Sunday, March 16, 2014

വിവാദം വിട്ടൊഴിയാതെ തരൂര്‍

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായ മമത ബാനര്‍ജി ലോക്സഭയില്‍ റെയില്‍ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുന്നു. പ്രസംഗം അന്ത്യഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഭരണപക്ഷ ബെഞ്ചുകളുടെ പിന്‍നിരയില്‍നിന്ന് ഒരാള്‍ മുട്ടിലിഴഞ്ഞ് മമതയുടെ അടുത്തെത്തി. പിന്നില്‍നിന്ന് തോണ്ടി ശ്രദ്ധയാകര്‍ഷിച്ചു. പ്രസംഗം നിര്‍ത്തി മമത തിരിഞ്ഞുനോക്കുമ്പോള്‍ നീളുന്നു ഒരു കടലാസുതുണ്ട്. തുണ്ടിനുപിന്നില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍. നിങ്ങളൊരു മന്ത്രിയല്ലേ ഇങ്ങനെ പെരുമാറാമോ എന്ന ചോദ്യത്തോടെ മമത ക്ഷുഭിതയായി. സഭയാകെ ചിരിയില്‍ മുങ്ങിയപ്പോള്‍ ഇളിഭ്യനായി തരൂര്‍ പിന്‍നിരയിലെ ഇരിപ്പിടത്തിലേക്ക്. മറ്റ് എംപിമാരൊക്കെ മണ്ഡലവുമായി ബന്ധപ്പെട്ട റെയില്‍ ആവശ്യങ്ങള്‍ നേരത്തെതന്നെ വകുപ്പുമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. എന്നാല്‍, മമത ബജറ്റ് പ്രസംഗം തുടങ്ങിയശേഷമാണ് തന്റെ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തെക്കുറിച്ച് തരൂരിന് ഓര്‍മ വന്നത്. കൈയില്‍ കിട്ടിയ കടലാസില്‍ എന്തൊക്കെയോ കുറിച്ച് മുട്ടിലിഴഞ്ഞ് തുണ്ട് നീട്ടിയപ്പോള്‍ കിട്ടിയത് ശകാരം.

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് തോറ്റശേഷമാണ് തരൂര്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഭാഷയില്‍, ഗസ്റ്റ് ആര്‍ട്ടിസ്റ്റ്. 2009ല്‍ തിരുവനന്തപുരത്ത് പറന്നിറങ്ങി. ജയിച്ച് ഡല്‍ഹിക്ക് പറന്ന തരൂര്‍, വിദേശവകുപ്പ് സഹമന്ത്രിയായി.

തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് തരൂര്‍ വാര്‍ത്താതാളുകളില്‍ ഇടംനേടിയത്. ഔദ്യോഗികവസതി അനുവദിച്ചിട്ടും പഞ്ചനക്ഷത്ര ഹോട്ടല്‍ വാസം നീട്ടിക്കൊണ്ടുപോയതാണ് ആദ്യവിവാദം. കേരളത്തില്‍നിന്നുള്ള എംപിമാരെല്ലാം ഔദ്യോഗികവസതി അനുവദിച്ചുകിട്ടുംവരെ കേരളഹൗസില്‍ കഴിഞ്ഞെങ്കില്‍ തരൂര്‍ താല്‍പ്പര്യപ്പെട്ടത് താജ് ഹോട്ടലിന്റെ സുഖശീതളിമ. ഹോട്ടല്‍വാസം നീണ്ടപ്പോള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇടപെട്ട് തരൂരിനെ സര്‍ക്കാര്‍വസതിയിലേക്ക് മാറ്റി. ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരും എംപിമാരുമൊക്കെ വിമാനയാത്ര ഇക്കണോമിക്ലാസിലേക്ക് മാറ്റണമെന്ന് നിര്‍ദേശം വന്നപ്പോള്‍ കന്നുകാലിക്ലാസ് എന്ന തരൂരിന്റെ പ്രയോഗം അടുത്ത വിവാദമായി. ഗാന്ധിയുടെയും നെഹ്റുവിന്റെയും വിദേശനയങ്ങളെ വിമര്‍ശിച്ചതും ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ സ്റ്റൈലില്‍ നില്‍ക്കണമെന്ന ആഹ്വാനവുമൊക്കെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പലപ്പോഴും നേതൃത്വത്തിന്റെ കാലുപിടിച്ചാണ് വിവാദങ്ങളില്‍നിന്ന് തലയൂരിയത്.
ഐപിഎല്ലിന്റെ ഗ്ലാമര്‍ തിളക്കത്തോട് കാട്ടിയ അമിതാഭിനിവേശം തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ഐപിഎല്‍ വിവാദം ജീവിതത്തിലും വഴിത്തിരിവായി. കൊച്ചിക്ക് ഐപിഎല്‍ ടീം നേടിയെടുക്കാന്‍ തരൂര്‍ താല്‍പ്പര്യം കാട്ടിയപ്പോള്‍, അത് കേരളത്തിന്റെയും കൊച്ചിയുടെയും വികസനം ലക്ഷ്യമിട്ടാണെന്ന് കുത്തക പത്രങ്ങള്‍ പ്രചരിപ്പിച്ചു. കൊച്ചി ടീമിന്റെ ഉടമകളായ റെന്ദേവു സ്പോര്‍ട്സ് വേള്‍ഡില്‍ തരൂരിന്റെ സുഹൃത്തായ സുനന്ദ പുഷ്കറിന് 70 കോടി രൂപയുടെ ഓഹരിയുണ്ടെന്ന ഐപിഎല്‍ സ്രഷ്ടാവ് ലളിത് മോഡിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. സുനന്ദയുടേത് വിയര്‍പ്പ് ഓഹരിയാണെന്ന ന്യായീകരണവുമായി തരൂര്‍ രംഗത്തുവന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. 2010 ഏപ്രില്‍ എട്ടിന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തരൂര്‍ നിര്‍ബന്ധിതനായി. സുനന്ദയെ പിന്നീട് വിവാഹം കഴിച്ചു. 54-ാംവയസ്സില്‍ മൂന്നാംവിവാഹം.

