Sunday, March 16, 2014

മതം+മൂലധനം = മോഡി

ഗുജറാത്തിനെ ഇന്ത്യക്കാകെ മാതൃകയാക്കുമെന്ന് നരേന്ദ്രമോഡി പറയുമ്പോള്‍ അതിന് രണ്ടര്‍ഥങ്ങളാണുള്ളത്. വംശഹത്യ വിപുലീകരിക്കും എന്ന രഹസ്യാര്‍ഥം. ഗുജറാത്ത് മാതൃകയിലുള്ള സാമ്പത്തിക വളര്‍ച്ചാരീതി രാജ്യത്താകെ നടപ്പാക്കുമെന്ന് പരസ്യാര്‍ഥം. വാസ്തവത്തില്‍ ഗുജറാത്തില്‍ നടക്കുന്നത് സാമ്പത്തിക വികസനമല്ല; സാമ്പത്തിക വളര്‍ച്ചയാണ്. വന്‍കിട മുതലാളികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തി ഉല്‍പ്പാദനവും ലാഭവും വര്‍ധിപ്പിക്കുന്നതാണ് സാമ്പത്തിക വളര്‍ച്ച. അതാണ് ഗുജറാത്തില്‍ നടക്കുന്നത്. സാധാരണക്കാരുടെ തൊഴിലും വരുമാനമാര്‍ഗങ്ങളും വളര്‍ത്തുന്നതാണ് സാമ്പത്തികവികസനം. ഉല്‍പ്പാദനോപാധികള്‍ സാധാരണക്കാരുടെ കൈവശമെത്തുമ്പോള്‍ മാത്രമേ വികസനം അര്‍ഥപൂര്‍ണമാകൂ; സര്‍വാശ്ലേഷിയാകൂ. സ്വകാര്യനിക്ഷേപകര്‍ക്കുവേണ്ടി സ്വകാര്യനിക്ഷേപകര്‍ നടപ്പാക്കുന്നതാണ് ഗുജറാത്ത് സാമ്പത്തിക വളര്‍ച്ചാമാതൃക. അതില്‍ സാധാരണക്കാര്‍ക്ക് കാര്യമില്ല. നവഉദാരവല്‍ക്കരണനയത്തിന്റെ സൃഷ്ടികളാണ് ഗുജറാത്തും നരേന്ദ്രമോഡിയും. ആ വളര്‍ച്ചാമാതൃക സുസ്ഥിരമായി നിലനിര്‍ത്തപ്പെടുമെന്ന് അതിന്റെ പ്രയോജകര്‍ക്കുപോലും ഉറപ്പില്ല.

ഗുജറാത്ത് വളര്‍ച്ചാമാതൃകയുടെ ലക്ഷ്യവും ദിശയും വേഗവും നിര്‍ണയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മന്ത്രിസഭയോ അല്ല. സ്വകാര്യനിക്ഷേപകരാണ്. എത്ര നിക്ഷേപം എവിടെ, ഏത് മേഖലയില്‍ എന്ന് അവര്‍ നിശ്ചയിക്കും. അതിന് മോഡി പിന്തുണ നല്‍കുന്നു. ആയതിനാല്‍ മോഡിയെ അവര്‍ വാനോളം ഉയര്‍ത്തിക്കാണിക്കുന്നു. കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ഗുജറാത്തിലേത് ഡെമോക്രസിയല്ല; കോര്‍പറേറ്റോക്രസിയാണ്. ചങ്ങാത്ത മുതലാളിത്തമാണ്. സ്വകാര്യമൂലധനിക്ഷേപം ആകര്‍ഷിക്കുന്നതിന് നികുതിയിളവുകളും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ ഒതുങ്ങുന്നില്ല മോഡിയുടെ സാമ്പത്തികനയം. വ്യവസായങ്ങള്‍ യഥേഷ്ടം ആരംഭിക്കാനും യഥേഷ്ടം നടത്താനും സര്‍വവിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുകയാണ്. വികസനച്ചുമതല പൂര്‍ണമായും സര്‍ക്കാര്‍ കൈയൊഴിഞ്ഞിരിക്കുന്നു. പശ്ചാത്തലസൗകര്യമൊരുക്കുന്ന ചുമതല മാത്രമേ സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടൂ എന്ന ഐഎംഎഫ് നയം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കപ്പെടുന്നു. തുറമുഖങ്ങള്‍, റോഡുകള്‍, റെയില്‍വേ, വൈദ്യുതിനിലയങ്ങള്‍ തുടങ്ങിയവ സാധാരണഗതിയില്‍ പൊതുമേഖലയാണല്ലോ നടത്തുക. ഗുജറാത്തില്‍ മറിച്ചാണ്. അവ സമ്പൂര്‍ണമായി സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്മാറുന്നു. റിലയന്‍സും എസ്സാറും അദാനിയും മറ്റും തങ്ങളുടെ ഇഷ്ട സംസ്ഥാനമായി ഗുജറാത്തിനെ സ്വയം വരിച്ചതിനു കാരണവും മറ്റൊന്നല്ല. സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുമോ എന്നത് പ്രശ്നമാക്കുന്നില്ല. അസമത്വവും പരിസ്ഥിതിവിനാശവും തൊഴിലില്ലായ്മയും പ്രശ്നങ്ങളല്ല.

