Sunday, March 16, 2014

ആധാര്‍ പദ്ധതി: പാര്‍ലമെന്റ് നോക്കുകുത്തി

പാര്‍ലമെന്റിനെ അവഗണിച്ചും പരിഹസിച്ചുമാണ് ആധാര്‍ പദ്ധതിയുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോയത്. ആധാറിന് നിയമപ്രാബല്യം നല്‍കാനുള്ള നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യാ ബില്‍ (2010) പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. മാത്രമല്ല, ബില്‍ പരിശോധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അത് തീര്‍ത്തും അസ്വീകാര്യമാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ബില്‍ പാസായിട്ടില്ലെങ്കിലും ഏതാണ്ട് ആറുകോടിപ്പേര്‍ക്ക് ആധാര്‍ കാര്‍ഡ് കൊടുത്തുവെന്നാണ് അതോറിറ്റി അവകാശപ്പെടുന്നത്. 4000 കോടി രൂപ അതിനായി പൊടിച്ചു. ബില്‍ പാസായിട്ടില്ലെങ്കിലും പദ്ധതി നടപ്പാക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. പാര്‍ലമെന്ററി കമ്മിറ്റി അതിനെ ചോദ്യംചെയ്യുന്നു. ബില്‍ പരിഗണനയിലിരിക്കെയുള്ള ഏത് സര്‍ക്കാര്‍നടപടിയും അധാര്‍മികവും പാര്‍ലമെന്റിന്റെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കമ്മിറ്റി പറഞ്ഞു. യശ്വന്ത് സിഹ്ന അധ്യക്ഷനായ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്ലിനോടുള്ള എതിര്‍പ്പിന്റെ കാരണം അതിന്റെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ താമസക്കാരും ആധാര്‍ എടുത്തിരിക്കണമെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്. അതനുസരിച്ചാല്‍ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരും ആധാറിന് അവകാശികളാകും. പൗരന്മാരല്ലാത്തവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കമ്മിറ്റി പറഞ്ഞു.

1. ആധാര്‍ പദ്ധതി എന്തിനെന്ന കാര്യത്തില്‍ വ്യക്തതയില്ല. തുടക്കത്തില്‍ ബിപിഎല്ലുകാരെ ഉദ്ദേശിച്ചായിരുന്നു ആധാര്‍. പിന്നീട് എല്ലാവര്‍ക്കുമായി. ശേഖരിക്കുന്ന വിവരങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കാമെന്ന് വ്യക്തമല്ല. വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയെപ്പറ്റിയും തീര്‍ച്ചയില്ല. ആധാറും എന്‍പിആറും കൂടിക്കുഴയുന്ന സ്ഥിതിയുണ്ട്.

2. പൗരത്വനിയമം ഭേദഗതിചെയ്യാതെ ബയോമെട്രിക് വിവരശേഖരണം നടത്തുകയും അവ വ്യക്തിപരമായ വിവരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് ഉപനിയമനിര്‍മാണത്തിന്റെ പരിധിക്കപ്പുറമാണ്. ഇക്കാര്യം പാര്‍ലമെന്റ് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

3. പൊതുവായ തിരിച്ചറിയല്‍രേഖയായി ആധാര്‍ നിലനില്‍ക്കുമെന്ന സര്‍ക്കാര്‍ അവകാശവാദത്തിന് അടിസ്ഥാനമില്ല. വിലാസം തെളിയിക്കാന്‍ മറ്റ് രേഖകളും ആവശ്യമായി വരും. ആധാറിനുപുറമെ വ്യക്തികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് കാര്‍ഡ് വിതരണംചെയ്യുന്നുണ്ട്. അത് പലതരത്തിലുള്ള കൃത്രിമങ്ങള്‍ക്കും ഇടവരുത്തും.

4. സ്വകാര്യ ഏജന്‍സികളെ ഇതുമായി ബന്ധപ്പെടുത്തുന്നതിലുള്ള സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം ഗൗരവമായ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയസുരക്ഷയ്ക്ക് ഇത് ഭീഷണിയായേക്കും.

5. ആധാര്‍ നിര്‍ബന്ധമല്ലെന്നാണ് പദ്ധതിയില്‍ പറയുന്നത്. എന്നാല്‍, ഭാവിയില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇത് ഇടയാക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ 20 കോടി ജനങ്ങള്‍ക്ക് കാര്‍ഡ് നല്‍കാനാണ് അതോറിറ്റിയെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. അതിനപ്പുറത്തേക്ക് പോയില്ലെങ്കില്‍ ചെയ്തതും പാഴാകും.

6. ഭാരിച്ച ചെലവ്, സങ്കീര്‍ണമായ പ്രക്രിയ, പരീക്ഷിക്കപ്പെടാത്തതും സുരക്ഷിതമല്ലാത്തതും വിശ്വസിക്കാന്‍ കഴിയാത്തതുമായ സാങ്കേതികവിദ്യ, സുരക്ഷാഭീഷണി മുതലായവ കണക്കിലെടുത്താണ് ബ്രിട്ടന്‍ ഇത്തരമൊരു പദ്ധതി ഉപേക്ഷിച്ചത്. എന്നാല്‍, ഇതൊക്കെ ആസൂത്രണമന്ത്രാലയം അവഗണിച്ചു.

7. വ്യക്തികളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നിയമപരമായി ഉറപ്പാക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറ്റത്തിന് ഇത് വഴിയൊരുക്കും. വിവരങ്ങളുടെ ദുരുപയോഗം, നിരീക്ഷണം, നുഴഞ്ഞുകയറ്റം എന്നിവ നടക്കും. ദേശീയ വിവരശേഖര സംരക്ഷണനിയമം കൊണ്ടുവരാതെ ഇത് നടപ്പാക്കുന്നത് ഭവിഷ്യത്തുണ്ടാക്കും.

8. ജനിതക സ്ഥിതിവിവരശേഖരണത്തിലൂടെ വ്യക്തികളെ തിരിച്ചറിയാനുള്ള കുറ്റമറ്റസംവിധാനം സാധ്യമാകുമെന്ന് ഉറപ്പില്ല. വിരലടയാള വിവരശേഖരണത്തില്‍ പാകപ്പിഴ സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് ജനിതക സ്ഥിതിവിവര നിലവാരസമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്നവരുടെ വിരലടയാളത്തില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കും. ഇന്ത്യപോലുള്ള രാജ്യത്ത് ഇതിന്റെ നിരക്ക് കൂടുതലായിരിക്കും. ആളുകളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ ഏകദേശം 15 ശതമാനം പരാജയം വരാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment