Friday, March 14, 2014

എ സമ്പത്ത്: തലയുയര്‍ത്തി മൂന്നാം അങ്കത്തിന്

വികസന നായകന്‍ എന്ന പ്രതിച്ഛായയുമായാണ് എ സമ്പത്ത് ലോക്സഭയിലേക്ക് മൂന്നാം ഊഴം തേടുന്നത്. തുടര്‍ച്ചയായി രണ്ടാംതവണ. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ജി ബാലചന്ദ്രനെ 18,341 വോട്ടിനാണ് തോല്‍പ്പിച്ചത്. 1996ല്‍ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. ആറ്റിങ്ങലായി മാറിയ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മൂന്നാംവയസ്സിലാണ് സമ്പത്ത് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. 1965ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് കെ അനിരുദ്ധന്‍ മത്സരിച്ചപ്പോള്‍, പ്രചാരണത്തിലെ താരം മൂന്നു വയസ്സുകാരനായ മകന്‍ സമ്പത്തായിരുന്നു. ശങ്കര്‍ പരാജയപ്പെട്ടു. 1967ല്‍ ശങ്കറിനെതിരെ ചിറയിന്‍കീഴില്‍ അനിരുദ്ധന്‍ വിജയം വരിച്ചപ്പോഴും സമ്പത്ത് പ്രചാരണരംഗത്തുണ്ട്.

അടിയന്തരാവസ്ഥയില്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായി മാറിയ സമ്പത്ത് 1990ല്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് ഒന്നാം റാങ്കില്‍ എല്‍എല്‍എം നേടി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ തൈക്കാട് വാര്‍ഡിനെ പ്രതിനിധാനംചെയ്തു. തിരുവനന്തപുരം ബാറില്‍ 27 വര്‍ഷമായി അഭിഭാഷകനാണ്. ലോ കോളേജ് അധ്യാപകനായി നിയമനം കിട്ടിയെങ്കിലും ജോലി ഉപേക്ഷിച്ച് പൊതുരംഗത്ത് തുടര്‍ന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ചെയര്‍മാനായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, ദേശീയസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. മയക്കുമരുന്നുനിരോധന നിയമത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. സുധര്‍മയാണ് അമ്മ. ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ എന്‍ജിനിയറായ ലിസി ഇന്ദിരയാണ് ഭാര്യ. അശ്വതി, സമൃദ്ധി എന്നിവര്‍ മക്കള്‍.

deshabhimani

No comments:

Post a Comment