Sunday, March 16, 2014

സംവാദം തീപാറി; എംപി വിയര്‍ത്തു

പത്തനംതിട്ട: നാടിന്റെ വികസനം സംബന്ധിച്ചും അഴിമതിയും വിലക്കയറ്റവും പോലുള്ള ജനങ്ങളെ ആകുലപ്പെടുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും യുക്തിഭദ്രവും ജനപക്ഷവുമായ നിലപാടുകള്‍ ആവര്‍ത്തിച്ച് അഡ്വ. പീലിപ്പോസ് തോമസ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവരുദ്ധ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ പാടുപെട്ടും എതിരാളികളെ പഴിചാരിയും ജനകീയ സമരങ്ങളെ അവഹേളിച്ചും ആന്റോ ആന്റണി. കേന്ദ്രസര്‍കാരിന്റെ അഴിതിക്കെതിരെ വിമര്‍ശിക്കുമ്പോഴും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വര്‍ഗീയ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പതറി എം ടി രമേശ്. പാര്‍ലന്റെ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ്്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം തീപാറി.

ആറന്മുള വിമാനത്താവളത്തിനു പിന്നിലെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നിയമലംഘനങ്ങളുടെ പരമ്പര എണ്ണിയെണ്ണി പറഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ പീലിപ്പോസ് തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാസ്പ്പോര്‍ട്ട് സേവനകേന്ദ്രം ജില്ലക്ക് കിട്ടാതെ പോയത്, തിരുവല്ല റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന, ജില്ലയിലെ പ്രാധാന കൃഷിയായ റബറിന്റെ വിലയിടിവ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭീഷണയില്‍പെട്ട കര്‍ഷകരുടെ ദുരിതം, കേന്ദ്ര സര്‍വകലാശാല, നബാര്‍ഡ് ഓഫീസ് എന്നിവ നഷ്ടമായത്, സെന്‍ട്രല്‍ സ്കൂളിന്റെ ദുരവസ്ഥ, തുടങ്ങിയവ അഡ്വ പീലിപ്പോസ് തോമസ് അക്കമിട്ട് നിരത്തി. ജില്ലക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിച്ചില്ല എന്നു സ്ഥാപിക്കാനും അദ്ദേഹത്തിനായി. കേന്ദ്രം കേരളത്തിന് 50,000 കോടിരൂപയുടെ പദ്ധതികള്‍ തന്നുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ നല്‍കിയ പരസ്യം ഉയര്‍ത്തിക്കാട്ടിയാണ് ഇക്കാര്യം അദ്ദേഹം സമര്‍ഥിച്ചത്. ശബരിമല വികസനത്തിന് ടൈഗര്‍ റിസര്‍വില്‍ നിന്ന് സ്ഥലം വിട്ടുതന്നുവെന്നും നിലയ്ക്കലില്‍ ഫാമിങ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്ന 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിനായി വിട്ടുതന്നുവെന്നും മാത്രമാണ് ജില്ലയെക്കുറിച്ച് പരസ്യത്തിലുള്ളത്. ഇവ 2005ല്‍ കൊടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിന് കൂട്ടായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിനെ വേള്‍ഡ് നേഴ്സിങ് കൗണ്‍സിലില്‍ അംഗമാക്കിയതും പുകയില ഉല്‍പനങ്ങള്‍ നിരോധിക്കാന്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും നേട്ടമായി യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എം പി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ പ്രാദേശിക വികസനത്തിലെ പാളിച്ചകള്‍ ഉയര്‍ത്തികാണിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിനായില്ല. ആറന്മുള വിമാനത്താവളത്തിന് ക്രമ വിരുദ്ധമായ അനുമതികള്‍ നല്‍കിയത് മുന്‍ സര്‍ക്കാരാണെന്ന് ആരോപിച്ച എംപിയോട് അങ്ങനെയെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി തുടരുന്നതെന്തിനെന്ന ചോദ്യത്തില്‍ ഉത്തരം മുട്ടി.

