Tuesday, March 18, 2014

സലിംരാജിനെ ക്രിമിനല്‍കേസ് പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയില്‍നിന്നാണ് ക്രിമിനല്‍ കേസ് പ്രതിയായ സലിംരാജിന്റെ പേര് ഒഴിവാക്കിയിട്ടുള്ളത്. കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പേര്‍ വിവരപട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. കെ സുധാകരന്‍ എംപിയുടെ മുന്‍ ഗണ്‍മാനെയും പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴാണ് സലിം രാജിനെ ഒഴിവാക്കിയിരിക്കുന്നത്. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ രണ്ട് ഡിവൈഎസ്പിമാരെയുംപട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ സലീം രാജിനെ എങ്ങിനെയാണ് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭൂമിതട്ടിപ്പുകേസിലും നടുറോഡില്‍ യുവതിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതിനും സലീംരാജിനെതിരെ പൊലീസ് കേസുകളുണ്ട്. യുവതിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട്വെച്ച് നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചതാണ് സലീം രാജിനെ. കൂടാതെ സോളാര്‍ തട്ടിപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സലീംരാജിനും പങ്കുണ്ടെന്ന് ആരോപണമുണ്ട്.

കടകംപളളിയില്‍ തണ്ടപേര് തിരുത്തി ഭൂമി തട്ടിപ്പ് നടത്തിയതിനും ഇടപള്ളിയിലും സമാനമായ രീതിയില്‍ ഭൂമിതട്ടിപ്പ് നടത്തിയതിനും ഹൈക്കോടതിയില്‍ സലീംരാജിനെതിരെ കേസുകള്‍ നിലവിലുണ്ട്.

പൊലീസ് ക്രിമിനല്‍ പട്ടിക: സലിംരാജിനെ ഒഴിവാക്കി

തിരു: പൊലീസ് സേനയിലെ ക്രിമിനല്‍ക്കേസ് പ്രതികളുടെ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി. പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതിയും കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനുമായ സതീഷ്, ആനയറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത കേസിലെ എഎസ്ഐ വിജയദാസ്, മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഡിവൈഎസ്പിമാരായ സന്തോഷ്നായര്‍, അബ്ദുള്‍റഹീം എന്നിവരെയും ക്രിമിനല്‍പ്പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായശേഷം തയ്യാറാക്കിയ പട്ടികയില്‍നിന്ന് രാഷ്ട്രീയസ്വാധീനമുള്ളവരെ പൂര്‍ണമായും ഒഴിവാക്കി. പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുദ്യോഗസ്ഥരെപ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനിലായ സലിംരാജിനെ ഒഴിവാക്കിയത്. ആഭ്യന്തരവകുപ്പ് നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നവരെയും പുതുക്കിയ പട്ടികയില്‍നിന്ന് വെട്ടിമാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

ക്രിമിനല്‍ക്കേസില്‍പ്പെട്ടവരെയും സ്വഭാവദൂഷ്യത്തിന് നടപടിക്ക് വിധേയവരായവരെയും തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഈമാസം മൂന്നിന് അംഗീകരിച്ച പട്ടിക തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് സലിംരാജ് ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ പട്ടികയില്‍നിന്ന് മാറ്റിയത്. ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാര്‍, ക്രൈം ബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോള്‍ എന്നിവരാണ് പട്ടിക തയ്യാറാക്കിയത്. വിജിലന്‍സ് ഡയറക്ടര്‍ക്കും ഇന്റലിജന്‍സിനും ഇതിന്റെ പകര്‍പ്പ് നല്‍കി.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 10ന് സലിംരാജും മറ്റൊരു കേസില്‍ പ്രതിയായ റിജോ ഓച്ചിറയും സംഘവും ചേര്‍ന്ന് കോഴിക്കോട്ട് കരിക്കംകുളത്തുവച്ച് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് കേസ്. നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച സലിംരാജിനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സലിംരാജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തു. 2012, 13, 14 വര്‍ഷങ്ങളിലെ ക്രിമിനല്‍ക്കേസ് പ്രതികള്‍, സസ്പെന്‍ഷനിലായവര്‍ തുടങ്ങിയവരുടെ പട്ടിക ആഭ്യന്തരവകുപ്പ് തയ്യാറാക്കിയപ്പോഴാണ് സലിംരാജിനെ ഒഴിവാക്കിയത്. ആഭ്യന്തരമന്ത്രി ഇടപെട്ടാണ് സലിംരാജ് അടക്കം അഞ്ചുപേരെ മാറ്റിയത്. സലിംരാജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഏതാനും നാള്‍ മുമ്പ് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് വിവാദമായതോടെ ഉടനടി ഉത്തരവ് റദ്ദാക്കി തലയൂരി.

deshabhimani

No comments:

Post a Comment