Thursday, March 13, 2014

മോഡി ഭാരതീയരെ കബളിപ്പിക്കുന്നു: ക്രിസ്റ്റി ഫെര്‍ണാണ്ടസ്

പറവൂര്‍: വികസനത്തിന്റെ അപ്പോസ്തലനെന്ന് അഭിമാനിച്ചു നടക്കുന്ന നരേന്ദ്രമോഡി ഭാരതീയരെ കബളിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു. ചേന്ദമംഗലത്ത് പാലിയം സമരസേനാനി എ ജി വേലായുധന്റെ 66-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ തീണ്ടലും തൊടീലും നിലനില്‍ക്കുകയാണ്. ലക്ഷക്കണക്കായ പിന്നോക്ക വിഭാഗക്കാര്‍ക്ക് മുഖ്യധാരയിലേക്കു വരാന്‍ പറ്റുന്നില്ല. ഒരുകാലത്ത് കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിച്ച ജാത്യാധിഷ്ഠിതമായ ആചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മോഡി പുരോഗമനത്തിന്റെ വക്താവാകുന്നത്.

12 വര്‍ഷം ഗുജറാത്തില്‍ കലക്ടറായിരുന്നപ്പോള്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. മോഡിയുടെ നയങ്ങള്‍ക്കെതിരായ വിയോജിപ്പുമൂലമാണ് ഞാന്‍ ഗുജറാത്തില്‍നിന്ന് പടിയിറങ്ങിയത്. ഇതിനേക്കാള്‍ അപകടകരമായ നിലയിലാണ് കോണ്‍ഗ്രസ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ അടിമത്തത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കാന്‍ എല്ലാ തത്വസംഹിതകളും വലിച്ചെറിഞ്ഞാണ് കോണ്‍ഗ്രസ് ഭരണം നടത്തുന്നത്.

ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ശക്തികള്‍ 1957 മുതല്‍ ജനങ്ങള്‍ക്ക് നേടിക്കൊടുത്ത സാമ്പത്തിക സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളെ പുതിയ തലമുറ മനസ്സിലാക്കേണ്ടത്. കേരളം ആര്‍ജിച്ച എല്ലാ പുരോഗതിയും ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഇത് നിലനിര്‍ത്തുന്നതിനായുള്ള വലിയ പോരാട്ടത്തിന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി കൂടിയേതീരൂ എന്ന തിരിച്ചറിവാണ് എന്നെ ഇടതുപക്ഷ പ്രസ്ഥാനത്തോട് അടുപ്പിച്ചതെന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.

deshabhimani

1 comment:

  1. There are two mistakes that can not happen from a comrade:
    1. Dont use the term "bharatheeya"; that sounds upper caste hindu ;;;
    2."മോഡിയുടെ നയങ്ങള്‍ക്കെതിരായ വിയോജിപ്പുമൂലമാണ് ഞാന്‍ ഗുജറാത്തില്‍നിന്ന് പടിയിറങ്ങിയത്. ഇതിനേക്കാള്‍ അപകടകരമായ നിലയിലാണ് കോണ്‍ഗ്രസ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. " You cant say congress is worse than BJP. Just say both are equally bad

    ReplyDelete