Thursday, March 13, 2014

പാലക്കാട്ട് വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമി ലേഖകന്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിനെതിരെ പാലക്കാട് ലോക്സഭാ നിയോജകമണ്ഡലത്തില്‍ മത്സരിക്കുമെന്ന് മാതൃഭൂമി ഗുവാഹത്തി ലേഖകന്‍ കെ ശ്രീജിത്ത്. ഒരുവര്‍ഷമായി മാതൃഭൂമി ജീവനക്കാര്‍ അനുഭവിക്കുന്ന മാനസികപീഡനം ജനങ്ങളെ അറിയിക്കാന്‍ മറ്റൊരു പോംവഴിയുമില്ലാത്തതിനാലാണ് വീരേന്ദ്രകുമാറിനെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീജിത്ത് "ദേശാഭിമാനി"യോട് പറഞ്ഞു.

പാലക്കാട് ജില്ലയിലെ കോങ്ങാട് എഴക്കാട് സ്വദേശിയായ ശ്രീജിത്ത് കഴിഞ്ഞ ഒരുവര്‍ഷമായി ഗുവാഹത്തിയിലാണ് ജോലി ചെയ്യുന്നത്. ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദിയും സാംസ്കാരികനായകനുമായി അറിയപ്പെടുന്ന മാതൃഭൂമി എംഡി വീരേന്ദ്രകുമാര്‍ ഒരു സമരത്തിന്റെ പേരില്‍ മാതൃഭൂമിയിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട മജീദിയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി എന്നീ പത്രസ്ഥാപനങ്ങള്‍ക്കുമുന്നില്‍ ധര്‍ണ നടത്തിയതാണ് തങ്ങള്‍ക്കുനേരെ വീരേന്ദ്രകുമാര്‍ തിരിയാന്‍ കാരണമെന്ന് ശ്രീജിത്ത് പറഞ്ഞു.

കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്ററായിരുന്ന ശ്രീജിത്ത് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് യൂണിറ്റ് ഭാരവാഹികൂടിയായിരുന്നു. സമരത്തില്‍ പങ്കെടുത്ത ശ്രീജിത്ത് അടക്കമുള്ള മുപ്പതോളംപേരെ കൊഹിമ, അഗര്‍ത്തല, ഇംഫാല്‍ തുടങ്ങി രാജ്യത്തിന്റെ വിദൂരദേശങ്ങളിലേക്ക് പ്രതികാരനടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. 2013 മാര്‍ച്ചിലായിരുന്നു വേജ് ബോര്‍ഡ് സമരം. വീരേന്ദ്രകുമാര്‍ തന്നെ വിളിച്ച് ഒന്നരമണിക്കൂറോളം ഭീഷണിമുഴക്കിയും മറ്റും സംസാരിച്ചു. പ്രൊമോഷന്‍ തടഞ്ഞുവച്ചു. കഴിഞ്ഞ ഒരുവര്‍ഷം താനടക്കമുള്ളവര്‍ അനുഭവിച്ച മാനസികപീഡനം പറഞ്ഞറിയിക്കാവുന്നതല്ല. മാതൃഭൂമി എംഡിയുടെ അപ്രീതിക്കിരയായ താനും സഹപ്രവര്‍ത്തകരും അനുഭവിച്ച ദുരിതങ്ങള്‍ പുറത്തറിയിക്കാന്‍ മറ്റൊരു പോംവഴിയുമില്ല. നിഷ്ഠുരവും അതിക്രൂരവുമായിരുന്നു പ്രതികാരനടപടി-ശ്രീജിത്ത് പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളപരിഷ്കരണം സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ)സമരം. അല്ലാതെ മാതൃഭൂമി മാനേജ്മെന്റിനെതിരായിരുന്നില്ല. എന്നിട്ടും വീരേന്ദ്രകുമാര്‍ സമരത്തെ വ്യക്തിപരമായാണ് കണ്ടത്. മജീദിയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധിച്ചിട്ടും വീരേന്ദ്രകുമാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. തങ്ങളോടുള്ള നിലപാടിലും മാറ്റംവരുത്തിയിട്ടില്ല. ഇതൊക്കെ ജനങ്ങളെ അറിയിക്കാന്‍ മറ്റെന്താണ് പോംവഴി- ശ്രീജിത്ത് ചോദിക്കുന്നു.

deshabhimani

No comments:

Post a Comment