Thursday, March 13, 2014

യുഡിഎഫിനെ കൈവിട്ട്മാവേലിക്കര

മാവേലിക്കര ലോക്സഭാ മണ്ഡലം ഇക്കുറി രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവര്‍ പടിപടിയായി ഈ മുന്നണിയെ കൈവിടുന്നതായി പിന്നീടുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അരലക്ഷത്തിലേറെ വോട്ടമാരാണ് യുഡിഎഫിനെ കൈവിട്ടത്. മണ്ഡലത്തില്‍പ്പെട്ട 7 നിയമസഭാ സീറ്റുകളില്‍ നാലെണ്ണവും 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമാണ് നിലയുറപ്പിച്ചത്.

 കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടിക്കുന്നില്‍ സുരേഷ് 48,048 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എല്‍ഡിഎഫിലെ ആര്‍ എസ് അനില്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിന് ലഭിച്ചതിനെക്കാള്‍ 26,864 വോട്ട് കൂടുതല്‍ ഈ മണ്ഡലങ്ങളില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ചു. ആലപ്പുഴ ജില്ലയില്‍പ്പെട്ട കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കുട്ടനാട്, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7 നിയോജക മണ്ഡലങ്ങളില്‍നിന്ന് എല്‍ഡിഎഫ് 4,24,075 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 4,13,701 വോട്ടാണ്. യുഡിഎഫിനെക്കാള്‍ 10,394 വോട്ട് കൂടുതല്‍ എല്‍ഡിഎഫ് നേടി. ഇത്തവണ പുതുതായി ചേര്‍ന്ന വോട്ടര്‍മാര്‍ക്കും കൊടിക്കുന്നില്‍ അനഭിമതനാണ്. ഇതും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം 2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചത് 3,97,211 വോട്ടാണ്. ഇതിനെക്കാള്‍ 26,864 വോട്ട് കൂടുതല്‍ 2011ല്‍ എല്‍ഡിഎഫിന് ലഭിച്ചു. മുമ്പ് യുഡിഎഫിന് വോട്ടുചെയ്തവരില്‍ നല്ലൊരുവിഭാഗം ജനങ്ങള്‍ പിന്നീട് ഇടതുമുന്നണിക്കൊപ്പം അണിനിരന്നതിന്റെ സൂചനയാണ് ഇത് വ്യക്തമാക്കുന്നത്. ഈ രാഷ്ട്രീയ മാറ്റം യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയംകൊയ്ത മണ്ഡലങ്ങള്‍ ഇപ്പോഴും ഇടതുകോട്ടയായി ഉറച്ചുനില്‍ക്കുകയാണ്. ഇതിനെ മറികടക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍. കഴിഞ്ഞതവണ യുഡിഎഫ് പട്ടികയില്‍നിന്ന് ജയിച്ചയാള്‍ കേന്ദ്രസഹ മന്ത്രിയായിട്ടും മണ്ഡലത്തില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിപോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. 1804 കോടിയുടെ കുട്ടനാട് പാക്കേജ് തകര്‍ത്തതും യുഡിഎഫിന്റെ ജനപിന്തുണ കുറച്ചതായി യുഡിഎഫ് നേതാക്കളില്‍തന്നെ അഭിപ്രായമുണ്ട്.

deshabhimani

No comments:

Post a Comment