Friday, March 14, 2014

മുക്കിയത് കാല്‍ക്കോടിയുടെ ഫണ്ട്; ഉത്തരമില്ലാതെ മുല്ലപ്പള്ളിയും കോണ്‍ഗ്രസും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ കാല്‍കോടി രൂപ എവിടെ? ഫണ്ട് വെട്ടിച്ചത് ആര്? വീണ്ടുമൊരു വോട്ടെടുപ്പിന് കളമൊരുങ്ങുമ്പോള്‍ വടകരയില്‍ കോണ്‍ഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും വേട്ടയാടുന്ന ചോദ്യമാണിത്. മുല്ലപ്പള്ളിയും കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിനായി ഇക്കുറിയും ലക്ഷങ്ങള്‍ പൊടിക്കുമെന്നുറപ്പായതോടെ കഴിഞ്ഞ തവണ എഐസിസി നല്‍കിയ പണം എവിടെ പോയെന്ന ചോദ്യം സജീവമാണ്. അതേസമയം അന്ന് ഫണ്ട് മുക്കിയതിന്റെ പേരില്‍ നടപടിക്ക് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഈയടുത്തായി മുല്ലപ്പള്ളിക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണസംഘം ഉദ്ഘാടനം ചെയ്തതും മുല്ലപ്പള്ളിയായിരുന്നു. ഫണ്ട് കാണാതായതില്‍ ദുരൂഹത ചൂണ്ടിക്കാട്ടിയ നേതാക്കള്‍, ഈ ബന്ധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വടകരയിലെ സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡ് കൊടുത്തയച്ച 50 ലക്ഷം രൂപയില്‍ 25 ലക്ഷം മുക്കിയെന്നായിരുന്നു പരാതി. എഐസിസിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് 25 ലക്ഷം മുല്ലപ്പള്ളിക്ക് വീണ്ടും അനുവദിച്ചതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞ് മുല്ലപ്പള്ളി വീണ്ടും വടകരയില്‍ സ്ഥാനാര്‍ഥിയായെത്തുമ്പോഴും മുങ്ങിയ പണത്തെക്കുറിച്ച് വിശദീകരണമില്ല. 2009ല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ഫണ്ട് കാണാതായതും പരാതിയുമെല്ലാം പുറത്തുവന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി വക 17 കോടി രൂപ നല്‍കിയിരുന്നു. മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പു ചെലവിന്റെ രണ്ടാം ഗഡുവായി എഐസിസി കൊടുത്തയച്ച 50 ലക്ഷം രൂപയില്‍ പകുതി നഷ്ടമായെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍നിന്ന് പണം കൊണ്ടുവരാന്‍ പോയ വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൈയില്‍നിന്ന് നഷ്ടമായെന്നാണ് പ്രചരിപ്പിച്ചത്. പണവുമായി ട്രെയിനില്‍ വന്ന ഇയാള്‍ ഉറങ്ങിപ്പോയതിനാല്‍ വടകരയില്‍ ഇറങ്ങിയില്ലെന്നും ട്രെയിന്‍ ഫറോക്കിലെത്തിയപ്പോള്‍ ഛര്‍ദി അനുഭവപ്പെട്ട് പുറത്തിറങ്ങിയെന്നും അതിനിടെ പണമടങ്ങിയ രണ്ട് സ്യൂട്ട് കേസില്‍ ഒന്ന് നഷ്ടപ്പെട്ടെന്നുമാണ് യൂത്ത്നേതാവ് നേതൃത്വത്തെ ധരിപ്പിച്ചത്. പണം വാങ്ങാന്‍ മുല്ലപ്പള്ളിയാണ് ഇയാളെ അയച്ചത്. എന്നാല്‍ കാല്‍ക്കോടി കാണാതായപ്പോള്‍ സംഭവം വിവാദമാക്കാനില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവും അന്ന് ആരോപണ വിധേയനായി. കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന് അനുവദിച്ച തെരഞ്ഞെടുപ്പ് ഫണ്ടില്‍ പത്തുലക്ഷം രൂപ കാണാതായെന്നും പരാതിയുണ്ടായി. ഡിസിസിയിലെ ഉന്നതനായിരുന്നു പ്രതിക്കൂട്ടില്‍.

പി വി ജീജോ ദേശാഭിമാനി

No comments:

Post a Comment