Thursday, March 13, 2014

മാണിക്ക് നോട്ടം മകന്റെ സീറ്റ് മാത്രം; അണികളില്‍ അമര്‍ഷം

ഇടുക്കി സീറ്റ് കൈവിട്ട് പോകുമെന്ന് ഉറപ്പായിട്ടും മെല്ലെപ്പോക്ക് സമീപനം തുടരുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ സമീപനത്തില്‍ അണികള്‍ക്ക് അമര്‍ഷം. പഴയ ജോസഫ് വിഭാഗക്കാര്‍ക്കാണ് മാണിയുടെ സമീപനത്തില്‍ കടുത്ത എതിര്‍പ്പ്. ഇരുപാര്‍ടികളും ലയിക്കുമ്പോള്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റ് ജോസഫ് വിഭാഗത്തിനായി കോണ്‍ഗ്രസില്‍നിന്ന് വാങ്ങി നല്‍കുമെന്നായിരുന്നു മാണിയുടെ വാഗ്ദാനം. ഇടുക്കിയില്‍നിന്ന് ജയിച്ചിട്ടുള്ള ഫ്രാന്‍സിസ് ജോര്‍ജ് ഈ നിലയ്ക്ക് പ്രതീക്ഷ പുലര്‍ത്തുകയും ചെയ്തു. പി ജെ ജോസഫിന്റെ ജന്മദേശമെന്ന വൈകാരികതയും ജോസഫ് വിഭാഗക്കാര്‍ക്ക് ഇടുക്കി സീറ്റിനോടുണ്ട്. ഇതിനെല്ലാം പുറമെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മൂലമുള്ള കര്‍ഷക ദുരിതം തെരഞ്ഞെടുപ്പിന് മുമ്പ് സജീവ വിഷയമായത്. ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല സാഹചര്യം രൂപപ്പെടുന്നതായുള്ള ധാരണയും ഇതുണ്ടാക്കി. ജോസഫ് വിഭാഗം നേതാക്കളായ പി സി ജോസഫും ഡോ. കെ സി ജോസഫും സ്ഥാനങ്ങള്‍ ത്യജിച്ചും മാണിയുടെ ഇക്കാര്യത്തിലെ സമീപനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നോബിള്‍ മാത്യുവും സ്ഥാനം രാജിവച്ച് മാണിയെ പ്രതിഷേധം അറിയിച്ചു. ഇതിനെയെല്ലാം തൃണവല്‍ഗണിച്ചാണ് മാണിയുടെ നീക്കങ്ങള്‍. ഇതാണ് ജോസഫ് വിഭാഗത്തെ പ്രകോപിതരാക്കുന്നത്. വരുംദിനങ്ങളിലും കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ നല്‍കുന്ന സൂചന.

ഇക്കുറി മത്സരത്തിന് യുഡിഎഫില്‍ ആദ്യം ഉറപ്പായ സീറ്റ് മാണിയുടെ മകന്‍ കൂടിയായ ജോസ് കെ മാണിയുടേതാണ്. ആദ്യഘട്ടത്തില്‍ തന്നെ പ്രചാരണ ബോര്‍ഡുകളുമായി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ മാണി തന്റെ ഉറച്ച അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ട് ആഴ്ചകളായി. എന്തുവന്നാലും കോണ്‍ഗ്രസിന് കീഴടങ്ങുകയെന്ന മുന്‍ തീരുമാനത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നതായി ജോസഫ് വിഭാഗം നേതാക്കള്‍ പരിതപിക്കുന്നു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരണങ്ങള്‍ നടത്താന്‍ മാണി തയ്യാറായിട്ടില്ല. "സൗഹൃദ മത്സരം പോലുമില്ലെ"ന്ന പ്രഖ്യാപനത്തിലൂടെ വിമത ശബ്ദങ്ങളുയര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നടത്തിയ പരമാര്‍ശങ്ങളുടെ പക അവരുടെ മനസിലുണ്ടാകുമെന്നും മാണി തിരിച്ചറിയുന്നുണ്ട്.

മൊബിലിറ്റി ഹബ് ഇന്നും കടലാസില്‍ മാത്രം

ജോസ് കെ മാണി എംപി സ്വപ്ന പദ്ധതിയായി കൊട്ടിഘോഷിച്ച കോടിമത മൊബിലിറ്റി ഹബ് ഇന്നും കടലാസില്‍ ഉറങ്ങുന്നു. റെയില്‍, റോഡ്, ജല ഗതാഗത സൗകര്യങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുമെന്നായിരുന്നു അവകാശ വാദം. പദ്ധതിയുടെ നിര്‍മാണ ചുമതല ജോസ് കെ മാണി എംപി വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഏറ്റെടുക്കുയുംചെയ്തു. എന്നാല്‍ മൂന്നരവര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കി. ഉമ്മന്‍ചാണ്ടി ചെയര്‍മാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എം മാണി എന്നിവര്‍ സഹ ചെയര്‍മാന്‍ന്മാരുമാണ്. കലക്ടറാണ് എംഡി. 2011-12ല്‍ ജോസ് കെ മാണി അച്ഛനെക്കൊണ്ട് ബജറ്റില്‍ പ്രഖ്യാപനം നടത്തിച്ച് ആരംഭിച്ച പദ്ധതിക്ക് ഇപ്പോഴുള്ളത് പേരിനൊരു കടലാസ് സൊസൈറ്റി മാത്രം. പാസഞ്ചര്‍ ടെര്‍മിനല്‍, നഗരത്തിലെ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, കൊടൂരാറില്‍ തുടങ്ങി വേമ്പനാട്ട് കായല്‍ വഴി ബോട്ട് സര്‍വീസ് എന്നിവയായിരുന്നു സ്വപ്ന പദ്ധതിയുടെ ഉള്ളടക്കം. 600 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കിയത്. ഒന്നും നടന്നില്ല.

ടി പി മോഹന്‍ദാസ്

deshabhimani

No comments:

Post a Comment