വിമാനത്താവള പദ്ധതിക്ക് പിന്നില്‍ ടു ജി സ്പെക്ട്രത്തിന്റെ അഴിമതിപണമുണ്ടല്ലോ എന്ന ചോദ്യത്തില്‍ നിന്നും തനിക്കറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആറന്മുളയിലെ നിലം നികത്തല്‍ മൂലം അപ്പര്‍കുട്ടനാട്ടിലും വെള്ളം പൊങ്ങുന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ നിലം നികത്തല്‍ നേരത്തെ നടന്നതാണെന്നായിരുന്നു മറുപടി. പാസ്പോര്‍ട്ട് സേവന കേന്ദ്രം നഷ്ടമായതില്‍ ദുഖമുണ്ടെന്നും ആന്റോ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി രണ്ട് ദിവസത്തെ ക്യാമ്പ് നടത്താനായി. എല്ലാ ട്രെയിനിനും സ്റ്റോപ്പ് അനുവദിക്കാനാകില്ല. തിരുവല്ലയില്‍ പത്തു ട്രെയിനിന് സ്റ്റോപ്പുണ്ട്. അത്യാവശ്യക്കാര്‍ക്ക് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കാവുന്നതാണ്. പാചകവാതക സബ്സിഡിക്കായി ആധാര്‍ ബന്ധിപ്പിച്ച ലക്ഷങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ചോദ്യത്തിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണെന്നായിരുന്നു മറുപടി. പരിസ്ഥിതിവാദികള്‍ക്കെതിരായ ആന്റോയുടെ പരാമര്‍ശങ്ങള്‍ കെപിസിസി പ്രസിഡന്റിനുള്ള മറുപടിയാകാമെന്ന് എംടി രമേശ് തിരിച്ചടിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷനായി. സെക്രട്ടറി സജിത് പരമേശ്വരന്‍ നന്ദി പറഞ്ഞു.

എംപിയുടെ സ്വപ്ന പദ്ധതി ആറന്മുളയ്ക്ക് ദുഃസ്വപ്നമായി: പീലിപ്പോസ്

പത്തനംതിട്ട: എംപിയുടെ സ്വപ്ന പദ്ധതി ആറന്മുളയുടെ ദുഃസ്വപ്നമായെന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥി അഡ്വ പീലിപ്പോസ് തോമസ്. പാര്‍ലന്റെ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റ് കള്ളപ്പണത്തിന്റെ അംബാസഡറായി ജനപ്രതിനിധി മാറരുത് എന്നദ്ദേഹം ഓര്‍മിപ്പിച്ചു. ആറന്മുളയുടെ ജനവികാരം എംപി മാനിക്കണം. നാടിന്റെ സംസ്ക്കാരവും പൈതൃകവും കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവയ്ക്കുന്ന ആറന്മുള വിമാനത്തവള പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതികവും വിശ്വാസപരവുമായ പ്രശ്നങ്ങള്‍ അഡ്വ പീലിപ്പോസ് തോമസ് കൃത്യമായി വിശദീകരിച്ചു. പദ്ധതി പ്രദേശത്ത് 1500 ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് പിന്‍വലിക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതുവരെ ഈ തീരുമാനം നടപ്പാക്കിയില്ല. പുറമ്പോക്കു ഭുമി നല്‍കിയതും ഭൂപരിധി നിയമത്തില്‍ ഇളവു ചെയ്തു കൊടുത്തത്തും യുഡിഎഫ് സര്‍ക്കാരാണ്. നിയമ വിരുദ്ധമായ അനുമതികള്‍ ലഭ്യമാക്കാനായി കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി. കളപ്പണമൊഴുക്കുന്നതിനുള്ള പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ പത്തു ശതമാനം ഓഹരിയും എടുത്തു. സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തുമെന്ന ഉറപ്പും പാലിച്ചില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ തെറ്റ് തെറ്റെന്ന് പറയാനുള്ള ആര്‍ജവം കാട്ടണം. ഏറെ പ്രവാസികളുള്ള ജില്ലയില്‍ പാസ്പോര്‍ട്ട് സേവന കേന്ദ്രം ഇല്ലാത്തത് വലിയ പോരായ്മയാണ്. ആറന്മുള വിമാനത്താവളത്തിന് ക്രമരഹിതമായ അനുമതികള്‍ റോക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാനുള്ള ഉന്നതബന്ധങ്ങളുള്ള എം പി ഇക്കാര്യം അവഗണിച്ചത് ശരിയായില്ല.

ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ആറ് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ല. സമീപത്തുള്ള ചെങ്ങന്നൂര്‍, ചങ്ങനാശേരി സ്റ്റേഷനില്‍ പോലും മികച്ച സൗകര്യമുണ്ട്. റബര്‍ വിലയിടിവ് മൂലം കര്‍ഷര്‍ ആത്മഹത്യയുടെ വക്കിലാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കണം. കുടിയിറക്കപ്പെടുന്നവര്‍ക്കേ ആ വേദന അറിയാനാകൂ. കരടു വിജ്ഞാപനം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ല. യുപിഎ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത മന്ത്രിമാര്‍ മത്സരരംഗത്തുനിന്ന് പിന്‍വാങ്ങുന്നത് പരാജയ ഭീതി മൂലമാണ്. പ്രാദേശിക കക്ഷികളുടെ ഐക്യനിര ഉണ്ടാക്കുന്ന ശക്തികള്‍ക്കാണ് പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന 25 പേരല്ല ജനങ്ങള്‍: ആന്റോ ആന്റണി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സമരം ചെയ്യുന്ന 25 പേരല്ല ജനങ്ങളെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. സംവാദത്തില്‍ സംസാരിക്കുകയായിരുന്നു എം പി. പരിസ്ഥിതിവാദികള്‍ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കയാണ്. കണ്ണൂര്‍ വിമാനത്താവളത്തിനും, നെടുമ്പാശേരിയില്‍ ഗോള്‍ഫ് ക്ലബ്ബിനുമായി നിലം നികത്തിയപ്പോള്‍ ഈ പരിസ്ഥിതി വാദികള്‍ എവിടെയായിരുന്നു എന്നു പറഞ്ഞായിരുന്നു എംപിയുടെ അധിക്ഷേപം. നാടിന്റെ വികസനത്തിനൊപ്പമാണ് എം പി നില്‍ക്കേണ്ടത്. വിമാനത്താവളം നാടിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പരിസ്ഥിതിവാദികള്‍ പറയുന്നതില്‍് എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ചേരാമെന്നും ആന്റോ വെല്ലുവിളിച്ചു. ഗ്രാമീണ റോഡുകള്‍, എന്‍ആര്‍എച്ച്എം, നീര്‍ത്തട വികസനപദ്ധതികളിലായി കോടിക്കണക്കിന് രൂപ അനുവദിച്ചു. വിദ്യാഭ്യാസ വായ്പക്ക് പലിശ ഇളവു ചെയ്യാനായി കേന്ദ്രത്തില്‍ ഇടപെട്ടു. ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും യുപിഎ സര്‍ക്കാരിന്റെ വന്‍ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പട്ടു.

ജനങ്ങളുടെ വിമോചനത്തിന് ബദല്‍ നയങ്ങള്‍ ആവശ്യം: മാത്യു ടി തോമസ്

പത്തനംതിട്ട: ജനങ്ങളുടെ വിമോചനത്തിന് കോണ്‍ഗ്രസ് നയപരിപാടികള്‍ക്ക് ബദലായ നയമാണ് ആവശ്യമെന്നും ആ നയം നടപ്പാക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം നമ്മെ പ്രതിനിധീകരിച്ച വ്യക്തിക്ക് നാടിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ 200 കോടിയൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാല്‍, ഇരുപതിനായിരം രൂപയുടെ പോലും വികസനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു കേന്ദ്രീയ യുണിവേഴ്സിറ്റി തിരുവല്ലയില്‍ സ്ഥാപിച്ചതായി അവകാശപ്പെടുന്നുണ്ട്. ഭൂതക്കണ്ണാടി വച്ചു നോക്കിയിട്ടും അതെവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. യുപിഎ രണ്ടു സര്‍ക്കാരിന്റെ കാലത്ത് കുംഭകോണങ്ങളുടെ കാലമായിരുന്നു. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി എടുത്തുകളഞ്ഞു. വന്‍കിട കോര്‍പറേറ്റുകള്‍ക് കോടികളുടെ ആനുകൂല്യം നല്‍കുകയും ചെയ്തു. വിലവര്‍ധനയിലുടെ ജനജീവിതം ദുരിതപൂര്‍ണമാക്കി. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങളുടെ വിലയിടിച്ച് കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. ജനവിരുദ്ധ നയങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയപ്പോള്‍ എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ത്തിയ ആളാണ് പീലിപ്പോസ് തോമസ്. ആറന്മുള വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ആദ്യം എതിര്‍പ്പുയര്‍ത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങും: എം വി ഗോവിന്ദന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങാന്‍ പോവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബിജെപി അധികാരത്തില്‍ വരുമെന്നും അവര്‍ വര്‍ഗീയത സൃഷ്ടിക്കുമെന്നും പ്രചരിപ്പിച്ച് കോണ്‍ഗ്രസ് വോട്ടു തട്ടാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരണം. കമ്യുണിസ്റ്റുകള്‍ വിശ്വാസികള്‍ക്കെതിരല്ല. മതവിരുദ്ധമായ പ്രസ്ഥാനമല്ല ഇടതുപക്ഷം. വിശ്വാസത്തിനും മതത്തിനും എതിരാണെന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍, വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരു കുറവും ഉണ്ടാവില്ല. ഒരു വിശ്വാസിക്ക് തീവ്രവാദിയോ വര്‍ഗീയവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയാത്തതുപോലെ ഒരു തീവ്ര വാദിക്ക് ഒരിക്കലും ഒരു വിശ്വാസിയാകാനും കഴിയില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപിയുടേതും. ജനദ്രോഹകരമായ നയങ്ങള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസ്, ബിജെപി കക്ഷികളെ പരാജയപ്പെടുത്തി മൂന്നാം മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ എല്‍ഡിഎഫ് പ്രതിനിധികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment