Friday, March 14, 2014

പി കെ സൈനബ: അപരിചിതരില്ലാത്ത ഏറനാട്ടുകാരി

മലപ്പുറത്തിന്റെ പെണ്‍കരുത്തിന്റെ മുഖമാണ് പി കെ സൈനബയുടേത്. അവകാശപ്പോരാട്ടങ്ങളിലും നീതിനിഷേധത്തിനെതിരെയുള്ള സമരങ്ങളിലും മുന്നണിപ്പോരാളി, സഖാവ് കുഞ്ഞാലിയുടെ നാട്ടുകാരിക്ക് എവിടെയും അപരിചിതരില്ല. ചവിട്ടിയരയ്ക്കാന്‍ നില്‍ക്കുന്നവരുടെ മുന്നില്‍ ചെങ്കൊടി ഉയര്‍ത്തി പുരോഗമന പ്രസ്ഥാനത്തിനൊപ്പം നിന്നതിന്റെ അനുഭവ സമ്പത്തുമായാണ് ചുങ്കത്തറ "ഗ്രാന്‍മ"യില്‍ പി കെ സൈനബ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ സൈനബ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റാണ്. സമരമുഖത്ത് നിരവധി തവണ ക്രൂരമര്‍ദനങ്ങള്‍ക്ക് വിധേയയായ സൈനബ തളരാത്ത പെണ്‍കരുത്തിന് ജനവിധി തേടിയാണ് മത്സരത്തിനിറങ്ങുന്നത്.

1983ല്‍ റെയ്ഡ്കോയില്‍ ജീവനക്കാരിയായതോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1985ല്‍ സിപിഐ എം അംഗമായി. അതേവര്‍ഷം ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായി.1990ല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോഡൂര്‍ ഡിവിഷനില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 1995ല്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമീഷന്‍ അംഗമായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ സൈനബ ഒത്തിരിപ്പേര്‍ക്ക് താങ്ങും തണലുമായി. നിരവധി കുടുംബങ്ങള്‍ക്ക് വെളിച്ചം പകരാനും ആലംബഹീനരായ നിരവധി സ്ത്രീകളുടെ കണ്ണീരൊപ്പാനുമാണ് സൈനബ ഈ സ്ഥാനം ഉപയോഗിച്ചത്. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

എടവണ്ണയിലെ ഹസന്‍- ഉണ്ണിക്കാവ് ദമ്പതികളുടെ മകളായി യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ 1962 ലാണ് സൈനബയുടെ ജനം. മൈത്ര ഗവ. എല്‍പി സ്കൂള്‍, എടവണ്ണ ഐഒ ഹൈസ്കൂള്‍, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ ബഷീര്‍ ചുങ്കത്തറയാണ് ഭര്‍ത്താവ്. ചെന്നൈ ഐഐടി വിദ്യാര്‍ഥി അസിം ഹാഷ്മി, തമിഴ്നാട് കേന്ദ്രസര്‍വകലാശാലയില്‍ എംഎ വിദ്യാര്‍ഥിനി പാഷിയ എന്നിവര്‍ മക്കളാണ്.

deshabhimani

No comments:

Post a Comment