Wednesday, March 12, 2014

ഡല്‍ഹിയില്‍ തൃണമൂല്‍ - ആര്‍എസ്എസ് സഹകരണം

അണ്ണാ ഹസാരെയുടെ ആശീര്‍വാദത്തോടെ ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സഹായം. ഹസാരെയുടെ പിന്തുണയോടെ ഡല്‍ഹിയില്‍ ഏഴ് ലോക്സഭ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. ഭാവിയില്‍ തൃണമൂലിനെ ബിജെപി പാളയത്തില്‍ എത്തിക്കുക, ഡല്‍ഹിയില്‍ ആം ആദ്മിക്ക് ലഭിക്കാവുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുക എന്നിവയാണ് ലക്ഷ്യം. ബുധനാഴ്ച ഡല്‍ഹി രാംലീല മെതാനിയില്‍ നടക്കുന്ന റാലിയില്‍ ഹസാരെയും മമത ബാനര്‍ജിയും പങ്കെടുക്കും. സംയുക്ത സ്ഥാനാര്‍ഥികളെ റാലിയില്‍ പ്രഖ്യാപിക്കുമെന്നും ഹസാരെയുടെ വക്താവ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രയന്‍ ഇത്സ്ഥിരീകരിച്ചു.

അഴിമതിവിരുദ്ധ പ്രസ്ഥാനവുമായി ഹസാരെ രംഗത്തുവന്നത് ആര്‍എസ്എസ് പിന്തുണയോടെയാണ്. ഡല്‍ഹിയില്‍ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ആളെ കൂട്ടാന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു. എന്നാല്‍, അരവിന്ദ് കെജ്രിവാളും കൂട്ടരും എഎപി രൂപീകരിച്ചത് ഹസാരെയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മോഹങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചത് എഎപിയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസും ബിജെപിയും ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് എഎപി വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള നീക്കം. 30-40 സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തൃണമൂലിനെ പിന്തുണയ്ക്കല്‍. ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിനുശേഷം തൃണമൂലിന് അവരുമായി കൂടുതല്‍ അടുക്കാനാവും. ബുധനാഴ്ചത്തെ റാലിയില്‍ ആളുകളെ എത്തിക്കാനും സംഘപരിവാര്‍ സംവിധാനം ഉപയോഗിക്കും. അരലക്ഷത്തോളം പേര്‍ എത്തിയാലേ രാംലീല മൈതാനം നിറയൂ. ഇതിനുള്ള പിന്തുണയൊന്നും ഹസാരെയ്ക്കും തൃണമൂലിനും ഡല്‍ഹിയില്‍ ഇല്ല. അതേസമയം "ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍" പ്രവര്‍ത്തകര്‍ സഹായിക്കുമെന്ന് ഒബ്രെയന്‍ പറഞ്ഞു. ഹരിയാനയില്‍നിന്നുള്ള ആര്‍എസ്എസുകാരാണ് ഈ സംഘടനയുടെ പേരില്‍ രംഗത്തുള്ളത്. പാര്‍ടി ഓഫീസുകള്‍ സ്ഥാപിക്കാനും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ സഹായിക്കും- "ഒബ്രയന്‍ സമ്മതിച്ചു.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment