Tuesday, March 18, 2014

ലീവ് സറണ്ടറും പിഎഫ് വായ്പയും കിട്ടില്ല

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും പിഎഫ് വായ്പയും നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. അഞ്ചര ലക്ഷം ജീവനക്കാര്‍ ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന സമ്പാദ്യമാണ് അനിശ്ചിത്വത്തിലാകുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ജീവനക്കാര്‍ക്ക് ഭവനിര്‍മാണ വായ്പയും ഇല്ലാതാകും. ഈ ആവശ്യത്തിനായി ജീവനക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.

മുപ്പതു ദിവസത്തെ ലീവ് സറണ്ടറാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. പിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനംവരെ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന വായ്പയാക്കാം. ഇവ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജീവനക്കാരുടെ മാര്‍ഗവുംകൂടിയാണ്. പിഎഫ് വിഹിതം ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്്. ഈ തുക പൂര്‍ണമായും നിത്യനിദാന ചെലവുകള്‍ക്ക് വിനിയോഗിക്കുകയാണ് സര്‍ക്കാര്‍. ട്രഷറി പൂട്ടലിലേക്ക് നയിക്കുന്ന സാമ്പത്തികഞെരുക്കത്തിന്റെ ഭാഗമായി നീട്ടിവയ്ക്കപ്പെടുന്ന ചെലവുകള്‍ അടുത്ത മൂന്നുമാസത്തില്‍ നിറവേറ്റപ്പെടേണ്ടിവരും. ഇതിന്റെ തിക്തഫലങ്ങള്‍ജീവനക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സാമ്പത്തികവര്‍ഷത്തിന്റെ അവസാന നാളില്‍ 6000 കോടി രൂപയുടെ കമ്മിയാണ് ധനവകുപ്പിന്റെ ഏകദേശ കണക്കുകൂട്ടല്‍. ഈ മാസത്തെ ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള ബാധ്യത 2200 കോടി കവിയും. കടമെടുക്കാനുള്ള സാധ്യതയും അടഞ്ഞു. 1400 കോടി രൂപയെങ്കിലും കടമെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ കേന്ദ്രസര്‍ക്കാരില്‍നിന്ന് സമ്മതം നേടിയെടുക്കാനാണ് ആലോചന. 25നാണ് പൊതു കടപത്രങ്ങളുടെ ഈ വര്‍ഷത്തെ അവസാന ലേലം റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പങ്കെടുക്കുന്നതിന് മൂന്നു ദിവസംമുമ്പ് നോട്ടീസ് നല്‍കണം. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യമാകുമെന്നു കരുതുന്നില്ല. എത്ര ശ്രമിച്ചാലും 450 കോടിയില്‍ താഴെ മാത്രമേ കടമെടുക്കാന്‍ കഴിയൂവെന്നാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പദ്ധതിച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ചെറിയ തുകയുടെ ബില്ലുപോലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കുന്നു. ബജറ്റില്‍ വകയിരുത്തലുള്ള പദ്ധതികളുടെ ബില്ലും മാറുന്നില്ല.

നിരവധി പദ്ധതികള്‍ ധനവകുപ്പിന്റെ ദാക്ഷിണ്യം കാത്ത് ഫയലില്‍ ഉറങ്ങുകയാണ്. വകുപ്പുകള്‍ക്കുള്ള അഡ്വാന്‍സുകള്‍ നിര്‍ത്തി. വകുപ്പിന്റെ അക്കൗണ്ടിലും വകുപ്പുമേധാവികളുടെ പേരിലുള്ള ട്രഷറി സേവിങ്സ് അക്കൗണ്ടിലും മാസാവസാനം ചെലവഴിക്കാത്ത തുകയൊന്നും സൂക്ഷിക്കാന്‍ പാടില്ലെന്ന് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അത്യാവശ്യ ചെലവുകള്‍ക്കുള്ള അഡ്വാന്‍സിനും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുവാദം വേണം. ഇത്തരത്തില്‍ നീട്ടിവയ്ക്കപ്പെടുന്ന ചെലവുകളെല്ലാം അടുത്ത മാസങ്ങളില്‍ നിര്‍വഹിക്കേണ്ടിവരും. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം അധികം ചെലവഴിച്ചതിനാല്‍ പൊതുമരാമത്തുവകുപ്പിന്റെ ബില്ലുകളൊന്നും പരിഗണിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, 2200 കോടിയിലേറെ രൂപ കുടിശ്ശിക ലഭിക്കാനുള്ള കരാറുകാര്‍, തെരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാരിനുമേല്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പദ്ധതിച്ചെലവ് 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങിയത്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment