Friday, March 14, 2014

പി കെ ശ്രീമതി: തോല്‍വിയറിയാത്ത പടയോട്ടം

തെരഞ്ഞെടുപ്പ് ഗോദയില്‍ തോല്‍വിയറിയാത്ത പടയോട്ടമാണ് ശ്രീമതി ടീച്ചറുടേത്. വികസന പ്രവര്‍ത്തനങ്ങളിലെ സജീവ ഇടപെടലിലൂടെ "ജനകീയ ആരോഗ്യമന്ത്രി" എന്ന ഖ്യാതി നേടിയ പി കെ ശ്രീമതി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കുതിപ്പിന് കരുത്ത് പകരുന്നു. രോഗക്കിടക്കയിലായ നാടിനെ സമര്‍പ്പിത സേവനത്തിലൂടെ ഉയിര്‍ത്തേഴുന്നേല്‍പ്പിച്ച മന്ത്രിയെ ജനമനസില്‍നിന്ന് അടര്‍ത്തി മാറ്റാനാവില്ല.

ടീച്ചറെ കണ്ണൂരിന് പരിചയപ്പെടുത്തേണ്ടതില്ല. ലാളിത്യവും സ്നേഹവും ഉള്‍ച്ചേര്‍ന്ന പെരുമാറ്റം. ജില്ലാകൗണ്‍സിലിലേക്കും ജില്ലാപഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച ഭൂരിപക്ഷം എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പരിപാടികളും രാജ്യത്തിനാകെ മാതൃകയായി. 2001ല്‍ പയ്യന്നൂരില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയ്ക്കകത്ത് നടത്തിയ ഇടപെടലും പോരാട്ടവും പാര്‍ലമെന്ററി രംഗത്തെ മികവിന്റെ സാക്ഷ്യപത്രമാണ്. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍- 36122 വോട്ട്. ഈ അംഗീകാരം ജനകീയ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് അടിത്തറയായി.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുജനാരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് നാടും നഗരവും ഭീതിദമായിരുന്നു. ഈ ദുരിതപര്‍വത്തില്‍നിന്നാണ് ടീച്ചര്‍ പൊതുജനാരോഗ്യത്തെ കാത്തത്. പ്രാഥമികാരോഗ്യ കേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ മികവിന്റെ കേന്ദ്രങ്ങളായി. പൂട്ടിക്കിടന്ന ആശുപത്രികള്‍ തുറന്നു. മുഴുവന്‍ ആശുപത്രികളിലും ഡോക്ടര്‍മാരെ നിയോഗിച്ചു.സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണം അഴിമതിമുക്തമാക്കി. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാരക രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. പാടിക്കുന്ന് രക്തസാക്ഷികളുടെയും മോറാഴ ചെറുത്തുനില്‍പ്പ് സമരനായകന്‍ അറാക്കല്‍ കുഞ്ഞിരാമന്റെയും നാട്ടില്‍ പിറന്ന ശ്രീമതിക്ക് ഇടതുപക്ഷരാഷ്ട്രീയം രക്തത്തിലലിഞ്ഞതാണ്. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരായ നരനായാട്ടിനെതിരെ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ 12 ദിവസത്തെ നിരാഹാരസത്യഗ്രഹം ശ്രദ്ധേയമാണ്.

പി സുരേശന്‍ deshabhimani

No comments:

Post a Comment