Tuesday, March 18, 2014

സുധീരന്റെ അഭിപ്രായം മതേതര അടിത്തറയ്ക്ക് നേരെയുള്ള വെല്ലുവിളി

ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായം രാജ്യത്തിന്റെ മതേതര അടിത്തറയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദേശീയവാദം കലര്‍ന്ന വ്യക്തിത്വമാണ് വാജ്പേയിയുടേതെന്ന് സുധീരന്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. നരേന്ദ്രമോഡി മാത്രം മോശം അദ്വാനിയും വാജ്പേയിയുമെല്ലാം കേമന്മാരും നല്ലവരും എന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസ് നേതാവ് ഇവിടെ പ്രകടിപ്പിച്ചത്.

മോഡി ഉള്ളതുകൊണ്ട് അദ്വാനിക്ക് ഇടം കിട്ടുന്നില്ല എന്ന വേദനയും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. പക്ഷേ, അദ്വാനി ഗാന്ധിനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം ഓര്‍ക്കാതെയാവാം ഇങ്ങനെ പറഞ്ഞിട്ടുള്ളത്. ഇതിലൂടെയെല്ലാം സംഭവിക്കുന്നത് ബിജെപിക്ക് മാന്യത പകരുക എന്ന രാഷ്ട്രീയ ദൗത്യമാണ്. ബിജെപി ഒരു വലതുപക്ഷ പാര്‍ടി മാത്രമല്ല, വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ മുന്നോട്ട് വെക്കുന്ന ആര്‍എസ്എസാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ ശത്രുവാണ്.

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആവശ്യത്തിന്മേല്‍ ദേശവ്യാപകമായി വര്‍ഗീയകലാപവും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ചത് വാജ്പേയി-അദ്വാനി കൂട്ടുകെട്ട് ബിജെപിയുടെ തലപ്പത്തിരുന്ന 1980-കളുടെ രണ്ടാം പകുതിയിലാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം നടത്തിയതിന്റെ പരിണിത ഫലം കൂടിയായാണ് വാജ്പേയിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്. ഇതിനെ ഇന്ത്യന്‍ ജനത തന്നെ പിന്നീട് എതിര്‍ത്ത് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. വാജ്പേയി ബിജെപിയുടെ നേതാവായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും ആര്‍എസ്എസ് മുറുകെപ്പിടിക്കുന്ന വര്‍ഗീയ കാഴ്ചപ്പാട് അടിസ്ഥാനപരമായി ഉപേക്ഷിച്ചിരുന്നില്ല. രാജ്യത്തിന്റെ സമസ്ത മേഖലയിലും ഭരണത്തിന്റെ തണലില്‍ വര്‍ഗീയവല്‍ക്കരണത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടത് ഈ കാലത്താണ്. ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഇക്കാലത്ത് നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്.

വാജ്പേയി-അദ്വാനി കൂട്ടുകെട്ടിന്റെ കാലത്ത് തന്നെയാണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബറി മസ്ജിദ് കാവിപ്പട പൊളിച്ചത്. മുസ്ലീം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള നിലപാടാണ് ബി.ജെ.പി രാഷ്ട്രീയത്തിന്റെ അടിത്തറ. ഈ ആശയം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഉള്‍പ്പെടെ ഒരു സമയത്തും വാജ്പേയി ഉപേക്ഷിച്ചിരുന്നില്ല. കാശ്മീരില്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ട് തീവ്രവാദികള്‍ ഒരുവശത്ത് തലപൊക്കുമ്പോള്‍ അതിനെ തീവ്രമാക്കുന്ന തരത്തില്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ച നേതാവായിരുന്നു വാജ്പേയ്.

ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണോ എന്നതാണ് മതേതരത്വത്തിന്റെ ഭദ്രത പരിശോധിക്കുന്നതിന് പ്രധാന അളവുകോലെന്ന് പ്രഖ്യാപിച്ച നെഹ്രുവിന്റെ ആശയങ്ങളോട് ഒരു തരത്തിലും യോജിച്ച് പോകുന്ന പ്രസ്ഥാനമല്ല ബി.ജെ.പിയും അതിന്റെ നേതാക്കളായ വാജ്പേയിയും അദ്വാനിയുമെല്ലാം. നെഹ്രുവിയന്‍ മാതൃകയിലുള്ള ആസൂത്രണത്തേയും പൊതുമേഖലയുടെ ശീഘ്രഗതിയിലുള്ള വ്യവസായവല്‍ക്കരണത്തേയും ജനസംഘവും ആര്‍.എസ്.എസ് വിഭാഗവും അവരുടെ സൃഷ്ടിയായ ബി.ജെ.പിയും വലതുപക്ഷ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിരന്തരം എതിര്‍ത്തുപോരുകയാണ് ഉണ്ടായത്.

സിപിഐ എം ന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് മുന്നേറാന്‍ കഴിയാതെ പോയതെന്ന് സുധീരന്‍ മനസിലാക്കുന്നത് നല്ലതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പഠിക്കുന്ന ആര്‍ക്കും വാജ്പേയിയിലോ അദ്വാനിയിലോ നെഹ്രുവിന്റെ നിഴല്‍ പോലും കാണാനാവില്ല. എന്നിട്ടും ബി.ജെ.പി നേതാക്കളില്‍ നെഹ്രുവിന്റെ മുഖം കണ്ട സുധീരന്‍ ബി.ജെ.പിയെ പ്രീണിപ്പിച്ച് വോട്ട് നേടാന്‍ നോക്കുകയാണ്. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകളെ തുറന്നുകാട്ടാനും രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത് അത് പ്രചരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ എല്ലാ ജനാധിപത്യ-മതനിരപേക്ഷവാദികളും രംഗത്തുവരണമെന്ന് പിണറായി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment