Sunday, March 16, 2014

മോഡിയുടെ പ്രചാരണച്ചുമതല അമേരിക്കന്‍ കമ്പനിക്ക്

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കായി ലോകവ്യാപക പ്രചാരണം നടത്തുന്നത് അമേരിക്കയിലെ കുപ്രസിദ്ധ ലോബിയിങ് കമ്പനി ആപ്കോ വേള്‍ഡ്. നവഉദാരനയങ്ങള്‍മുതല്‍ യുദ്ധവെറിവരെ പ്രചരിപ്പിക്കുന്ന ആപ്കോയ്ക്ക് ഇസ്രയേലുമായും അടുത്ത ബന്ധം. ലോകത്തെ പല ഏകാധിപതികള്‍ക്കായും ആപ്കോ പ്രചാരണം നടത്തുന്നു. 2006ലാണ് ആപ്കോയുടെ ഇന്ത്യന്‍ രംഗപ്രവേശം. 2007ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരോക്ഷമായി ഇടപെട്ടു. 2009ല്‍, "വൈബ്രന്‍ഡ് ഗുജറാത്ത്" എന്ന പേരില്‍ മോഡി സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപകമേളയുടെ പ്രചാരകരായി നേരിട്ടെത്തി. ആപ്കോയുടെ രംഗപ്രവേശംവരെ വൈബ്രന്‍ഡ് ഗുജറാത്ത് ചെറുകിടമേളയായിരുന്നു. ആപ്കോയ്ക്ക് ചുമതല ലഭിച്ചതോടെ രാജ്യാന്തര കോര്‍പറേറ്റുകളുടെ പങ്കാളിത്തമുണ്ടായി. അമേരിക്ക-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഇതിന്റെ പ്രായോജകരായി. ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്ന് സമാനസഹകരണമുണ്ടായി. വൈബ്രന്‍ഡ് ഗുജറാത്തിന്റെ മറവില്‍ ആപ്കോ മോഡിയുടെ പ്രചാരണമാനേജരായി. നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഏജന്‍സിയായ വ്യവസായ വികസന ബ്യൂറോയുടെ നിയന്ത്രണവും ആപ്കോയെ ഏല്‍പ്പിച്ചു. ഇതോടെ കമ്പനിയുടെ വളര്‍ച്ചയും അതിവേഗത്തിലായി. 2010ല്‍ ആറ് കോടി ഡോളര്‍ വാര്‍ഷികവരുമാനം രണ്ടുവര്‍ഷത്തിനുള്ളില്‍ 11 കോടി ഡോളറായി. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ 32 ഇടങ്ങളില്‍ ഓഫീസ് തുറന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖമായ ലോബിയിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറി.

ജനപ്രതിനിധികളെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ സ്ഥാപനമാണ് ആപ്കോ. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം പാടില്ലെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഭൂമിയടക്കമുള്ള പ്രകൃതിസമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കണം. ക്രമസമാധാനപാലനം മാത്രമായിരിക്കണം സര്‍ക്കാരിന്റെ കടമ. 1984ല്‍ സ്ഥാപിച്ച ആപ്കോയുടെ മാതൃസ്ഥാപനം വാഷിങ്ടണിലെ ഏറ്റവും വലിയ നിയമകാര്യകമ്പനിയായ അര്‍നോള്‍ഡ് ആന്‍ഡ് പോര്‍ട്ടറാണ്. ഇവരുടെ അഭിഭാഷകര്‍ ഇസ്രയേല്‍ കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുംവേണ്ടി അമേരിക്കന്‍ കോടതികളില്‍ ഹാജരാകുന്നു. യുദ്ധാനുകൂല പ്രചാരണവിഭാഗവും ആപ്കോയിലുണ്ട്. ആയുധശേഖരവ്യാപനത്തെയും ലോകമെങ്ങും സൈനികമായി അമേരിക്ക ഇടപെടുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇറാഖില്‍ ജോര്‍ജ് ബുഷിന്റെയും ടോണി ബ്ലെയറിന്റെയും നേതൃത്വത്തില്‍ നടത്തിയ അധിനിവേശയുദ്ധത്തെ ഇവര്‍ അനുകൂലിച്ചു. ഇറാഖിലെ പ്രകൃതിവിഭവം കൊള്ളയടിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അവസരമൊരുക്കി. അമേരിക്കയിലെ 150ല്‍പരം ധനസ്ഥാപനങ്ങളുടെ "പ്രതിച്ഛായനിര്‍മാണം" നടത്തുന്നതും ഈ കമ്പനി. മാര്‍ഗരി ക്രൗസാണ് വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ ആപ്കോയുടെ സിഇഒ. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാനേജിങ് ഡയറക്ടര്‍ സുകാന്തിഘോഷിന്റെ നിയന്ത്രണത്തിലും.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment