Wednesday, March 12, 2014

"ഒളിവില്‍" അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചു

കണ്ണൂരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് തടഞ്ഞത്. പൊലീസ് അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടി യോഗത്തിനെത്തിയത്.

സോളാര്‍ തട്ടിപ്പ് പ്രതി സരിത നല്‍കിയ പരാതിയില്‍ പൊലീസ് അബ്ദുള്ളക്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. അബ്ദുള്ളക്കുട്ടി ഹോട്ടലില്‍വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് സരിതയുടെ പരാതി. എന്നാല്‍ കേസെടുത്തതോടെ തിങ്കളാഴ്ച രാത്രി ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയേയും കണ്ടശേഷം ഒളിവിലായിരുന്നു അബ്ദുള്ളക്കുട്ടി . അറസ്റ്റില്‍നിന്ന് ഒഴിവാകാനാണ് ഒളിവില്‍പോയത്. അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞ്വെച്ചിട്ടുള്ളത്. അതേ സമയം തടഞ്ഞ്വെച്ചവരെ പൊലീസെത്തി അറസ്റ്റ്ചെയത് നീക്കിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവമറിഞ്ഞ് ആദ്യമെത്തിയ പൊലീസുകര്‍ക്ക് പ്രവര്‍ത്തകര്‍ക്കിടയിലുടെ അബ്ദുള്ളക്കുട്ടിയുടെ അടുത്തെത്താനായില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ മഹിളാപ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.

അബ്ദുള്ളക്കുട്ടി രാജിവയ്ക്കണം: മഹിളാ അസോസിയേഷന്‍

തിരു: ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ചെയ്തതിനാല്‍ അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളകുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരിക്കയാണ്. ഇതനുസരിച്ച് അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണം. മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും സരിതയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണമുണ്ട്. ഇതിനെകുറിച്ചെല്ലാം വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നെങ്കില്‍മാത്രമേ ഈ കുറ്റവാളികള്‍ നിയമത്തിന്റെ മുമ്പാകെ എത്തുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഒളിവിലായ വാര്‍ത്ത ഇതാ

ബലാത്സംഗക്കേസ്: അബ്ദുള്ളക്കുട്ടി എംഎല്‍എ "ഒളിവില്‍"

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കേസെടുത്ത പൊലീസ്, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ഒളിവില്‍ പോയെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍പോയത്. അതേസമയം, സരിതയുടെ പരാതി തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം കേസ് രജിസ്റ്റര്‍ചെയ്താല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. വിഐപികള്‍ക്കെതിരായ പരാതിയാണെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. എന്നാല്‍, സരിതയുടെ പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍ പോകുന്നത്. അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ എത്തി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകണമെന്ന ഉന്നതതല നിര്‍ദേശത്തെതുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി മുങ്ങിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും 354 (എ) പ്രകാരം സ്ത്രീയുടെ അന്തസ്സിന് ഭംഗംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവിനാണ് അന്വേഷണ ച്ചുമതല. വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഫയല്‍ ബുധനാഴ്ച പ്രത്യേക സംഘത്തിന് കൈമാറും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തെന്നാണ് സരിതയുടെ പരാതി. മസ്കറ്റ് ഹോട്ടലില്‍ പലപ്പോഴും അബ്ദുള്ളക്കുട്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും.

deshabhimani

No comments:

Post a Comment