Thursday, March 13, 2014

ഗൈക്കോ ഫാക്ടറി പൂട്ടിയവര്‍ സ്ഥലവും വിറ്റുതുലയ്ക്കുന്നു

കുറവിലങ്ങാട്: ജില്ലയില്‍ സഹകരണമേഖലയിലെ ഏറ്റവുംവലിയ റബറധിഷ്ഠിത വ്യവസായ സംരഭമായിരുന്ന ഗൈക്കോ ഫാക്ടറി അഴിമതിയും കെടുകാര്യസ്ഥതയുംമൂലം അടച്ചുപൂട്ടിയതിനുപിന്നാലെ, സ്ഥാപനത്തിന്റെ ഭൂമി തട്ടിയെടുക്കുന്നതിനുള്ള ഗൂഢനീക്കങ്ങളുമായി കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിലുള്ള ഭരണസമിതി. മാണിഗ്രൂപ്പിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ നേതൃത്വംനല്‍കുന്ന ഗൈക്കോ ഡയറക്ടര്‍ബോര്‍ഡ് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് എട്ടുകോടിയോളം രൂപ നഷ്ടത്തില്‍പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ വില്‍ക്കാന്‍ ഓഹരിയുടമകളോട് അനുമതി ആവശ്യപ്പെട്ടത്.

ഗൈക്കോയുടെ സെന്‍ട്രിഫ്യൂജിങ് ഫാക്ടറി സ്ഥിതിചെയ്യുന്ന പള്ളിയമ്പിലെ എട്ട് ഏക്കറില്‍നിന്ന് ഒരേക്കറും കുറവിലങ്ങാട് ടൗണില്‍ ഓഫീസ് സുമുച്ചയം സ്ഥാപിക്കുന്നതിന് കണ്ണായ സ്ഥലത്ത്, ആരംഭകാലത്ത് വാങ്ങിയിട്ട 22 സെന്റ് സ്ഥലവുമാണ് ഭരണസമിതിയില്‍തന്നെയുള്ള റിയല്‍ എസ്റ്റേറ്റ് ലോബി തട്ടിയെടുക്കാന്‍ കരുക്കള്‍ നീക്കുന്നത്. ഗൈക്കോയുടെ ഉടമസ്ഥതയിലുള്ള ബാക്കി ഏഴ് ഏക്കറോളംസ്ഥലം ഇന്ത്യന്‍ബാങ്കിന്റെ കോട്ടയംശാഖയില്‍ ഈടുവച്ച് എടുത്തപണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഒരുകോടി 40 ലക്ഷം രൂപയ്ക്ക് ജപ്തിനടപടികള്‍ നേരിടുകയാണ്. കുറവിലങ്ങാട് കേന്ദ്രമായി ഫാ. പോള്‍ പഴേമ്പള്ളിയെന്ന വൈദികന്‍ പടുത്തുയര്‍ത്തിയ റബറധിഷ്ഠിത വ്യവസായസംരംഭങ്ങളില്‍ പ്രധാനപ്പട്ടവയായിരുന്നു ഗൈക്കോ ലിമിറ്റഡ്(ഗാന്ധിഗ്രം അഗ്രോബെയ്സ്ഡ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി). 1997 ല്‍ ഫാ. പോള്‍ പഴേമ്പള്ളി അന്തരിച്ചതു മുതല്‍ അച്ചന്റെ സ്ഥാപനങ്ങളുടെ ഭരണസാരഥ്യം വഹിക്കുന്നത് മന്ത്രി കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടേയും സന്തതസഹചാരികളായ മാണിഗ്രൂപ്പ് നേതാക്കളാണ്.

1987ല്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച ഗൈക്കോയുടെ പള്ളിയമ്പിലെ ലാറ്റക്സ് സെന്‍ട്രിഫ്യൂജിങ് ഫാക്ടറി 1991 ലാണ് ഉല്‍പ്പാദനമാരംഭിച്ചത.് ഫാക്ടറിയില്‍ നേരിട്ട് 80 പേര്‍ക്കും വിവിധ കലക്ഷന്‍ സെന്ററുകളില്‍ 10 പേര്‍ക്കും പരോക്ഷമായി നൂറിലേറെപ്പേര്‍ക്കും തൊഴില്‍ ലഭിച്ചിരുന്ന ഈ ഫാക്ടറി ഒരുവര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കയാണ്. കഴിഞ്ഞ ഫെബ്രുവരി 24 ന് ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത ഓഹരിയുടമകള്‍ക്ക് നല്‍കിയ കണക്കില്‍പ്പറയുന്നത് ഫാക്ടറി എട്ടുകോടി രൂപ (7,96,82574 രൂപ 85 പൈസ) നഷ്ടത്തിലെന്നാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2013 ജനുവരി 29 ന് ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം ഫാക്ടറിയില്‍ ലേഓഫ് പ്രഖ്യാപിച്ചു. ചെറുകിട നാമമാത്ര റബര്‍കര്‍ഷകരുടെ സ്വന്തം റബര്‍അധിഷ്ഠിത വ്യവസായസംരംഭമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഫാ. പോള്‍ പഴേമ്പള്ളി പടുത്തുയര്‍ത്തിയ ഫാക്ടറിയുടെ വാതായനം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മുന്നില്‍ താഴിട്ടുപൂട്ടിയതിനുപിന്നില്‍ പഴേമ്പള്ളിയച്ചന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വ്യവസായസംരഭങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധംനടത്തിയ മാണിഗ്രൂപ്പ് നേതാക്കള്‍തന്നെയാണ്. ആരംഭകാലംമുതല്‍ വളരെചെറിയ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന, കേരളകോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന നൂറോളം കുടുംബങ്ങളാണ് ഫാക്ടറി പൂട്ടിയതോടെ പട്ടിണിയിലായത്.

സി കെ സന്തോഷ് deshabhimani

No comments:

Post a Comment