കേരളത്തെ മൂന്നുമാസംകൊണ്ട് ഗുജറാത്താക്കി മാറ്റാം എന്ന് നരേന്ദ്രമോഡി പറയുമ്പോള്‍ സാമ്പത്തിക-സാമൂഹികസമത്വത്തിലും വികസനത്തിലും ഏറെ മുന്നോട്ടുപോയ കേരളം കരുതിയിരിക്കണം. എപ്രകാരമെങ്കിലും വമ്പന്‍ പ്രോജക്ടുകളില്‍ മൂലധനം ആകര്‍ഷിക്കുകയെന്ന അന്ധമായ അജന്‍ഡണ്ടയാണ് മോഡിയെ നയിക്കുന്നത്. ഏത് നിയമവും അതിനുവേണ്ടി മാറ്റിയെഴുതും. വ്യവസായനിക്ഷേപം വളര്‍ത്താന്‍ കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ ബലികൊടുക്കുന്നതിനും തയ്യാര്‍. പതിനായിരക്കണക്കിന് ഏക്കര്‍ വിളഭൂമി ചുളുവിലയ്ക്ക് വ്യവസായികള്‍ക്ക് കൈമാറാനും മടിയില്ല. ഭൂപരിഷ്കരണ നിയമങ്ങളെല്ലാം നരേന്ദ്രമോഡി പൊളിച്ചെഴുതി. എട്ടുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കേ ഭൂമി വില്‍ക്കാവൂ എന്ന് നിയമമുണ്ടായിരുന്നു. അതുമാറ്റി. വ്യവസായവളര്‍ച്ചയ്ക്ക് അനുബന്ധമായി കാര്‍ഷികമേഖലയെ പുനഃസംഘടിപ്പിച്ചതാണ് മറ്റൊരു പരിഷ്കാരം. കോര്‍പറേറ്റ് കൃഷിരീതി വ്യാപകമാക്കി. ഗോതമ്പിന്റെയും ബജ്റയുടെയും സ്ഥാനത്ത്, അധികലാഭം നല്‍കുന്ന കടലയും കപ്പലണ്ടിയും കൃഷിചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിച്ചു. മോഡി മാതൃക സാമ്പത്തികവളര്‍ച്ചയുണ്ടാക്കി. എന്നിട്ടും ആളോഹരിവരുമാനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് ആറാംസ്ഥാനത്താണ്. പഞ്ചാബും ഹരിയാനയും മഹാരാഷ്ട്രയും ഹിമാചല്‍പ്രദേശും കേരളവുമാണ് അഞ്ച് സ്ഥാനങ്ങളില്‍. സാമ്പത്തികവളര്‍ച്ചയുടെ പ്രയോജനം സാധാരണജനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതാണ് പരമാര്‍ഥം. മോഡിമാതൃക കേരളത്തിനും ഇന്ത്യക്കും മുമ്പില്‍ ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്: സാമ്പത്തികവളര്‍ച്ചയുടെ ചുമതല വന്‍കിട മുതലാളിമാരെ ഏല്‍പ്പിക്കുകയാണോ അനുകരണീയ ഭരണമാതൃക? ജനങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനംചെയ്യുന്ന കേരളവികസന മാതൃകയല്ലേ അനുകരണീയം? സ്വകാര്യമൂലധനത്തിനാണോ ജനങ്ങള്‍ക്കാണോ പരിഗണന നല്‍കേണ്ടതെന്ന അടിസ്ഥാനപ്രശ്നമാണ് മോഡിമാതകൃ ഉയര്‍ത്തുന്നത്. കേരളം ജന്മിത്തം അവസാനിപ്പിച്ചു. കൃഷിഭൂമി കൃഷിചെയ്യുന്നവരുടെ കൈകളിലെത്തിച്ചു. വിദ്യാഭ്യാസം വ്യാപകമാക്കി. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി. പൊതുജനാരോഗ്യസംവിധാനം വ്യാപകമാക്കി. വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വളര്‍ത്തി. അതിന്റെയെല്ലാം ഫലമായി ജനജീവിതം മെച്ചപ്പെട്ടു. ജനാധിപത്യം കരുത്തുറ്റതായി. അവകാശബോധം വേരുറച്ചു. ജനനിരക്കും മരണനിരക്കും കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു. സാക്ഷരതാനിരക്ക് ഉയര്‍ന്നു. സമ്പന്നരാജ്യങ്ങളോടു കിടപിടിക്കാവുന്ന ജീവിതഗുണനിലവാരം കൈവരിച്ചു. കേരളവികസനമാതൃകയുണ്ടായി. സാമ്പത്തികവളര്‍ച്ചയില്‍നിന്ന് വിഭിന്നമായി സാമ്പത്തികവികസനത്തിന്റെ യഥാര്‍ഥ സൂചകമാണ് ആരോഗ്യമുള്ള അമ്മാരും കുഞ്ഞുങ്ങളും.

2013 ഒക്ടോബര്‍ മൂന്നിന് ഗുജറാത്ത് അസംബ്ലിയില്‍ സമര്‍പ്പിച്ച 2013-14 ലെ സിഎജി റിപ്പോര്‍ട്ടുപ്രകാരം, ഗുജറാത്തിലെ കുഞ്ഞുങ്ങളില്‍ മൂന്നിലൊരുഭാഗം പോഷകാഹാരക്കുറവ് നേരിടുന്നു. ഇതിന് അടിവരയിടുന്നതാണ് വനിത-ശിശുക്ഷേമമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍. 2013 ആഗസ്തിലെ കണക്കനുസരിച്ച് 14 ജില്ലയില്‍ 6.13 ലക്ഷം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവോ കടുത്ത പോഷകാഹാരക്കുറവോ നേരിടുന്നു. 12 ജില്ലയിലെ വിവരങ്ങള്‍ ലഭ്യമല്ല. "ഇന്ത്യയുടെ ശിശുക്കള്‍-2012" എന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ഗുജറാത്തിലെ പകുതി കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്തു തൂക്കമില്ലെന്ന് വെളിപ്പെടുത്തുന്നു. സ്കൂള്‍പഠനം പൂര്‍ത്തിയാക്കാനാകാതെ കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ സംഖ്യ വളരെ കൂടുതലാണ്. മൂലധന കേന്ദ്രീകൃത വ്യവസായവളര്‍ച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയില്ല. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷത്തിനിടെ തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് പൂജ്യത്തിലെത്തി. കൂലിനിരക്കില്‍ രാജ്യത്ത് 14-ാം സ്ഥാനത്താണ് ഗുജറാത്ത്. നഗരങ്ങളില്‍ അനൗപചാരികമേഖലയിലെ കൂലിനിരക്ക് പ്രതിദിനം 106 രൂപയാണ്. കേരളത്തില്‍ 218 രൂപയും. ഗുജറാത്ത് വളര്‍ച്ചാമാതൃക അനുകരണീയമല്ല. അത് മത-മൂലധനാധിപത്യത്തിന്റെ പ്രതീകമാണ്. ജനപങ്കാളിത്തമില്ലാത്ത സാമ്പത്തികവളര്‍ച്ച ജനാധിപത്യവിരുദ്ധമാണ്. ഏകാധിപത്യമാണ് അതിന്റെ ഉള്ളടക്കം.

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ deshabhimani

No comments:

Post a Comment