍ പലപടി കടന്ന് തന്റെ മണ്ഡലമായ ചാലക്കുടിയില്‍ മാത്രം 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് ധനപാലന്റെ അവകാശവാദം. കെ വി തോമസ് അവകാശപ്പെടുന്ന മുഴുവന്‍ തുക കൂട്ടിയാല്‍ അതിലും മുകളിലാകും. പണമില്ലാത്ത തുറമുഖ ട്രസ്റ്റും റിഫൈനറിയുമൊക്കെ സ്വന്തം നിലയ്ക്ക് ചെലവാക്കിയ തുക പോലും തങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുന്ന മാന്ത്രികവിദ്യയാണ് ഇവര്‍ നടത്തുന്നത്. ഇതു കണ്ട് തരിച്ചിരിക്കുകയാണ് പൊതുജനം.
വല്ലാര്‍പാടം ടെര്‍മിനലിന് കേന്ദ്രം 2500 കോടി രൂപ അനുവദിച്ചതായാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. എന്നാല്‍, തോമസിന്റെ പട്ടികയില്‍ ഇത് 5000 കോടിയായി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ യാഥാര്‍ഥ്യമായതുവരെയുള്ള കാലംവരെ ടെര്‍മിനലിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്രം ആകെ ചെലവഴിച്ചത് 1700 കോടി രൂപയാണ്. കേന്ദ്ര പിന്തുണയില്‍ ടെര്‍മിനലില്‍ വന്‍ ചൂഷണത്തിന് കരാറുകാരായ ദുബായ് പോര്‍ട്ടിന് അവസരമൊരുങ്ങുകയും കൊച്ചി തുറമുഖം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനു പകരം ചെലവാക്കാത്ത തുകയുടെ പേരില്‍ നേട്ടം കൊയ്യാനാണ് ഉമ്മന്‍ചാണ്ടിയുടെയും കെ വി തോമസിന്റെയും നീക്കം. ഉമ്മന്‍ചാണ്ടിയുടെ കേന്ദ്രവിഹിതത്തെ സംബന്ധിച്ച അവകാശവാദത്തില്‍ തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിനെ "പുര" പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും കലാമണ്ഡലത്തിന് സ്വയംഭരണ പദവി നല്‍കിയതും മാത്രമാണുള്ളത്.

എന്നാല്‍, ധനപാലനാകട്ടെ എറണാകുളം മണ്ഡലത്തിലെ റിഫൈനറി നവീകരണം, ആരുംകേള്‍ക്കാത്ത മെട്രോ സിറ്റി പദ്ധതി, ഇനിയും എങ്ങുമെത്താത്ത ശബരിപാതയും കാക്കനാട്ടെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമൊക്കെ തന്റെ പേരിലാക്കിയിരിക്കുകയാണ്. റിഫൈനറി സ്വന്തം പണം മുടക്കി നവീകരണപദ്ധതി ആവിഷ്കരിച്ചതു റാഞ്ചി തങ്ങളുടെ നേട്ടപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ധനപാലനും കെ വി തോമസും. ധനപാലന്റെ കണക്കുപ്രകാരം 20,000 കോടി രൂപയുടെ പദ്ധതിയാണിതെങ്കില്‍ കെ വി തോമസിന്റെ കണക്കില്‍ ഇത് 14,225 കോടി രൂപയുടേതാണ്. വാസ്തവത്തില്‍ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള 20,000 കോടി രൂപയുടെ നവീകരണ പദ്ധതി ഒരുവര്‍ഷം മാത്രമാണ് ഇതിനകം പിന്നിട്ടിട്ടുള്ളത്. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ 25 ശതമാനം തുക നല്‍കുമെന്നതു മാത്രമാണ് കേന്ദ്ര വാഗ്ദാനം. നാളുകളായി എങ്ങുമെത്താത്ത ദേശീയ ജലപാത, കൊടുങ്ങല്ലൂര്‍ തുറമുഖം, എല്‍ഡിഎഫ് ഭരണകാലത്ത് ആവിഷ്കരിച്ച മുസിരിസ് പദ്ധതി തുടങ്ങിയ പല പദ്ധതികളും തന്റേതാക്കിയാണ് ധനപാലന്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മണ്ഡലമൊന്നും പ്രശ്നമല്ലെന്ന സ്ഥിതിയിലാണ്.

തോമസാകട്ടെ റിഫൈനറിയും പോര്‍ട്ടും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയ ഐലന്‍ഡ്-തേവര നടപ്പാതപോലും തന്റേതാക്കി. തുറമുഖ ട്രസ്റ്റ് മൂന്നുകോടി രൂപ മുടക്കി യാഥാര്‍ഥ്യമാക്കിയ മാക്കാപ്പറമ്പ് സബ്വേയും എംപി ഫണ്ടില്‍നിന്നു തുച്ഛമായ തുക നല്‍കിയതിന്റെ പേരില്‍ മാഷ് സ്വന്തം നേട്ട പുസ്തകത്തിലാക്കി. കപ്പല്‍ശാലയ്ക്ക് 25,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുവെന്നാണ് മാഷിന്റെ മറ്റൊരു പെരുംനുണ. പ്രതിരോധവകുപ്പിന്റെ ഓര്‍ഡര്‍പോലും കേന്ദ്രം നിഷേധിച്ച ഘട്ടത്തില്‍തന്നെയാണ് ഗീബല്‍സിനെപ്പോലും നാണിപ്പിക്കുന്ന തന്ത്രങ്ങളുമായി തോമസ്മാഷിന്റെ രംഗ പ്രവേശം.

deshabhimani

No comments:

Post a Comment