Sunday, March 16, 2014

കെ എം മാണി പിന്മാറിയത് ആന്റണി ആവശ്യപ്പെട്ടതിനാല്‍: ഉമ്മന്‍ചാണ്ടി

കോട്ടയം: എ കെ ആന്റണിയും ഗുലാംനബി ആസാദും കെ എം മാണിയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇടുക്കി സീറ്റിനായുള്ള കടുംപിടിത്തം കേരളകോണ്‍ഗ്രസ് എം ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയായ "നിലപാട് 2014"ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളകോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തെറ്റില്ല. സീറ്റ് വീട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ള പരിമിതി അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഹൈക്കമാന്‍ഡിന്റെ മുന്നില്‍ ഈ വിഷയം കൊണ്ടുവന്നു. തുടര്‍ന്നാണ് എ കെ ആന്റണിയും ഗുലാംനബി ആസാദും കെ എം മാണിയുമായി സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന പി സി ചാക്കോയുടെ പരാമര്‍ശം അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് വാര്‍ത്ത വന്നതെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പി സി ചാക്കോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതൊന്നും യുഡിഎഫിനെ ബാധിക്കുന്നതല്ല. പി സി ചാക്കോയുടെ മണ്ഡലമാറ്റത്തില്‍ അസ്വഭാവികതയില്ല. കെ പി ധനപാലന്‍ അംഗീകരിച്ചതുകൊണ്ടാണ് പി സി ചാക്കോയെ ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നത്. സോളാര്‍ കേസ് വീണ്ടും രാഷ്ട്രീയമായി ഉന്നയിക്കുന്നതില്‍ ഭയക്കുന്നില്ല.

അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള സരിത എസ് നായരുടെ പരാതിയില്‍ ആരെയും സംരക്ഷിക്കില്ല. നിയമപരമായി തന്നെ മുന്നോട്ടുപോകും. എല്‍ഡിഎഫുകാര്‍ക്കെതിരെ നിയമം വേഗത്തില്‍ നടപ്പാക്കുകയാണല്ലോ എന്ന ചോദ്യത്തോട് അത് മാധ്യമങ്ങളുടെ വ്യാഖാനമാണെന്നായിരുന്നു മറുപടി. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരമായിരുന്നു അന്വേഷണം. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. വലിയ അഴിമതി ഉണ്ടായപ്പോള്‍ അതിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രി വരെ അകത്തുകടന്നു. അഴിമതിക്കാരെ നിയമത്തിന്റെ മുമ്പില്‍കൊണ്ടുവന്നു.

സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് ഫെയ്സ്ബുക്കില്‍ പരാമര്‍ശിച്ച വി ടി ബല്‍റാം എംഎല്‍എക്കെതിരെ വിശദീകരണം ചോദിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment