Sunday, March 16, 2014

തിരയടിച്ചു.... മാത്യു ടി .. മാത്യു ടി..

എല്‍ഡിഎഫ് സ്ഥനാര്‍ഥിയായി മുന്‍മന്ത്രി മാത്യു ടി തോമസിന്റെ പേര് ജനതാദള്‍(എസ്) ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡ പ്രഖ്യപിച്ച നിമിഷം മുതല്‍ എല്‍ഡിഎഫ് ക്യാമ്പുകളില്‍ വര്‍ധിത വീര്യം. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ മുതല്‍ ബൂത്ത് കണ്‍വന്‍ഷന്‍ വരെയുള്ള തീയതികളുടെ പ്രഖ്യാപനം. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് കോട്ടതകര്‍ത്ത പോരാളിക്ക് കോട്ടയത്തും സുനിശ്ചിത വിജയം ഉറപ്പിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും അത്യാവേശത്തോടെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലേക്കും സംഘാടനത്തിലേക്കും പാഞ്ഞിറങ്ങിയത്. ദേവഗൗഡയുടെ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനടക്കമുള്ള കാര്യങ്ങളുടെ പ്രഖ്യാപനത്തിനായി എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. വികസനത്തിന്റേതായി മണ്ഡലത്തില്‍ നടക്കുന്ന കപട പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുമെന്ന് പ്രചാരണം ഏകോപിപ്പിക്കുന്ന മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ പറഞ്ഞു. എതിര്‍ പക്ഷം മാത്യു ടി തോമസിനെ പ്രതീക്ഷിച്ചില്ല. അവരൊന്നു നടുങ്ങി യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനിടയിലാണ് മാത്യു ടി തോമസാണ് സ്ഥാനാര്‍ഥിയെന്ന വാര്‍ത്തകള്‍ വന്നത്. ""കരുതലോടെ പ്രവര്‍ത്തിക്കണം"" - മകന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ എം മാണി ഓര്‍മിപ്പിച്ചു. സ്വരത്തിന് കടുപ്പമായി. രാഷ്ട്രീയമായ എല്ലാ നിലപാടുകളും ഒറ്റ ഉറക്കം കൊണ്ട് വലിച്ചെറിയുന്ന അഭിനവ സ്ഥാനാര്‍ഥിമോഹികള്‍ക്കുള്ള ചുട്ട മറുപടികൂടിയായി കോട്ടയത്തെ എല്‍ഡിഎഫിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം. ഇതാണ് യുഡിഎഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നത്.

രാഷ്ട്രീയ സുതാര്യതയും സൗകുമാര്യതയും കൈമുതലാക്കി പൊതു പ്രവര്‍ത്തനരംഗത്തെ വ്യത്യസ്തനായ വ്യക്തിത്വമാണ് ജനങ്ങള്‍ക്കു മുന്നില്‍ മാത്യു ടി തോമസ്. ജനങ്ങളും സ്വന്തം പ്രസ്ഥാനവും ഏല്‍പ്പിക്കുന്നതാണ് ഓരോ അധികാരസ്ഥാനവും ഉത്തരവാദിത്വങ്ങളുമെന്നുമുള്ള ജനാധിപത്യമൂല്യത്തിന്റെ തിളക്കമാണ് സമീപ ദിനങ്ങളിലും അദ്ദേഹം പ്രകടിപ്പച്ചത്. സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിന്റെ പേര് ദേവഗൗഡ പ്രഖ്യാപിക്കുമ്പോള്‍ എല്‍ഡിഎഫ് പത്തനംതിട്ട മണ്ഡലം കണ്‍വന്‍ഷന്റെ വിജയത്തിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. കണ്‍വന്‍ഷന്റെ ഉദ്ഘാടകനായി വൈകിട്ട് നാലോടെ വേദിയിലേക്ക് എത്തുമ്പോഴും കോട്ടയത്തെ അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു; "എനിക്ക് പാര്‍ടിയുടെ അറിയിപ്പ് വന്നിട്ടില്ല". കൂടെ ഒന്നു കൂടി: പാര്‍ടി തീരുമാനിച്ചാല്‍ അനുസരണയുള്ള പ്രവര്‍ത്തകനായി ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. അല്‍പ്പസമയത്തിനകം ഫോണില്‍ സ്ഥാനാര്‍ഥിയാകണമെന്ന കേന്ദ്ര തീരുമാനം വന്നു. ആ സമയവും കണ്‍വന്‍ഷന്‍ ഉദ്ഘാടകനായി പ്രസംഗിച്ച് ശാന്തനായി പ്രവര്‍ത്തകരോട് സംസാരിച്ച് രാഷ്ട്രീയ സദാചരത്തിന്റെ പരിശുദ്ധി വെളിവാക്കി. അദ്ദേഹം ഞായറാഴ്ച കോട്ടയത്ത് എത്തും.

നിലവിലെ എംപി നടത്തുന്ന വികസന പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 254 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന റബറിന്റെ വിലയിടുവുമൂലം ഒരോ കര്‍ഷക കുടുംബത്തിനുമുണ്ടായ നഷ്ടമായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ച. ഈ ഇറക്കുമതി നയത്തിനെതിരെയും ആഴ്ചതോറും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതിനെതിരെയും പൊരുതാന്‍ എംപിക്ക് കഴിഞ്ഞില്ലെന്നത് വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകളുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിലും ചോദ്യത്തരവേളകളില്‍ ഇടപെട്ട് മണ്ഡലത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിലും എംപി പരാജയമായിരുന്നെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കോട്ടയത്തും തിരുവല്ല ആവര്‍ത്തിക്കും: മാത്യു ടി തോമസ്

തിരുവല്ല: കോട്ടയത്തും തിരുവല്ല ആവര്‍ത്തിക്കുമെന്ന് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ബംഗളൂരുവില്‍ പാര്‍ടി ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ മാത്യു ടി തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന തിരുവല്ലയില്‍നിന്ന് മൂന്ന് തവണ താന്‍ വിജയിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,766 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. കോട്ടയത്ത് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ തരംഗത്തില്‍ മാത്രമാണ് പരാജയമുണ്ടായത്. തിരുവല്ല നിയോജകമണ്ഡലത്തില്‍നിന്ന് വിട്ടുപോകുന്നതില്‍ പ്രയാസമുണ്ടെങ്കിലും പാര്‍ടി തീരുമാനിച്ചത് അച്ചടക്കത്തോടെ ഉള്‍ക്കൊള്ളും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ന്നുണ്ടായ ഭീകരമായ റബര്‍ വിലയിടിവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. റബര്‍ ഇറക്കുമതി തീരുവ കുറച്ചത് യുപിഎ സര്‍ക്കാരാണ്. വിലക്കയറ്റം, അഴിമതി തുടങ്ങിയവയെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.

deshabhimani

No comments:

Post a Comment