Wednesday, March 19, 2014

തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങും: പിണറായി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുന്ന പാര്‍ട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് മറുപടി പറയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസും യുപിഎയും തകരുന്നതോടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹം നടക്കില്ല. വലിയ സംസ്ഥാനങ്ങളില്‍ ബിജെപി പ്രധാന ശക്തിയല്ല എന്ന് തിരിച്ചറിയണം. അധികാരത്തില്‍ കയറാന്‍ ആവശ്യമായ ലോക്സഭാംഗങ്ങളെ വിജയിപ്പിക്കാന്‍ ബിജെപിയ്ക്ക് കഴിയില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസും ബിജെപിയും അല്ലാത്ത ഒരുബദല്‍ രാജ്യത്ത് ഉയര്‍ന്ന് വരും. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളാണ് ഇത്തവണ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും പിണറായി പറഞ്ഞു.

കേരളത്തിലും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങളും കോണ്‍ഗ്രസിന് എതിരാണ്. കേരളത്തിലെ ഒരു സീറ്റില്‍ നിന്നും കോണ്‍ഗ്രസ് ജയിക്കില്ലെന്നതാണ് നിലവിലെ സ്ഥിതി. അതിനെ അട്ടിമറിയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വക്രബുദ്ധിയുള്ള നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നും എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോകില്ലെന്നും പിണറായി വ്യക്തമാക്കി.

ഇനിയുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണം. പണമൊഴുക്കി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. അതിരുകവിഞ്ഞ ആത്മവിശ്വാസമില്ലാതെ തികഞ്ഞ ജാഗ്രതയോടെയും ചിട്ടയോടെയും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് പിണറായി ആഹ്വാനം ചെയ്തു.

deshabhimani

No comments:

Post a Comment