Friday, March 14, 2014

സി ബി ചന്ദ്രബാബു: ആലപ്പുഴയുടെ ജനകീയ മുഖം

മണ്ണിന്റെ മക്കളെ നട്ടെല്ലുള്ള മനുഷ്യനാക്കിയ പുന്നപ്ര വയലാറിന്റെ നേരവകാശിയെന്ന ചങ്കൂറ്റത്തോടെയാണ് സി ബി ചന്ദ്രബാബു(53) ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. ജില്ലയിലെ മികച്ച സഹകാരിയും സംഘാടകനുമായ ചന്ദ്രബാബു പരിചയക്കാര്‍ക്കും സഖാക്കള്‍ക്കും പ്രിയപ്പെട്ട "സീബി"യാണ്.

ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച് യുവജനപ്രസ്ഥാനത്തിലൂടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനായി. നിലപാടുകളിലെ കാര്‍ക്കശ്യത്തിനിടയിലും മറ്റുള്ളവരുടെ സ്വരങ്ങള്‍ക്ക് കാതുനല്‍കി. മുപ്പത്തിയേഴുവര്‍ഷം നീണ്ട രാഷ്ട്രീയ- പൊതുപ്രവര്‍ത്തനത്തില്‍ മാന്യമായ പെരുമാറ്റംകൊണ്ട് എതിരാളികള്‍പോലും അംഗീകരിക്കുന്ന വ്യക്തിത്വമാണ് സീബിയുടേത്. അടിയന്തരാവസ്ഥക്കാലത്ത് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലൂടെ പൊതുരംഗത്തെത്തി. കെഎസ്വൈഎഫിലൂടെ സജീവമായി. 1978ല്‍ കെഎസ്വൈഎഫിന്റെ അരൂര്‍ യൂണിറ്റ് സെക്രട്ടറിയും 1980ല്‍ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോള്‍ അരൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറിയുമായി. 84ല്‍ അരൂര്‍ ഏരിയാ സെക്രട്ടറിയായ സീബി പിന്നെ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായി. 88 മുതല്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 1979ല്‍ സിപിഐ എം അംഗമായ ചന്ദ്രബാബു 84ല്‍ അരൂര്‍ ലോക്കല്‍കമ്മിറ്റി അംഗം, 88 മുതല്‍ ഏരിയാ കമ്മിറ്റി അംഗം, 94ല്‍ ജില്ലാ കമ്മിറ്റി അംഗം, 2005ല്‍ ജില്ലാ സെക്രട്ടറിയറ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009ല്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി, ജില്ലാ ലോറി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് ആന്‍ഡ് ക്ലീനേഴ്സ് സെക്രട്ടറി, ആലപ്പുഴ ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

2008മുതല്‍ രണ്ടു വര്‍ഷം ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന ചന്ദ്രബാബു ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി. 2000 -05ല്‍ അരൂര്‍ പഞ്ചായത്ത് അംഗമായി. അരൂര്‍ ചെമ്പകപ്പറമ്പില്‍ പരേതനായ ബാലചന്ദ്രന്റെയും ലീലാമണിയുടെയും മൂത്ത മകനാണ് ചന്ദ്രബാബു. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിഭ്യാഭ്യാസം. തുടര്‍ന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ് ജിവനക്കാരി അജിതയാണ് ഭാര്യ. ബിടെക് വിദ്യാര്‍ഥി ഭരത് ചന്ദ്രന്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: രത്നമ്മ, ബോബന്‍, അനില്‍കുമാര്‍.

deshabhimani

No comments:

Post a Comment