Tuesday, March 18, 2014

ആര്‍എംപി യുഡിഎഫിന്റെ ബി ടീം : ബെര്‍ലിന്‍

യുഡിഎഫിന്റെ ബി ടീമാണ് ആര്‍എംപിയെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിന് ഉത്തരവാദി യുഡിഎഫാണ്. അദ്ദേഹത്തിന് നല്‍കിയ പൊലീസ് സംരക്ഷണം പിന്‍വലിച്ചത് അവരാണ്. കമ്യൂണിസ്റ്റ് പാരമ്പര്യം ഉപേക്ഷിച്ച പാര്‍ടിയാണ് ആര്‍എംപി. ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. വിചാരണ കഴിഞ്ഞകേസില്‍ സിബിഐ അന്വേഷിക്കണണെമെന്ന ആവശ്യപ്പെട്ട് സമരം നടത്തിയത് യുഡിഎഫിന് വേണ്ടിയാണെന്ന് ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്ററി വ്യാമോഹത്തില്‍ പിറന്ന പാര്‍ടിയാണ് ആര്‍എംപി. അതേ പാതയിലാണ് ഇപ്പോഴും സഞ്ചാരം. കമ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടാനാവില്ല. റെവലൂഷനും മാക്സിസവുമെന്നും ആര്‍എംപിക്കില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറിടത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യുഡിഎഫിനെ സഹായിക്കാനാണ്. വടകരയില്‍ കുമാരന്‍കുട്ടിയെ നിര്‍ത്തുന്നത് യുഡിഎഫിന് ഗുണം കിട്ടാനാണ്. ചന്ദ്രശേഖരനുണ്ടായിരുന്നപ്പോള്‍ മൂന്ന് ലോകസഭ മണ്ഡലങ്ങളിലായി 42000 വോട്ടുലഭിച്ചിരുന്നു. ഇക്കുറി ആ വോട്ടും ലഭിക്കില്ല.

ചന്ദ്രശേഖരന്‍ വധക്കേസ് എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍എംപിക്കുള്ളത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ആര്‍എംപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന ആര്‍എംപിയുമായി യോജിച്ച് പോകാനാവില്ലെന്ന് സംഘാടകരെ അറിയിച്ചു.വിലക്കയറ്റവും അഴിമതിയും പോലുള്ള കാതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വഴിതിരിച്ചുവിടാന്‍ യുഡിഎഫ് ചന്ദ്രശേഖരന്‍ വധം ആയുധമാക്കുകയാണ്.

കെ ആര്‍ ഗൗരിയമ്മ ഇടതുപക്ഷത്തേക്ക് തിരിച്ചവന്നത് ആവേശകരമാണ്. ഗൗരിയമ്മ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്താണ്. ഇതുപോലെ വിവിധ ഘട്ടങ്ങളിലായി വിട്ടുപോയവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. സംസ്ഥാനത്ത് എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റ് നേടും. ഇടതുപക്ഷത്തിന് പരമ്പരാഗതമായി സംസ്ഥാനത്ത് 48 ശതമാനം വോട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഇടതുപക്ഷം തിളങ്ങിനില്‍ക്കുന്ന ഘട്ടത്തില്‍ യുഡിഎഫിന് വിജയ സാധ്യത കുറവാണെന്നും ബെര്‍ലിന്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment