Sunday, March 16, 2014

"അവരെന്റെ കഞ്ഞികുടി മുട്ടിച്ചു; സഖാവിന്റെ പാര്‍ടിയാണ് ആശ്രയം"

കൊല്ലം: "സഖാവ് സഹായിക്കണം. എന്റെ കഞ്ഞികുടി അവര്‍ മുട്ടിച്ചു. കടത്തിണ്ണേലിരുന്ന് രാപ്പകല്‍ കച്ചോടം ചെയ്താല്‍ എന്തു കിട്ടാനാ... പാവപ്പെട്ടവര്‍ക്ക് സഖാവിന്റെ പാര്‍ടിയാ ആശ്രയം"- മേരിയുടെ ചുളിവുവീണ കവിളിലൂടെ കണ്ണുനീര്‍ ധാരയായി. സങ്കടക്കടലിരമ്പുന്ന മനസ്സോടെ മേരി ഹെന്‍റി എം എ ബേബിയുടെ കരം ഗ്രഹിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് ശനിയാഴ്ച രാവിലെ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിക്കു മുന്നില്‍ മേരി ഹെന്‍റി (75) തന്റെ പരിഭവങ്ങള്‍ നിരത്തി.

വാര്‍ധക്യത്തിന്റെ അവശതകളിലും അവര്‍ തുറമുഖത്തെ കടത്തിണ്ണയില്‍ സിഗരറ്റും മുറക്കാനും കച്ചവടംചെയ്താണ് ജീവിക്കുന്നത്. ഭര്‍ത്താവ് ഹെന്‍റി പത്തുവര്‍ഷംമുമ്പ് മരിച്ചു. സമീപത്തെ അഞ്ചുസെന്റില്‍ പഞ്ചായത്തു നല്‍കിയ ചെറിയ വീട്ടിലാണ് താമസം. ഒരു വര്‍ഷംമുമ്പ് ഹൃദയാഘാതംവന്ന് മരിച്ച മകന്റെ ഭാര്യയും അവരുടെ മൂന്നുമക്കളും കൂട്ടിനുണ്ട്. മൂത്ത ചെറുമകന്‍ തുറമുഖത്ത് ലേലഷെഡില്‍ സഹായിയാണ്. ഒരാള്‍ സെമിനാരിയില്‍ അച്ചന്‍ പട്ടത്തിനു പഠിക്കുന്നു. ഇളയവന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. പേരക്കുട്ടികളുടെ പഠനത്തിനും കുടുംബത്തിന്റെ നിത്യച്ചെലവുമെല്ലാം മേരിയുടെ അധ്വാനത്തില്‍നിന്നാണ്. ഭര്‍ത്താവ് ഹെന്‍റിക്ക് തുറമുഖത്ത് പെട്ടിക്കടയുണ്ടായിരുന്നു. കച്ചവടത്തില്‍നിന്നു സ്വരൂപിച്ച പണംകൊണ്ട് മൂന്നു പെണ്‍മക്കളെ കെട്ടിച്ചുവിട്ടു. ഒരു രാത്രി കട അടച്ച് ഹാര്‍ബറിലെ സിമന്റുബെഞ്ചില്‍ ഉറങ്ങവെ പാമ്പുകടിയേറ്റാണ് ഹെന്‍റി മരിച്ചത്. അതോടെ കുടുംബപ്രാരാബ്ധം മേരിയുടെ ചുമലിലായി. കുറെനാള്‍ കട നടത്തി. പിന്നീട് തുറമുഖ നവീകരണത്തിന്റെ ഭാഗമായി മേരിയുടെ ഉള്‍പ്പെടെ കട പൊളിച്ചതോടെ ജീവിതം വഴിമുട്ടി.

നിര്‍മാണം പൂര്‍ത്തിയായി 30 വര്‍ഷംമുമ്പ് നവീകരിച്ച തുറമുഖം പ്രവര്‍ത്തനം തുടങ്ങിയതോടെ പുതിയ 30 കടകള്‍ അനുവദിച്ചു. മുമ്പ് കച്ചവടം നടത്തിയിരുന്നവര്‍ക്കായിരുന്നു മുന്‍ഗണന. എന്നാല്‍, തുറമുഖത്തെ യുടിയുസി ബി നേതാവ് നെയ്ത്തില്‍ വിന്‍സെന്റ് ഇടപെട്ട് മേരിക്കു ലഭിക്കേണ്ട കട മറ്റൊരാള്‍ക്കു നല്‍കിയതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. മന്ത്രി ഷിബു ബേബിജോണിനെ പലതവണ വീട്ടില്‍ പോയി കണ്ടു പരാതിപറഞ്ഞു. യൂണിയന്‍ നേതാവിനോട് കരഞ്ഞുപറഞ്ഞു. പരിഗണിക്കാമെന്നായിരുന്നു മറുപടി. കടകളില്‍ 20 എണ്ണവും രണ്ടു ലക്ഷംവരെ വാങ്ങി അനര്‍ഹര്‍ക്കു നല്‍കിയത്രെ. ഒരാള്‍ക്കുതന്നെ പല പേരില്‍ കട അനുവദിച്ചതായും പരാതി ഉയര്‍ന്നു.

വൃദ്ധയുടെ വിഷമം കണ്ട് സിപിഐ എം സമരം ഏറ്റെടുത്തു. കടകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ബര്‍ എന്‍ജിനിയര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ഒടുവില്‍ അവശേഷിക്കുന്ന കടകള്‍ അര്‍ഹരായവര്‍ക്കു നല്‍കാന്‍ നടപടിയായി. എന്നാല്‍, മേരിക്ക് അനുവദിച്ച കട നേതാവ് മറ്റാര്‍ക്കോ മറിച്ചു നല്‍കിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മേരിക്കു കട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഭരണകക്ഷിക്കാരുടെ ചതി കരഞ്ഞുപറഞ്ഞ മേരിയെ എം എ ബേബി സാന്ത്വനിപ്പിച്ചു. പ്രശ്നത്തിനു പരിഹാരം കാണാന്‍ എല്ലാ സഹായവും ബേബി വാഗ്ദാനംചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങാനൊരുങ്ങവെ ജനായകന് വൃദ്ധ മാതാവ് ആശംസ നേര്‍ന്നു- "മോന്‍ ജയിച്ചുവരും".

"ഇക്കുറി ഈ കൈ എന്തിനാണ് സാര്‍..."

കൊല്ലം: "കഴിഞ്ഞതവണ കൈ തന്നത് നല്ലൊരു കാര്യത്തിനു വേണ്ടി നിന്നപ്പോഴാണ്. ഇപ്പോള്‍ കൈ തരുന്നത് എന്തുകാര്യത്തിനാണ് സാര്‍..." പാരിപ്പള്ളി ടൗണിലെ കടകളില്‍ വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനോട് ഒരു കടയുടമയുടെ ചോദ്യം. സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രാദേശികനേതാവാണ് മറുപടി പറഞ്ഞത്- പരിഹാസച്ചിരി ആയിരുന്നു ആ മറുപടി! തനിക്കൊപ്പം കടകള്‍ കയറാന്‍വന്ന ഈ നേതാവിനെ തുറിച്ചുനോക്കി സ്ഥാനാര്‍ഥി അടുത്ത കടയിലേക്ക്. പ്രേമചന്ദ്രന്‍ ചെല്ലുന്നിയിടങ്ങളിലെല്ലാം ജനങ്ങള്‍ ഒത്തിരി ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് "സ്വീകരണം" നല്‍കുന്നത്. എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി വിഴുങ്ങേണ്ട സ്ഥിതിയിലാണ് പ്രേമചന്ദ്രന്‍. ഇതിനൊപ്പം മനസ്സില്ലാ മനസ്സോടെ കൂടെ വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ "പാര" വേറെയും.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങുക: എം എ ബേബി

കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഒത്താശചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ എല്ലാ കെഎസ്ആര്‍ടിസി തൊഴിലാളികളും പെന്‍ഷന്‍കാരും സകുടുംബം രംഗത്തിറങ്ങണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി പറഞ്ഞു. കെഎസ്ആര്‍ടിഇഎ (സിഐടിയു) കൊല്ലം യൂണിറ്റ്കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനംചെയ്യുകായായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 1000 ദിവസം പിന്നിട്ടപ്പോള്‍ കെഎസ്ആര്‍ടിസിയിലെ 30,000 പെന്‍ഷന്‍കാര്‍ വഴിയാധാരമായി. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ചും പുനരുദ്ധാരണ പാക്കേജിലൂടെ കെഎസ്ആര്‍ടിസിയുടെ കുത്തക റൂട്ടുകള്‍ സ്വകാര്യ മുതലാളിമാര്‍ക്കു നല്‍കിയും ശമ്പളം നിഷേധിച്ചും കെഎസ്ആര്‍ടിസിയെ തകര്‍ത്തു- എം എ ബേബി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ബി വിനോദ് അധ്യക്ഷനായി. കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് ഇ കാസിം, ആര്‍ ഗോപാലകൃഷ്ണന്‍, പി സഹദേവന്‍, പി ഗോപാലകൃഷ്ണന്‍, ഹണി ബാലചന്ദ്രന്‍, പി ഷാജി, എസ് പ്രേമചന്ദ്രന്‍, എം എസ് സുമിഷ്ലാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ശശിധരന്‍പിള്ള സ്വാഗതവും വി ജയകുമാര്‍ നന്ദിയും പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ 20നു സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ 4000 കുടുംബങ്ങളും പെന്‍ഷന്‍കാരും പങ്കെടുക്കണമെന്ന് കെഎസ്ആര്‍ടിഇഎ ജില്ലാകമ്മിറ്റി അറിയിച്ചു.

