Sunday, March 16, 2014

യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ അഴിമതിക്കാര്‍

ന്യൂഡല്‍ഹി: ആരോപണവിധേയരെയും അഴിമതിക്കേസില്‍പെട്ടവരെയും കുത്തിനിറച്ചതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെന്ന് കെപിസിസി നിര്‍വാഹകസമിതിയംഗം നിയാസ് ചിതറ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍വാഹകസമിതി അംഗത്വവും പ്രാഥമികാംഗത്വവും രാജിവച്ചതായും നിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിക്കാരെയും ആരോപണവിധേയരെയും മാറ്റിനിര്‍ത്താന്‍ ആദര്‍ശധീരനെന്ന് അവകാശപ്പെടുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തയ്യാറായില്ല. സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയേണ്ടയാളെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാനാകില്ല. സ്വന്തം നാട്ടില്‍ തോറ്റയാളാണ് ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥി. ആലപ്പുഴയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികള്‍ സോളാര്‍ കേസില്‍ ആരോപണവിധേയരാണ്. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തയാളാണ് വയനാട്ടില്‍.

ആദര്‍ശം പറയുകയും സ്ഥാനങ്ങള്‍ രഹസ്യമായി നേടുകയും ചെയ്യുന്നയാളാണ് സുധീരന്‍. രാഹുല്‍ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ് മോഹന്‍ ഗോപാലാണ് സുധീരനെ കെപിസിസി പ്രസിഡന്റാക്കാന്‍ ചരടുവലിച്ചത്. ഇതിന് പ്രത്യുപകാരമായി രാജ്യസഭാസീറ്റിന് ശ്രമിച്ചു. പ്രസിഡന്റാകുംമുമ്പുള്ള നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ സുധീരന് ആകുന്നില്ല. ആറന്മുള വിഷയത്തില്‍നിന്ന് പിന്നോട്ടുപോയതും നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ സാധിക്കാത്തതും ഇതിന് തെളിവാണ്. ആര്‍എസ്പി എല്‍ഡിഎഫില്‍നിന്ന് പുറത്ത് പോയതിന് പിന്നില്‍ ബിജെപി ബന്ധങ്ങളുണ്ടെന്നും നിയാസ് പറഞ്ഞു. ഈ മാസം ആദ്യം ഡല്‍ഹിയിലെത്തിയ എന്‍ കെ പ്രേമചന്ദ്രന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. അതേസമയം നിയാസ് ചിതറയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സസ്പെന്‍ഡ് ചെയ്തു.

deshabhimani

No comments:

Post a Comment