Monday, March 17, 2014

ഒളിപ്പിച്ചുവയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍

രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി എന്താകണമെന്ന് തീരുമാനിക്കുന്ന നിര്‍ണായകമായ രാഷ്ട്രീയപോരാട്ടമാണ് കണ്‍മുന്നിലുള്ളത്. അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള സാമ്പ്രദായിക അഭ്യാസമല്ല 16-ാം ലോക്സഭാ തെരഞ്ഞെടുപ്പ്. മാന്യമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ഹിതപരിശോധനയാണത്. രാഹുലോ മോഡിയോ എന്നതല്ല, അവരുടെ നയങ്ങള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചര്‍ച്ചചെയ്യപ്പെടേണ്ട പ്രശ്നം. രാഷ്ട്രീയനയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത്, അനുഭവങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യം പുലരുക. ദൗര്‍ഭാഗ്യവശാല്‍, ഇന്ത്യയിലെ പ്രധാന മാധ്യമങ്ങള്‍ അത്തരം ശരിയായ രീതികളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. നിത്യജീവിതത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമോ നേരിടുന്ന വെല്ലുവിളിയോ രാജ്യം കൊള്ളയടിക്കപ്പെടുന്നതിന്റെ വിപത്തോ തെരഞ്ഞെടുപ്പുചര്‍ച്ചകളില്‍ വരാന്‍ പാടില്ലെന്ന നിര്‍ബന്ധമാണുണ്ടാകുന്നത്. പകരം, അരാഷ്ട്രീയവും സാങ്കല്‍പ്പികവുമായ വിഷയങ്ങളില്‍ ജനങ്ങളുടെ വിചാരത്തെ തളച്ചിടാന്‍ ശ്രമിക്കുകയാണ്. അതിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്തതന്നെ വെല്ലുവിളിക്കപ്പെടുകയുമാണ്.

ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യംമാത്രമെടുക്കുക. അഞ്ചുവര്‍ഷംമുമ്പ് ഒരു പാചകവാതക സിലിണ്ടറിന് 279 രൂപയായിരുന്നു. ഇന്നത് 1300 രൂപയാണ്. അഞ്ചുവര്‍ഷത്തിനിടെ നാലിരട്ടി വില കൂട്ടിയത് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ്. 2009ല്‍ 40 രൂപയായിരുന്ന പെട്രോളിന്റെ വില ഇന്ന് 75 രൂപയാണ്. നാലുവര്‍ഷംകൊണ്ട് 35 രൂപ കൂട്ടിയത് സര്‍ക്കാര്‍ വിലനിയന്ത്രണം ഒഴിവാക്കിയതുകൊണ്ടാണ്. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ സ്രോതസ്സായ കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തുനിന്ന് 2009ല്‍ ഒഎന്‍ജിസി ഒരു യൂണിറ്റ് (ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) പ്രകൃതിവാതകം വിറ്റത് 1.83 ഡോളര്‍വച്ചാണ്. ഉല്‍പ്പാദനച്ചെലവ് 1.43 ഡോളറായിരുന്നു. 2009ല്‍ കെജി ബേസിനിലെ 7500 ചതുരശ്ര കിലോമീറ്റര്‍ വരുന്ന എണ്ണ പര്യവേക്ഷണമേഖല റിലയന്‍സിന് കൊടുത്തു. ലാഭം പങ്കുവയ്ക്കുമെന്നായിരുന്നു കരാര്‍.

ഇരുനൂറ്റിനാല്‍പ്പതുകോടി ഡോളര്‍ ഖനത്തിന് ചെലവിടുമെന്നും കരാറുണ്ടാക്കി. 880 കോടി ഡോളര്‍ ചെലവായെന്ന് കണക്കുണ്ടാക്കി. ലാഭം പങ്കുവയ്ക്കാനില്ലെന്ന് റിലയന്‍സ് സ്വന്തമായി തീരുമാനമെടുത്തു. യൂണിറ്റിന് 2.34 ഡോളര്‍ നിരക്കില്‍ എന്‍ടിപിസിക്ക് വാതകം നല്‍കുമെന്ന കരാര്‍ റിലയന്‍സ് സ്വയം വേണ്ടെന്നുവച്ചു. 80 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുമെന്ന കരാര്‍, 23 ദശലക്ഷം യൂണിറ്റായി വെട്ടിക്കുറച്ച് ലംഘിച്ചതും റിലയന്‍സ്തന്നെ. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രകൃതിവാതകവില യൂണിറ്റിന് 4.2 ഡോളറാക്കി (ഇരട്ടി) കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വാതകവും എണ്ണപ്പാടവും ലാഭവും റിലയന്‍സിന്. അവസാനം 2014 ഏപ്രില്‍മുതല്‍ യൂണിറ്റിന് 8.4 ഡോളര്‍ വിലയിട്ട് പ്രകൃതിവാതകം വില്‍ക്കാന്‍ സര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്‍കി. 2009ല്‍ 1.83 ഡോളറിന് ഒഎന്‍ജിസി വിറ്റ പ്രകൃതിവാതകത്തിന് 2014ല്‍ 8.4 ഡോളര്‍. നാലുവര്‍ഷംകൊണ്ട് 4.5 മടങ്ങ് വിലക്കയറ്റം. ഗാര്‍ഹിക പാചകവാതകവില അഞ്ചുവര്‍ഷംകൊണ്ട് നാലിരട്ടിയായതിന്റെ കാരണം അന്വേഷിച്ച് വേറെ പോകേണ്ടതില്ല. ഇന്ത്യയുടെ പ്രകൃതിവാതകസമ്പത്ത് മുഴുവന്‍ റിലയന്‍സിന്. അതുവച്ച് ജനങ്ങളെ കടിച്ചൂറാനുള്ള പരമാധികാരവും റിലയന്‍സിന്. കോര്‍പറേറ്റുകളില്‍നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള സമരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഇടതുപക്ഷം പറയുന്നത്, ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. കോര്‍പറേറ്റുകളുടെ വക്താക്കളും പ്രതിനിധികളുമായ കോണ്‍ഗ്രസ്- ബിജെപി ദ്വന്ദ്വത്തെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തിയേ രാജ്യം രക്ഷപ്പെടൂ എന്നും ജനങ്ങള്‍ മനസ്സിലാക്കിയാലേ ജനാധിപത്യപ്രക്രിയയായി തെരഞ്ഞെടുപ്പ് മാറൂ.

കെജി ബേസിനിലെ പ്രകൃതിവാതകം ഇന്ത്യയുടെ സ്വന്തം പ്രകൃതിവിഭവമാണ്. രാജ്യത്ത് ആവശ്യമുള്ള വാതകത്തിന്റെ 80 ശതമാനവും നമ്മുടെ നാട്ടില്‍തന്നെയുള്ളതാണെന്ന തിരിച്ചറിവില്ലാത്ത വോട്ടര്‍മാരെയാണ് കോണ്‍ഗ്രസിനും ബിജെപിക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടത്. "കോര്‍പറേറ്റുകളാല്‍, കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകളുടെ ഭരണം" എന്നത് "ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഭരണം" എന്നായി തിരുത്തപ്പെടണം. അതാണ് രാജ്യത്തിന്റെയും ജനാധിപത്യസംവിധാനത്തിന്റെയും നിലനില്‍പ്പിനുള്ള മിനിമം ഉപാധി. പൊതുനിക്ഷേപം, പൊതുമേഖല, പൊതുസേവനം എന്നിവ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഭരണമാണ് രാജ്യത്തിന് വേണ്ടത്. തൊഴില്‍സുരക്ഷ, സാമൂഹികസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ സര്‍ക്കാര്‍ കടമയായി തിരിച്ചുപിടിക്കണം. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യസംവിധാനങ്ങള്‍, പൊതുഗതാഗതം എന്നിവ സര്‍ക്കാര്‍ച്ചെലവില്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി സേവനം ചെയ്യണം. അടിസ്ഥാനവികസനത്തിനുവേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുകയെന്നത് സ്ഥിരം സംവിധാനമാക്കണം. വിലനിയന്ത്രണം സര്‍ക്കാര്‍ ഉത്തരവാദിത്തമാകണം. കമ്പോളം സര്‍ക്കാരിനെയല്ല; കമ്പോളത്തെ സര്‍ക്കാരാണ് നിയന്ത്രിക്കേണ്ടത്. ജനങ്ങളുടെ പുരോഗതിയായിരിക്കണം വളര്‍ച്ചയുടെ മാനദണ്ഡം.

ഇടതുപക്ഷമാണ്, ഈ പ്രശ്നങ്ങളും ആവശ്യങ്ങളും ഉയര്‍ത്തി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കോര്‍പറേറ്റുകളും അവ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ആസൂത്രിതശ്രമം നടത്തുന്നതിന്റെ പൊരുളും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ, കോര്‍പറേറ്റ് മാധ്യമങ്ങളുടെയും അവ പ്രതിനിധാനംചെയ്യുന്ന പണാധിപത്യരാഷ്ട്രീയത്തിന്റെയും പണംകൊടുത്തുള്ള വാര്‍ത്തയും പരസ്യപ്രളയവുമുള്‍പ്പെടെയുള്ള പ്രായോഗികപദ്ധതികളുടെയും തടസ്സങ്ങള്‍ മുറിച്ചുകടന്ന് ജനങ്ങള്‍ക്കുമുന്നില്‍ യഥാര്‍ഥ വിഷയങ്ങള്‍ എത്തിക്കാനുള്ള ബദല്‍മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണ്. രാജ്യത്തെ സ്നേഹിക്കുന്ന; ജനാധിപത്യം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരും പങ്കുചേരേണ്ട പ്രക്രിയയാണത്.

deshabhimani editorial

No comments:

Post a Comment