കടലിന്റെ മക്കളുടെ മനസ്സിലൂടെ ബേബി

കൊല്ലം: കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിക്ക് തീരദേശത്തിന്റെ സ്നേഹാദരം. പോരാട്ടങ്ങളുടെ തിരയടങ്ങാത്ത കൊല്ലംതീരത്ത് സ്ഥാനാര്‍ഥിയായി ബേബി എത്തിയപ്പോള്‍ ആവേശത്തിന്റെ അലകളുയര്‍ന്നു. നീണ്ടകര ഹാര്‍ബറില്‍നിന്നാണ് രാവിലെ ബേബിയുടെ പര്യടനം തുടങ്ങിയത്. യുപിഎ- യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരായ തീരദേശത്തിന്റെ ഹൃദയവികാരം ബേബിക്കു നല്‍കിയ വരവേല്‍പ്പില്‍ പൂക്കളും ഹാരങ്ങളും ചെണ്ടുകളുമൊക്കെയായി. മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാതെ ഒളിച്ചുകളിക്കുന്ന കേന്ദ്രസര്‍ക്കാരിനും അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിനുമെതിരായ രോഷം മത്സ്യത്തൊഴിലാളികള്‍ ബേബിയുമായി പങ്കുവച്ചു. പൗരന്മാരുടെ ജീവനും സ്വത്തും മറ്റെന്തിനേക്കാളും വലുതാണെന്നു കരുതുന്ന സര്‍ക്കാര്‍ ഇല്ലാതായിപ്പോയതാണ് നമ്മുടെ ദുഃഖമെന്ന് ബേബി അവരോടു പറഞ്ഞപ്പോള്‍ അത് ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തിനപ്പുറം തീരദേശത്തിന്റെ ഹൃദയവികാരം പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളായി മാറി.

ബേബി എത്തിയിടത്തൊക്കെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ഓടിക്കൂടിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവരോട് ചെയ്യുന്നതെന്താണെന്നു നന്നായി മനസ്സിലാക്കിയ തൊഴിലാളികള്‍ തീരദേശത്തിന്റെ രാഷ്ട്രീയബോധത്തിന്റെ അലകളാണെന്ന് ബേബി പറഞ്ഞു. നീണ്ടകര, നീണ്ടകര ഹാര്‍ബര്‍, ചവറ, കോവില്‍തോട്ടം തീരദേശമേഖലയിലെ ഒന്നാംഘട്ട പര്യടനമാണ് ബേബി ശനിയാഴ്ച പൂര്‍ത്തിയാക്കിയത്. തീരദേശ പരിപാലനിയമത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് കടലും തീരദേശവും സമീപഭാവിയില്‍ നഷ്ടമാകുന്ന സ്ഥിതി വരുമെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തുകയാണെന്നും കടലില്‍ വന്‍കിട മത്സ്യബന്ധന ട്രോളറുകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്നതിനാല്‍ മത്സ്യസമ്പത്ത് അപഹരിക്കപ്പെടുകയാണെന്നും പരാതി ഉയര്‍ന്നു. ബേബിയുടെ തീരദേശപര്യടനം ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന വരവേല്‍പ്പിനപ്പുറം ഒരു രാഷ്ട്രീയമുന്നേറ്റത്തിന്റെ സൂചനകളാണ് നല്‍കിയത്. പാരിപ്പള്ളി ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും ഓട്ടോസ്റ്റാന്‍ഡിലും സമീപസ്ഥലങ്ങളിലും സമ്മതിദായകരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എം എ ബേബിയുടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വരവേറ്റത്.

എം എ ബേബിയുടെ വിജയത്തിന് കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മ 19ന്

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയത്തിനായി കൊല്ലം അസംബ്ലി മണ്ഡലത്തിലെ കലാസാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കും. 19നു പകല്‍ 3.30ന് ടി എം വര്‍ഗീസ് സ്മാരകഹാളില്‍ ചേരുന്ന കൂട്ടായ്മയില്‍ കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകര്‍ പങ്കെടുക്കും. ദേശീയരാഷ്ട്രീയരംഗത്ത് സജീവമായിരിക്കുമ്പോഴും സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായ എം എ ബേബിയുടെ വിജയം ഉറപ്പാക്കാന്‍ മണ്ഡലത്തിലെ എല്ലാ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കൂട്ടായ്മയില്‍ എത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി അഡ്വ. ഡി സുരേഷ്കുമാറും യുവകലാസാഹിതി ജില്ലാസെക്രട്ടറി ബാബുപാക്കനാറും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എം എ ബേബിയുടെ വിജയത്തിന് തൊഴിലുറപ്പു തൊഴിലാളികളും

കടയ്ക്കല്‍: കൊല്ലം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയെ ഉജ്വല ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങാന്‍ തൊഴിലുറപ്പു തൊഴിലാളികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഗ്രാന്‍ഡ് കോളേജില്‍ ചേര്‍ന്ന എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ കണ്‍വന്‍ഷനിലാണ് തീരുമാനം. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പദ്ധതിപ്രകാരം പണിയെടുത്ത തൊഴിലാളികളുടെ വേതനം കോടിക്കണക്കിനു രൂപ കുടിശ്ശികയാക്കിയ യുപിഎ-യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരായ തൊഴിലാളികളുടെ കടുത്ത പ്രതിഷേധമാണ് കണ്‍വന്‍ഷനില്‍ പ്രകടമായത്. ലക്ഷക്കണക്കിനായ തൊഴിലാളികളുടെ പരിമിതമായ വേതനംപോലും കവര്‍ന്നെടുക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ താക്കീതാകും ഈ തെരഞ്ഞെടുപ്പു വിധി. എന്‍ആര്‍ഇജി തൊഴിലാളികള്‍ കുടുംബത്തോടെ രംഗത്തിറങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയം ഉറപ്പാക്കും. യൂണിയന്‍ കുമ്മിള്‍ പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് പി ഓമന അധ്യക്ഷയായി. സെക്രട്ടറി ഡി അജയന്‍ സ്വാഗതം പറഞ്ഞു. കുമ്മിള്‍ പഞ്ചായത്ത് പ്രസിഡന്റ് എം നസീര്‍, എന്‍ അമ്മിണി, എം ഷാജഹാന്‍, ആര്‍ ബീന, പി ടി ലീലമ്മ എന്നിവര്‍ സംസാരിച്ചു.

സഹകരണ ജീവനക്കാരും

കൊല്ലം: ലോക്സഭാമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയത്തിന് എല്ലാ സഹകരണജീവനക്കാരും കുടുംബസമേതം രംഗത്തിറങ്ങണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. മൂലധനശക്തികള്‍ക്കു യഥേഷ്ടം കടന്നുവരുന്നതിന് സാധാരണക്കാരന്റെ ആശാകേന്ദ്രമായ സഹകരണമേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ നടപ്പാക്കുന്നത്. സഹകരണമേഖല തകരുന്നതുവഴി ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകും. എല്‍ഡിഎഫ് വിജയത്തിനായി ഏരിയ കണ്‍വന്‍ഷനുകള്‍, കുടുംബസംഗമം, ഭവനസന്ദര്‍ശനം എന്നിവ സംഘടിപ്പിക്കുമെന്ന് യൂണിയന്‍ ജില്ലാപ്രസിഡന്റ് എസ് ഗോപകുമാര്‍, സെക്രട്ടറി എ പ്രദീപ് എന്നിവര്‍ അറിയിച്ചു.

അങ്കണവാടി ജീവനക്കാരും

അഞ്ചല്‍: അഞ്ചല്‍ ഏരിയയിലെ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍ കണ്‍വന്‍ഷന്‍ ചേര്‍ന്നു. എം എ ബേബിയെ വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ യൂണിയന്‍ ജില്ലാസെക്രട്ടറി ശോഭന സത്യന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയസെക്രട്ടറി കെ ബാബുപണിക്കര്‍, ജി പ്രമോദ്, കെ ആര്‍ ലളിതാഭായി, മിനി, ശാലിനി, സീന, മായാകുമാരി എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment