Friday, March 14, 2014

ആര്‍എസ്പി മുന്നണി വിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചന: ബാബു ദിവാകരന്‍

ആര്‍എസ്പിയുടെ മറുകണ്ടം ചാട്ടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍എസ്പി മുന്‍ നേതാവ് ബാബു ദിവാകരന്‍ പറഞ്ഞു. ഇതിനെപ്പറ്റി അന്വേഷിക്കണം. സോളാര്‍ അഴിമതിക്കേസിലടക്കമുള്ള കാര്യങ്ങളില്‍ ആര്‍എസ്പി നിലപാട് വ്യക്തമാക്കണം. ഇന്നലെവരെ പറഞ്ഞതെല്ലാം വിഴുങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെപിസിസി ഓഫീസിലേക്ക് ഓടിയ എ എ അസീസിന്റെയും എന്‍ കെ പ്രേമചന്ദ്രന്റെയും ദൃശ്യം പരിഹാസ്യമാണെന്നും ബബു ദിവാകരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

എല്‍ഡിഎഫിനെ വഞ്ചിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് ചേക്കേറിയത് പാര്‍ടിയുടെ ഏത് നയരേഖയുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലാണെന്ന് ആര്‍എസ്പി നേതൃത്വം വ്യക്തമാക്കണം. തനിക്കുമേല്‍ പാര്‍ലമെന്ററി വ്യാമോഹം ആരോപിച്ചവര്‍തന്നെയാണ് ഇപ്പോള്‍ ഒരു സീറ്റിനുവേണ്ടി യുഡിഎഫ് ക്യാമ്പിലെത്തിയത്. എല്‍ഡിഎഫ് ബന്ധം വിച്ഛേദിച്ചതെന്തിനെന്ന് ആര്‍എസ്പി നേതൃത്വം വ്യക്തമാക്കണം. ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുകയോ നയരേഖയില്‍ മാറ്റംവരുത്തുകയോ വേണം. കേന്ദ്രകമ്മിറ്റിയുടെ തീരുമാനവും വേണം. കോണ്‍ഗ്രസ് മുഖ്യശത്രുവാണെന്നും കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ബദലിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് കഴിഞ്ഞ ദേശീയ സമ്മേളനങ്ങളില്‍ ആര്‍എസ്പി പ്രഖ്യാപിച്ചത്. നയരേഖയിലും ഇതുതന്നെയാണുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാകില്ലെന്നു പറഞ്ഞ് മാറിനിന്നവരാണ് ആര്‍എസ്പി. ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍പ്പോലും ഇവരുടെ കോണ്‍ഗ്രസ് വിരോധം പ്രകടമായിരുന്നു.

ഇവയെല്ലാം മറന്നും നയപരിപാടികള്‍ വലിച്ചെറിഞ്ഞും കോണ്‍ഗ്രസ് മുന്നണിയില്‍ പോയതിന് എന്തു ന്യായമാണുള്ളത്? കേവലം കൊല്ലംസീറ്റിനുവേണ്ടിയുള്ള ആര്‍ത്തിയാണ് ഇതിനു പിന്നില്‍. ദേശീയനേതൃത്വം ഈ നിലപാട് അംഗീകരിക്കില്ല. പാര്‍ടി ബംഗാള്‍ ഘടകം ഈ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. എ എ അസീസിനെയും പ്രേമചന്ദ്രനെയും അവരെ പിന്തുണയ്ക്കുന്നവരെയും ആര്‍എസ്പി കേന്ദ്രകമ്മിറ്റി തള്ളും. കൊല്ലത്ത് മത്സരിക്കുന്ന പ്രേമചന്ദ്രന് പാര്‍ടി ചിഹ്നം ലഭിക്കില്ല. ഇപ്പോള്‍ സംസ്ഥാന പാര്‍ടി എന്ന നിലയില്‍ ബംഗാള്‍ ഘടകത്തിനാണ് പാര്‍ടി ചിഹനം ലഭിക്കുന്നത്. അവരുടെ അനുമതിയില്ലാതെ ചിഹ്നം അനുവദിക്കാനാകില്ല. രാഷ്ട്രീയ വഞ്ചനയുടെ പ്രതീകമായ പ്രേമചന്ദ്രന് കൊല്ലത്ത് കനത്ത തിരിച്ചടി ലഭിക്കും. ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശം ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും എതിര്‍ക്കുന്നു. അതുകൊണ്ട് യഥാര്‍ഥ ആര്‍എസ്പിക്ക് പ്രസക്തി ഏറുകയാണ്. താന്‍ ആര്‍എസ്പി എം പുനര്‍ജീവിപ്പിക്കുന്നത് ഇതേ കാരണത്താലാണെന്നും മുന്‍ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ബാബു ദിവാകരന്‍ പറഞ്ഞു. പ്രമുഖ ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ടി കെ ദിവാകരന്റെ മകനാണ് ബാബു ദിവാകരന്‍.

ദിലീപ് മലയാലപ്പുഴ deshabhimani

No comments:

Post a Comment