രണ്ടുവര്‍ഷം എംപിമാത്രമായിരുന്ന ഘട്ടത്തില്‍ തിരുവനന്തപുരം എന്ന വാക്ക് ഒരിക്കല്‍മാത്രമാണ് ലോക്സഭയില്‍ തരൂര്‍ ഉയര്‍ത്തിയത്. 2012 മെയ് 15ന് തിരുവനന്തപുരത്തെ ഖരമാലിന്യപ്രശ്നത്തെക്കുറിച്ചാണ് രണ്ടുവാക്ക്. ഇതിനൊട്ട് പരിഹാരവുമായില്ല. സോണിയാഗാന്ധിക്ക് വേണ്ടപ്പെട്ട ആളായതുകൊണ്ടുതന്നെ 2012ല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. മാനവശേഷി സഹമന്ത്രി. രണ്ട് സുപ്രധാന വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നിട്ടും കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ല.

തരൂരിനെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ജനുവരി 17ന് സുനന്ദയുടെ ദുരൂഹമരണം തരൂരിനെ വേട്ടയാടുകയാണ്. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ അടുത്തതില്‍ സുനന്ദ അസ്വസ്ഥയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും പോര്‍വിളി പരസ്യമായതോടെ വിവാദം അവസാനിപ്പിക്കാനായി തരൂരിന്റെ ശ്രമം. എന്നാല്‍, സുനന്ദ ക്ഷമിച്ചില്ല. തിരുവനന്തപുരം കിംസിലെ ചികിത്സയ്ക്കുശേഷം ഡല്‍ഹിക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ ഇരുവരും വഴക്കിട്ടതിന് കേന്ദ്രമന്ത്രി മനീഷ് തിവാരി സാക്ഷി. ഡല്‍ഹിയിലെത്തിയ സുനന്ദ തരൂരിന്റെ ഔദ്യോഗികവസതിയില്‍ പോകാതെ ലീല ഹോട്ടലില്‍ മുറിയെടുത്തു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ബോധ്യപ്പെട്ട തരൂര്‍ അടുത്ത ദിവസം ലീലയില്‍ മുറിയെടുത്തു. വസതിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹോട്ടലിലേക്ക് മാറിയെന്ന് വിശദീകരണം. ഐപിഎല്‍ ഇടപാട് ഉള്‍പ്പെടെ തരൂരിന്റെ കള്ളക്കളികള്‍ വെളിപ്പെടുത്തുമെന്ന ഭീഷണി സുനന്ദ ഉയര്‍ത്തി. ജനുവരി 17ന് അഭിമുഖം അനുവദിക്കാമെന്ന് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരോടും തലേന്ന് രാത്രി സുനന്ദ പറഞ്ഞു. എന്നാല്‍, സുനന്ദയ്ക്ക് പറയാനുള്ളത് പുറത്തുവന്നില്ല. ജനുവരി 17ന് രാത്രി അവരുടെ മരണം പുറംലോകമറിഞ്ഞു. അസ്വാഭാവികമരണമാണ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുനന്ദയുടെ ശരീരത്തിലെ മുറിപ്പാടുകളും കുത്തിവയ്പിന്റെ പാടുമൊക്കെ പല ചോദ്യങ്ങളുയര്‍ത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇനിയും പുറത്തുവന്നിട്ടില്ല. കേസിപ്പോഴും ഡല്‍ഹി പൊലീസിന്റെ പരിഗണനയില്‍.

എം പ്രശാന്ത് deshabhimani

No comments:

Post a Comment