Monday, March 17, 2014

പ്രാഥമിക വിദ്യാഭ്യാസം : ഒന്നില്‍നിന്ന് പതിനാലിലേക്ക്; കേരള മാതൃക തകര്‍ത്തു

വാര്‍ഷിക വിദ്യാഭ്യാസ പുരോഗമന സൂചികയില്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് 14-ാം സ്ഥാനം. 2012-13 വര്‍ഷത്തെ കണക്കെടുപ്പിലാണ് ഈ വെളിപ്പെടുത്തല്‍. 2007ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഒന്നാം സ്ഥാനത്തായിരുന്നു കേരളം. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് വര്‍ഷങ്ങളായി കേരളത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മയാണ് നഷ്ടമായത്. രാജ്യത്തെ 662 ജില്ലകളിലായി 15 ലക്ഷം സ്കൂളുകളില്‍ പഠനം നടത്തി ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂുക്കേഷന്‍ (ഡിഐഎസ്ഇ) ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷന്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷനാണ് ഇഡിഐ റാങ്ക് തയ്യാറാക്കുന്നത്.

യുഡിഎഫ് ഭരണത്തില്‍ 2011-12 വര്‍ഷത്തില്‍ മൂന്നാംസ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്കും ഒരു വര്‍ഷംകൊണ്ട് 14-ാം സ്ഥാനത്തേക്കും പതിച്ചു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വളര്‍ച്ചയിലേക്ക് കുതിക്കുമ്പോഴാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക്. ലക്ഷദ്വീപാണ് ഇഡിഐ റാങ്കിങ്ങില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് പോണ്ടിച്ചേരിയും മൂന്നാംസ്ഥാനത്ത് തമിഴ്നാടും. യാഥാര്‍ഥ്യം മറച്ചുവച്ച് വികസനത്തിന്റെ മാതൃകയായി കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തും ഇക്കാര്യത്തില്‍ പിന്നോട്ടാണ്. ഒമ്പതാം സ്ഥാനത്തായിരുന്ന ഗുജറാത്ത് 18-ാം സ്ഥാനത്തേക്ക്് കൂപ്പുകുത്തി. വിദ്യാഭ്യാസ അവകാശ നിയമം ഫലപ്രദമായി നടപ്പാക്കിയതാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കുതിപ്പിന് കാരണം.
എന്നാല്‍, നിയമത്തെ ഏറ്റവും മോശമായ രീതിയില്‍ വളച്ചൊടിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭത്തിനു വേണ്ടി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അംഗീകാരം വാരിക്കോരി കൊടുത്ത സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. ഇതിനുപുറമെ പാഠ്യപദ്ധതിയും തകര്‍ത്തു. ദേശീയപാഠ്യപദ്ധതിയുടെ ചട്ടക്കൂട് അടിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഈ രീതി ഇല്ലാതാക്കാനുള്ള നീക്കം നടക്കുകയാണ്. കാണാപ്പാഠം പഠിക്കുന്നതിന് പകരം അറിവിന്റെ നിര്‍മാണത്തിന് സഹായകരമായ രീതിയില്‍ പഠനവിഷയങ്ങളെ വിദ്യാര്‍ഥികള്‍ വിമര്‍ശനാത്മകമായി സമീപിക്കണം എന്ന അടിസ്ഥാനതത്വം ഇതോടെ ഇല്ലാതാകും.

കുട്ടികളുടെ പുസ്തകഭാരം ഇല്ലാതാക്കാന്‍ യശ്പാല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസാരം പുസ്തകങ്ങളെ രണ്ടുഭാഗങ്ങളായി വിഭജിച്ച് വര്‍ഷത്തിന്റെ പകുതിയില്‍ പരീക്ഷ നടത്തുന്ന സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍, ഇപ്പോള്‍ പരീക്ഷകളുടെ നടത്തിപ്പ് തോന്നിയപോലെയായി. പ്രൈമറി വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സര്‍വശിക്ഷാ അഭിയാനി (എസ്എസ്എ)ന്റെ നടത്തിപ്പും സംസ്ഥാനത്ത് താളംതെറ്റി. അധ്യാപക സൂചികയില്‍ കേരളം വളരെ പിന്നോക്കം പോയതായും പഠനം വ്യക്തമാക്കുന്നു. അധ്യാപക പരിശീലനവും താളം തെറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവധിക്കാലത്ത് 10 ദിവസം അധ്യാപകര്‍ക്ക് നല്‍കിയിരുന്ന പരിശീലനം ഇപ്പോഴില്ല. മാസത്തിലൊരിക്കല്‍ നടക്കാറുണ്ടായിരുന്ന ക്ലസ്റ്റര്‍ മീറ്റിങ്ങുകളും കടലാസില്‍മാത്രം.

deshabhimani

1 comment:

  1. In the overall ranking, West Bengal and Jharkhand are placed 33rd and 32nd respectively in the composite EDI at primary and upper primary levels of education compared to their respective 33rd and 34th positions in 2006-07 (24 January 2010)
    who was ruling in West Bengal in 2010

    ReplyDelete