Sunday, March 16, 2014

ആര്‍എസ്പിയുടെ മുന്നണി മാറ്റം ഓന്ത് നിറംമാറുംപോലെ: പന്ന്യന്‍

എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറാനുള്ള ആര്‍എസ്പി നേതാക്കളുടെ തീരുമാനം ഓന്തിന്റെ നിറംമാറ്റം പോലെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ടിക്ക് ഇങ്ങനെ നിറംമാറാന്‍ കഴിയുമോ? നേതാക്കളുടെ തീരുമാനത്തില്‍ എന്ത് രാഷ്ട്രീയ ധാര്‍മികതയാണുള്ളത്? ഇവര്‍ക്ക് രാഷ്ട്രീയമില്ലേ? എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോയെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കേണ്ടേ? രാവിലെ ഒരു മുന്നണിയില്‍നിന്ന് ചാടി വൈകിട്ട് അടുത്ത മുന്നണിയില്‍നിന്ന് ലോകസഭാ സീറ്റ് എങ്ങനെ കൈപ്പിടിയിലൊതുക്കിയെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കേണ്ടതുണ്ട്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പാലര്‍ലമെണ്ട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഴിന് രാവിലെവരെ ആര്‍എസ്പി നേതാക്കള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ മുന്നണിയില്‍ ഉഭയകക്ഷി ചര്‍ച്ച സ്വാഭാവികമാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍എസ്പി നേതാക്കള്‍ ഏകപക്ഷീയമായി ഇറങ്ങിപ്പോയി. തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആര്‍എസ്പിക്കായി മറ്റ് കക്ഷികള്‍ കാത്തിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല. എട്ടിന് രാവിലെ ആര്‍എസ്പി യുഡിഎഫിലേക്ക് പോകുന്നതായി വാര്‍ത്ത വന്നയുടന്‍ എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍, ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ടു. പത്തിന് ചേരുന്ന മുന്നണി യോഗത്തില്‍ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു. എന്നാല്‍, തങ്ങള്‍ യുഡിഎഫിലേക്ക് പോകുന്നുവെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇതിന്റെ ധാര്‍മികത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പ്രേമചന്ദ്രന് ലഭിച്ച സീറ്റാണോ ആര്‍എസ്പിയുടെ രാഷ്ട്രീയനയം? ഇന്നലെവരെ എതിര്‍ത്തിരുന്ന രാഷ്ട്രീയത്തെയും നയത്തെയും ഒരു സീറ്റിനായി വരിക്കുകയാണോ രാഷ്ട്രീയ ധാര്‍മികത? സോളാര്‍ അഴിമതിയിലടക്കം മുഖ്യമന്ത്രിയെയും യുഡിഎഫ് സര്‍ക്കാരിനെയും അങ്ങേയറ്റം എതിര്‍ത്തിരുന്ന പ്രേമചന്ദ്രന്‍, ഇക്കാര്യങ്ങളില്‍ തന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് തുറന്നുപറയണം. കൊല്ലത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്തരം നിറംമാറ്റത്തെ അംഗീകരിക്കില്ല. ആര്‍എസ്പി എന്നും ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പാര്‍ടിയുടെ കേന്ദ്രനേതൃത്വം ഇടതു മതേതര മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നു. ഇത് വോട്ടര്‍മാര്‍ തിരിച്ചറിയിന്നുണ്ട്. അഞ്ച് വര്‍ഷത്തെ അഴിമതിയിലും ജനവിരുദ്ധമായ ഭരണത്തിലും പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരമാണ് ലോകസഭാ തെരഞ്ഞെടുപ്പ്. ഈ ജനവഞ്ചനയ്ക്കുള്ള ശക്തമായ തിരിച്ചടി ഭരണമുന്നണിക്ക് ജനങ്ങള്‍ നല്‍കും. ഒപ്പം രാജ്യത്തെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഈ തെരഞ്ഞെടുപ്പ് വിധി എഴുതുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സാംസ്കാരിക-രാഷ്ട്രീയനന്മയുടെ നിറസാന്നിധ്യം

തിരു: സാംസ്കാരിക- രാഷ്ട്രീയ നേതൃത്വത്തിലെ നൈര്‍മല്യമുള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനെ ശ്രദ്ധേയമാക്കി. കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍ തന്റെ ശിഷ്യന്‍കൂടിയായ സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേരാനെത്തി. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ കിളിമാനൂര്‍ ജി ചന്ദ്രശേഖരന്‍നായരും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകരായ നഗരൂര്‍ ബാലനും വലിയവിള പുരുഷോത്തമനുമൊക്കെ പ്രായത്തിന്റെ പരാധീനതകളെ വകവയ്ക്കാതെ എത്തി. യുഡിഎഫിന്റെ ജീര്‍ണതയ്ക്കെതിരെ പോരാടാനുറച്ച് എല്‍ഡിഎഫിന്റെ ഭാഗമായി മാറിയ ജെഎസ്എസിന്റെ സംസ്ഥാന- ജില്ലാ നേതാക്കളും കണ്‍വന്‍ഷനില്‍സജീവമായി രംഗത്തെത്തി.

ആര്‍എസ്പി കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്കുവഹിച്ച ചന്ദ്രശേഖരന്‍നായര്‍ പാര്‍ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ സ്ഥാപക പ്രസിഡന്റാണ്. നാവായിക്കുളം ഡിവിഷനെ പ്രതിനിധാനംചെയ്ത് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗമായി. ആര്‍എസ്പി സ്ഥാപകനേതാക്കളില്‍ ഒരാളും രാജ്യസഭാ അംഗവുമായിരുന്ന ഗോപിനാഥന്‍നായര്‍, അഴിമതിനിരോധന കമീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ബാലഗംഗാധരന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വാസുദേവന്‍നായരും ചന്ദ്രശേഖരന്‍നായരും പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റിയുടെ രക്ഷാധികാരികളാണ്. ജെഎസ്എസിന്റെ ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ ശ്രീധരന്‍, ജില്ലാ സെക്രട്ടറി കല്ലമ്പലം ശിവജി, സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ പാളയം സതീഷ് തുടങ്ങിയവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment