Tuesday, March 18, 2014

അവിസ്മരണീയം ആ സാംസ്കാരിക പോരാട്ടം....

മലബാറിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ഇ കെ മാധവന് ഇന്നും മനസില്‍ നിന്നും മായാത്ത ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുണ്ട്. 1962ല്‍ കേരളത്തിലെ രണ്ട് സാംസ്കാരിക നായകരുടെ നേരിട്ടുള്ള പോരാട്ടം. മത്സരരംഗത്ത് സുകുമാര്‍ അഴീക്കോടും എസ്കെ പൊറ്റക്കാടും. ഇതിന് വേദിയായതാകട്ടെ വയനാട്ടിലെ ഒരു ഭാഗം ഉള്‍പ്പെട്ട തലശ്ശേരി മണ്ഡലം. തന്നെപോലെയുള്ള യുവാക്കളെ കുറച്ചൊന്നുമല്ല ഈ തെരഞ്ഞെടുപ്പ് സ്വാധീനിച്ചതെന്ന് തരുവണയിലെ വീട്ടിലിരുന്ന് മാധവന്‍ ഓര്‍ത്തെടുക്കുന്നു. സുകുമാര്‍ അഴീക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെങ്കില്‍ എസ്കെ പൊറ്റക്കാട് മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ഥി. പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് തുടങ്ങിയ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിച്ചാണ് രണ്ട് സ്ഥാനാര്‍ഥികളും പ്രചാരണം നടത്തിയത്. നാട്ടിലെ പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി. തെക്കേ വയനാട്ടില്‍ ജിനചന്ദ്രനും രാധാഗോപി മേനോനും ആയിരുന്നു പ്രചാരണചുമതല. ജിനചന്ദ്രന്റെ മണിയങ്കോട് കളത്തില്‍ വീട്ടില്‍ താമസിച്ചായിരുന്നു പ്രവര്‍ത്തങ്ങള്‍ . കല്‍പ്പറ്റയില്‍ കല്ലങ്കോടന്‍ അഹമ്മദ് ഹാജി, സൂപ്പി ഹാജി എന്നിവരും സജീവമായിരുന്നു. നെടുന്നലത്ത് വര്‍ദ്ധമാനഗൌഡര്‍ , കൈനാട്ടി രാമകുറുപ്പ് എന്നിവരും പ്രചാരണ രംഗത്തുണ്ടായിരുന്നു . ചെമ്പോട്ടി കൃഷ്ണന്‍നായര്‍, കല്‍പ്പറ്റ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഗംഗാധരന്‍ എന്നിവരായിരുന്നു പൊറ്റക്കാടിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രമുഖര്‍ . ഇരു സ്ഥാനാര്‍ഥികളും വാശിയോടെ പോരാടി. മാധവനുള്‍പ്പെടെയുള്ള നല്ലൊരു വിഭാഗം എസ് കെ പൊറ്റക്കാടിന്റെ ഭടന്മാരായി നിറഞ്ഞുനിന്നു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യാസമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. രാപ്പകല്‍ വിശ്രമമില്ലാത്ത പ്രചാരണം അന്നും ഉണ്ട്. ഒടുവില്‍ വിജയം പൊറ്റക്കാടിന്റെ കൂടെ നിന്നു. ആ വിജയം നാട്ടിലെ പ്രമാണിമാര്‍ക്ക് ജാള്യത ഉണ്ടാക്കിയപ്പോള്‍ തങ്ങള്‍ക്ക് ഒടുക്കാനാവാത്ത ആവശേത്തിമര്‍പ്പിനും ഇടയാക്കിയെന്നും മാധവന്‍ ഓര്‍ക്കുന്നു. 1962-67 കാലത്തെ തന്റെ ഡല്‍ഹി ജീവിതത്തിലെ കാഴ്ചകള്‍ കോര്‍ത്തിണക്കി പൊറ്റക്കാട് ഒരു പുസ്തകം എഴുതി തുടങ്ങിയിരുന്നു. നോര്‍ത്ത് അവന്യൂ എന്ന ആ പുസ്തകം പക്ഷേ പൂര്‍ത്തിയാക്കപ്പെട്ടില്ല.

മറ്റൊരു ഓര്‍മിക്കുന്ന തെരഞ്ഞെടുപ്പ് 1952ലാണ്. സേലം ജയിലിലെ വെടിവെയ്പ്പില്‍ നൂറുകണക്കിന് മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് 1950ലാണ്. കോഴിപ്പുറത്ത് മാധവമേനോനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. അതിന് ശേഷം നടന്ന മദ്രാസ് നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മാധവമേനോനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കുക എന്നതായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ ആവശ്യം. മാധവമേനോനെതിരെ മത്സരിക്കാന്‍ പാര്‍ടി തെരഞ്ഞെടുത്തത് സോഷ്യലിസ്റ്റ് നേതാവായിരുന്ന എം കെ പത്മപ്രഭയെ ( എം പി വീരേന്ദ്രകുമാറിന്റെ അച്ഛന്‍) ആയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എം കെ ജിനചന്ദ്രന്റെറ സഹോദരന്‍ കൂടിയായിരുന്നു പത്മപ്രഭ. വെടിവെപ്പിന്റെ പേരില്‍ മാധവമേനോനെതിരായ ജനവികാരം വോട്ടാക്കി പ്രത്മപ്രഭ ജയിച്ചു.

ഇതില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു തെരഞ്ഞെടുപ്പാണ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പ്. കല്‍പ്പറ്റ മണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാറായിരുന്നു എല്‍ഡിഎഫ് സ്ഥനാര്‍ഥി. ജനതാപാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്നു മാധവന്‍നായര്‍ക്ക് പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ ചുമതലയായിരുന്നു. ഒരു ദിവസം ബാണാസുരമലയിലെ കാപ്പികളം എന്ന ഭാഗത്തുനിന്നും ഒരാള്‍ എന്നെ സമീപിച്ചു. കളളവാറ്റിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധമായിരുന്നു അന്ന് ഈ പ്രദേശം. ഇവിടെ നിന്നുള്ള വോട്ടര്‍മാരുമായി സംസാരിക്കണമെന്നാിയരുന്നു വന്നയാളുടെ ആവശ്യം. വോട്ട് വേണമെങ്കില്‍ പണം എന്നതായിരുന്നു അവരുടെ ഉദ്ദേശമെന്ന് മനസിലായി. പക്ഷെ അത് അംഗീകരിക്കാന്‍ തനിക്കായില്ല. പണം നല്‍കിയുള്ള വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു ഞങ്ങള്‍ക്ക്. അത് തുറന്ന് പറയുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറത്തറ യില്‍ നിന്നും മികച്ച വോട്ടാണ് വീരേന്ദ്രകുമാറിന് ലഭിച്ചത്. 1950കളില്‍ സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ രാഷ്ട്രീയത്തില്‍ വന്ന ഇ കെ മാധവന്‍ ജനതാ പാര്‍ടിയുടെയും ജനതാദളിന്റെയും ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

deshabhimani

No comments:

Post a Comment