Tuesday, March 18, 2014

ഓര്‍മയുണ്ടോ "വടകര വിഷന്‍"

വികസനവിരുദ്ധമുഖമായ സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തി വടകരയിലെ ജനങ്ങളെ അഭിമുഖീകരിക്കാനാവാതെ യുഡിഎഫ്. കോണ്‍ഗ്രസുകാരുടെയടക്കം അപ്രീതിക്കിരയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വികസനത്തിന്റെ പേരില്‍ വടകര മണ്ഡലത്തില്‍ കാണിച്ച അഭ്യാസങ്ങളും തിരിച്ചടിക്കുന്നു. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗത്തിലടക്കം ഏറെ പിന്നിലായ യുഡിഎഫ് സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുംമുമ്പേ ജനങ്ങളെ അഭിമുഖീകരിക്കാനാവാതെ കുഴങ്ങുകയാണ്. എംപി ഫണ്ട് വിനിയോഗത്തില്‍ ഏറെ പിന്നിലായ കേരളത്തിലെ ലോക്സഭാംഗങ്ങളില്‍ ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പദ്ധതിനിര്‍ദേശങ്ങള്‍പോലും യഥാസമയം സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഫണ്ട് പൂര്‍ണമായി പിന്‍വലിക്കാന്‍പോലും സാധിച്ചില്ല. അനുവദിച്ച 20.60 കോടി രൂപയില്‍ കേവലം 12.65 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. 86.64 ശതമാനം. എം ബി രാജേഷ് എംപി 97.19 ശതമാനം വിഹിതവും ചെലവഴിച്ചപ്പോഴാണ് വടകരയില്‍ അനുവദിച്ച ഫണ്ട് പോലും വിനിയോഗിക്കാനാവാതെ വികസനരംഗത്ത് പിന്നോക്കംപോയത്.

എംപിയായി ഏതാനും മാസത്തിനകം വിഷന്‍ വടകരയെന്ന പേരില്‍ വികസനസെമിനാര്‍ നടത്തി മണ്ഡലത്തില്‍ എന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. വികസനവാഗ്ദാനങ്ങളല്ലാതെ സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളൊന്നും നടപ്പാക്കാന്‍ കേന്ദ്രസഹമന്ത്രിയെന്ന പദവി ലഭിച്ചിട്ടും സാധിച്ചില്ല. കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍ പുതിയ ഒരു പദ്ധതിയും കൊണ്ടുവരാന്‍ എംപിക്ക് സാധിച്ചില്ല. ഏതാനും ശൗചാലയങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ ആകെ ലഭിച്ചത്. നാട് ഏറെ പ്രതീക്ഷയര്‍പ്പിച്ച തലായി ഗോപാലപ്പേട്ട മത്സ്യബന്ധനതുറമുഖ നിര്‍മാണവും പാതിവഴിയിലാണ്. മുന്‍ എംപിമാരുടെ ശ്രമഫലമായി നേടിയെടുത്ത പദ്ധതിയാണിത്. കമ്യൂണിസ്റ്റ്വിരുദ്ധ പ്രസംഗംകൊണ്ടൊന്നും വികസനവിരുദ്ധ മുഖംമിനുക്കാനാവില്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ അടക്കംപറയുന്നു. അഞ്ചുവര്‍ഷത്തെ എംപിയുടെ പ്രവര്‍ത്തനത്തിലൂടെ വടകരയിലെ ജനങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിവും കാര്യപ്രാപ്തിയും മനസിലാക്കിക്കഴിഞ്ഞു. വികസനവിരുദ്ധ പ്രതിഛായയുള്ള വ്യക്തിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് ബുദ്ധിമോശമായെന്ന് ചിന്തിക്കുന്നവര്‍ കോണ്‍ഗ്രസുകാരില്‍തന്നെയുണ്ട്.

"തലശേരി ടെയ്രിന്‍ പാളം തെറ്റി"

റെയില്‍വേസഹമന്ത്രി പ്രഖ്യാപിച്ച ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നേടിയെടുക്കാന്‍ പോലും കഴിയാത്ത എംപി മണ്ഡലത്തില്‍ വിചാരണചെയ്യപ്പെടുന്നു. ലോക്സഭയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും പ്രധാന ടെയിനുകള്‍ക്ക് സ്റ്റോപ്പ് നേടിയെടുക്കാന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സാധിച്ചില്ല. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്യാത്ത എംപിയോട് രാഷ്ട്രീയത്തിനപ്പുറമുള്ള എതിര്‍പ്പാണുയരുന്നത്. തലശേരി സ്റ്റേഷന്‍ വികസനം ഇത്രമാത്രം മുരടിച്ച കാലം ഇതിന് മുമ്പുണ്ടായിട്ടില്ല. സമരങ്ങളും നിവേദനങ്ങളും പലവട്ടമുണ്ടായിട്ടും തലശേരിയിലൂടെ കൂകിപ്പായുന്ന വണ്ടികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. എംപി കൂടി താല്‍പര്യമെടുത്തിരുന്നെങ്കില്‍ ഈ ദുരവസ്ഥമാറുമായിരുന്നു. എന്നാല്‍ അതിനുള്ള സന്മനസുണ്ടായില്ല. റെയില്‍വേ സഹമന്ത്രി മുനിയപ്പ 2012 സെപ്തംബറില്‍ തലശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മരുസാഗര്‍ എക്സ്പ്രസ്, ഹാപ്പ തിരുനെല്‍വേലി ട്രെയിനുകള്‍ക്ക് തലശേരിയില്‍ സ്റ്റോപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വണ്ടികള്‍ ഇപ്പോഴും തലശേരിയിലൂടെ കൂകിപ്പായുന്നു.

മലബാറിലെ പ്രധാന സ്റ്റേഷനായിരുന്നു ഒരുകാലത്ത് തലശേരി. 1901ലാണ് തീവണ്ടി ചൂളംവിളിച്ച് തലശേരിയിലെത്തിയത്. തലശേരിയില്‍ നിര്‍ത്താതെ ഒരു വണ്ടിയും അക്കാലത്ത് കടന്നുപോയിരുന്നില്ല. മറ്റുസ്റ്റേഷനുകളെ അപേക്ഷിച്ച് വലിയ പ്രാധാന്യമാണ് ബ്രിട്ടീഷുകാര്‍ തലശേരിക്ക് കല്‍പിച്ചത്. നൂറ്റാണ്ടിനിപ്പുറം കാര്യങ്ങളെല്ലാം കീഴ്മേല്‍മറിയുകയാണ്. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലായിട്ടും അസൗകര്യങ്ങളില്‍ തലശേരി വീര്‍പ്പുമുട്ടുന്നു. പാലക്കാട് ഡിവിഷനിലെ ആറ് എ ക്ലാസ് സ്റ്റേഷനിലൊന്നായിട്ടും സി ക്ലാസ് പരിഗണനപോലുമില്ല. വയനാട് ജില്ലയുടെ സര്‍വീസ് സ്റ്റേഷന്‍കൂടിയായ തലശേരിയിലൂടെ പതിനെട്ട് വണ്ടിയാണ് നിര്‍ത്താതെ പോവുന്നത്. പാലക്കാട് ഡിവിഷന് കീഴില്‍ ഭക്ഷണശാലയില്ലാത്ത ഏക എ ക്ലാസ്സ്റ്റേഷനാണിത്. സൗകര്യപ്രദമായ വിശ്രമമുറിയില്ല, താമസസൗകര്യമില്ല, ആവശ്യത്തിന് റിസര്‍വേഷന്‍ സൗകര്യമില്ല...അങ്ങനെ പോവുന്നു സ്റ്റേഷന്റെ പരാധീനത. സ്റ്റേഷന്‍ നവീകരണപ്രവൃത്തിയാകട്ടെ പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും വോട്ടിനിറങ്ങുമ്പോള്‍ റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയും ചര്‍ച്ചയാവുകയാണ്.

deshabhimani

No comments:

Post a Comment