Thursday, March 13, 2014

"ജനസമ്പര്‍ക്കത്തട്ടിപ്പി"ന്റെ മറ്റൊരു ഇര സെക്കീന

മാനന്തവാടി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കാട്ടിക്കുളം ചെമ്പകമൂല പൊലീസ് കുന്നില്‍കളിയാക്കല്‍ സെക്കീനയുടെ(43) മനസിലും ആശ്വാസമായിരുന്നു. ചെറുതാണെങ്കിലും ചികിത്സയ്ക്ക് സഹായം അനുവദിച്ചതിലായിരുന്നു ഇത്. സ്തനാര്‍ബുധം ബാധിച്ച് അവശയായ സെക്കീനയെ സ്ട്രെക്ചറിലാണ് ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിച്ചത്. സക്കീനയുടെ അപേക്ഷ പരിശോധിച്ച മന്ത്രി പി കെ ജയലക്ഷ്മി, എംഎല്‍എമാരായ എം വി ശ്രേയാംസ് കുമാര്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ 30,000 രൂപ ചികിത്സസഹായം അനുവദിച്ചതായി അറിയിച്ചു. പിറ്റേ ദിവസം മാതൃഭൂമി പത്രത്തില്‍ സക്കീനക്കൊപ്പം മന്ത്രിയും എംഎല്‍മാരും നില്‍ക്കുന്ന പടവും വാര്‍ത്തയും അച്ചടിച്ചുവന്നു.

എന്നാല്‍ ജനസമ്പര്‍ക്കം കഴിഞ്ഞ് മാസം മൂന്ന് പിന്നിട്ടിട്ടും സക്കീനക്ക് ചികിത്സസഹായം ലഭിച്ചിട്ടില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവരെ മകള്‍ സുനീറയുടെ ഭര്‍ത്താവ് അബ്ദുള്ള കൂലി പണിയെടുത്താണ് നോക്കുന്നത്. 18 വര്‍ഷം മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാസാമാസം പോകണം. റേഡിയേഷന്‍ ചികിത്സയാണിപ്പോള്‍. ആശുപത്രിയില്‍ പോകാനും മരുന്നിനുമുള്ള തുക പലപ്പോഴും അയല്‍വാസികളും കുടുംബശ്രീ പ്രവര്‍ത്തകരും പിരിവെടുത്താണ് നല്‍കുന്നത്.

പണം കടംമേടിച്ചാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ കല്‍പ്പറ്റയില്‍ എത്തിയത്. അനുവദിച്ച സഹായത്തിന് വില്ലേജ് ഓഫീസില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നാളിതുവരെ വില്ലേജ് ഓഫീസില്‍ പണമെത്തിയിട്ടില്ല. ഉമ്മയ്ക്ക് അനുവദിച്ച ചികിത്സാ സഹായത്തിന് മകള്‍ സുനീറ വില്ലേജ് ഓഫീസ് കയറി മടുത്തു. ചികിത്സയ്ക്കും കുടുംബത്തിന്റെ ചെലവിനുമായി സക്കീനയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും ഇപ്പോള്‍ കൂലിപണിക്ക് പോകുകയാണ്. ചികിത്സയ്ക്കുള്ള പണത്തിനായി സുമനസുകളുടെ കനിവ് തേടുകയാണിവര്‍.

deshabhimani

No comments:

Post a Comment