Thursday, March 13, 2014

ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്

കൊച്ചി: ഡ്യൂട്ടിക്കിടെ തന്നെ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ് ഡിസിസി അംഗത്തിന്റെ മകനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനയെ തിരിച്ചെടുക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊലീസ് ആസ്ഥാനത്ത് നിന്ന് കൊച്ചി സിറ്റ് പൊലീസ് കമ്മീഷണര്‍ക്ക് ലഭിചചു. തന്നെ അന്യായമായാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയതെന്ന് കാണിച്ച് പത്മിനി ഇടപ്പള്ളി സ്റ്റേഷന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പത്മിനിയുടെ പ്രതിഷേധ സമരത്തിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ ലഭിച്ചതോടെ ഗത്യന്തരമില്ലാതെയാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

നവംബര്‍ രണ്ടിനാണ് കലൂര്‍ കതൃക്കടവില്‍ ഡ്യൂട്ടിചെയ്യുകയായിരുന്ന പത്മിനിയെ കാറിലെത്തിയ പ്രതി വിനോഷ് വര്‍ഗീസ് മര്‍ദിച്ചത്. ട്രാഫിക് നിയമം തെറ്റിച്ചത് ചോദ്യംചെയ്ത വാര്‍ഡനെ വിനോഷ് വര്‍ഗീസ് കാറില്‍നിന്നിറങ്ങി ആക്രമിക്കുകയായിരുന്നു. വാര്‍ഡനെ ആക്രമിച്ചതായാണ് എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ എസ്പി അജീതാ ബീഗം സുല്‍ത്താന നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-2ല്‍ സമര്‍പ്പിക്കും.

വാര്‍ഡന്റെ മൊഴി കളവാണെന്നും പ്രതി ഇവരെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നുമായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. മര്‍ദനമേറ്റ സംഭവത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചതായും പത്മിനി പരാതി പറഞ്ഞിരുന്നു. വാര്‍ഡന്‍മാരെ നിയമിക്കുന്നതിന് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സി നല്‍കിയ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അവരോടു ചോദിക്കണമെന്നുമായിരുന്നു ഇടപ്പള്ളി സിഐയുടെ വിശദീകരണം. എന്നാല്‍, ട്രാഫിക് സ്റ്റേഷനില്‍നിന്നുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന് ഏജന്‍സി വ്യക്തമാക്കിയതോടെ കള്ളം പുറത്തായി. ഇതോടെയാണ് പത്മിനി സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ട്രാഫിക് വാര്‍ഡന്‍മാരുടെ യൂണിഫോമിന്റെ നിറം മാറ്റുന്നതിനെതിരെ സമരംചെയ്തവര്‍വരെ പുതിയ പട്ടികയിലുണ്ട്. എന്നാല്‍ പൊലീസ് അധികൃതരുടെ നിര്‍ദേശപ്രകാരം പുതിയ യൂണിഫോം തയ്പിച്ച് എത്തിയിട്ടും പത്മിനിയെ ജോലിക്കു കയറ്റിയില്ല.

deshabhimani

No comments:

Post a Comment