Monday, March 17, 2014

ഭവനപദ്ധതികള്‍ പ്രതിസന്ധിയില്‍ മഴക്കുമുമ്പ് മേല്‍ക്കൂര പണിയാനാവുമോ?

തലശേരി: മണല്‍ക്ഷാമം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവനപദ്ധതിയെയും ബാധിക്കുന്നു. മണലിന് പൊന്നുംവിലയായതോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ കഷ്ടപ്പെടുകയാണ് ഗുണഭോക്താക്കള്‍. ഇന്ദിരാ ആവാസ്യോജന, ഇ എം എസ് ഭവനപദ്ധതി, പട്ടികജാതി ഭവനപദ്ധതി തുടങ്ങിയ പദ്ധതികളുടെയെല്ലാം പൂര്‍ത്തീകരണത്തിന് പലയിടത്തും തടസ്സം മണല്‍തന്നെ. ഇങ്ങനെ മണലിന് വിലകേറിയാല്‍ സാധാരണക്കാര്‍ എങ്ങനെ വീടെടുക്കുമെന്നാണ് ഗുണഭോക്താക്കളുടെ ചോദ്യം.

കയറിക്കിടക്കാന്‍ ഒരിടമെന്ന ഇവരുടെ സ്വപ്നത്തിന്മേലാണ് മണല്‍ ദൗര്‍ലഭ്യം കരിനിഴല്‍ വീഴ്ത്തുന്നത്. കരിഞ്ചന്തയില്‍ അഞ്ചും പത്തും ഇരട്ടി വിലകൊടുത്ത് മണല്‍വാങ്ങി പണിയെടുക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കൊള്ളവില നല്‍കി മണല്‍വാങ്ങാന്‍ കഴിവില്ലാത്തവര്‍ പണി പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. നിര്‍മാണജോലി ഒരു ദിവസം വൈകിയാല്‍ കൂലിയടക്കം എല്ലാറ്റിനും വിലകേറും. അതുകൊണ്ടുതന്നെ ബ്ലേഡുകാരുടെ കൊള്ളപ്പലിശക്ക് പണംവാങ്ങിയും പണിതീര്‍ക്കാനുള്ള പെടാപ്പാടിലാണ് വീടുപണിയുന്നവരെല്ലാം. സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണപരാജയമാണിത്. ആവശ്യക്കാര്‍ക്ക് മണലെത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇ മണല്‍ സംവിധാനവും ഫലപ്രദമല്ലാതായതോടെ മണലിനായി നെട്ടോട്ടത്തിലാണ് ജനങ്ങള്‍. മണലിന് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് പിന്നില്‍ ജിയോസാന്‍ഡ്, എം സാന്‍ഡ് നിര്‍മാണ ലോബിയാണെന്ന് സംശയിക്കുന്നവരുണ്ട്. മണലിന് ക്ഷാമമുണ്ടായാലേ ആളുകളെ ഇത്തരം ബദല്‍മാര്‍ഗങ്ങളിലേക്ക് ആകര്‍ഷിക്കാനാവൂ എന്ന കണക്കുകൂട്ടലിലാണിത്. മണല്‍ക്ഷാമം രൂക്ഷമാവുന്നതിനൊപ്പം പലപേരുകളില്‍ വരുന്ന പാറപ്പൊടിയുടെ വിലയും ഉയരുകയാണ്.

നിലതെറ്റിയ നിര്‍മാണം

കണ്ണൂര്‍: നിര്‍മാണ മേഖല ഇതുപോലെ പ്രതിസന്ധിയിലായ ഒരു ഘട്ടവും ജില്ലയുടെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നിരോധനവും നിയന്ത്രണവും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. നിര്‍മാണത്തൊഴിലാളികള്‍ മിക്കവാറും പണിയില്ലാതെ അലയുകയായിരുന്നു. ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ മണല്‍ ഖനം നിരോധിച്ച് ഉത്തരവിറക്കിയോടെ ഒന്നരമാസത്തോളം തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഒന്നരലക്ഷം നിര്‍മാണത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനുബന്ധ മേഖലയിലുള്ളവരും പട്ടിണിയിലായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. മണല്‍വാരല്‍ നിരോധനവും ചെങ്കല്‍, കരിങ്കല്‍ മേഖകളിലെ ഖന നിയന്ത്രണവുമാണ് പ്രതിസന്ധിയിലാക്കിയത്. ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം മണല്‍ ഖനം നിരോധിച്ച ജില്ലകളില്‍ ഇത് നീക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം മുഴുവന്‍ ജില്ലാഭരണ സംവിധാനത്തില്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമം. 2012 ഫെബ്രുവരി 27ന് ഹരിയാന സര്‍ക്കാറും ഒരു സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസില്‍ മണല്‍ ഖനം സംബന്ധിച്ച് ആറുമാസത്തിനകം സംസ്ഥാനങ്ങള്‍ ചട്ടമുണ്ടാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ടമുണ്ടാക്കിയില്ല. ചട്ടം തയ്യാറാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ 36 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ പറഞ്ഞത് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ്. സര്‍ക്കാര്‍ വാദം കളവാണെന്ന് പിന്നീടുള്ള നടപടികളിലൂടെ ബോധ്യപ്പെട്ടു.

ഇ മണല്‍ പദ്ധതിപ്രകാരമുള്ള ഖനം പുനഃസ്ഥാപിക്കാന്‍ പാരിസ്ഥിതിക സമിതി അനുമതി നല്‍കിയെങ്കിലും നിബന്ധനകള്‍ ഭാവിയില്‍ നിര്‍മാണ മേഖലയ്ക്ക് ആഘാതമാകും. നിയന്ത്രണത്തിന് വിധേയമായിട്ട് മാത്രമാണ് മണല്‍ ഖനം നടക്കുന്നത്. അതും മെയ് 31 വരെയേ ഉണ്ടാവുകയുള്ളൂ. അതിന് ശേഷം മണല്‍ ക്ഷാമം വീണ്ടും രൂക്ഷമാകും. ഇപ്പോള്‍ ടോക്കണ്‍ നല്‍കിയ അയ്യായിരത്തോളം പേര്‍ക്കേ ഉടന്‍ പൂഴി ലഭിക്കൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ പുതിയ ടോക്കണ്‍ അനുവദിക്കൂ. അതിനിടയിലും തൊഴില്‍ നഷ്ടമാവും. വീടും കടകളും സ്ഥാപനങ്ങളും നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ അവസ്ഥ നിര്‍മാണത്തൊഴിലാളികളേക്കാള്‍ ദയനീയമാണ്. വീടിന്റെ തറകെട്ടിയവരും നിര്‍മാണം പാതിവഴിയിലാവരും അവസാന മിനുക്ക് പണിക്ക് കാത്തുനില്‍ക്കുന്നവരും അനുഭവിക്കുന്ന പ്രയാസം വിവരണാതീതമാണ്. കല്യാണത്തിനും മറ്റും വീട് പുതുക്കിപ്പണിയുന്നവര്‍ വന്‍ തുക കൊടുത്താണ് അനധികൃത മണല്‍ വാങ്ങുന്നത്.

സര്‍ക്കാര്‍ നയം നിര്‍മാണമേഖലയെ തകര്‍ത്തു

തളിപ്പറമ്പ്: സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് നിര്‍മാണ മേഖലയെ തകര്‍ത്തതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി വാടി രവി. ജില്ലയില്‍ 3.75ലക്ഷം തൊഴിലാളികളാണ് നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നത്. ഇതില്‍ കാല്‍ലക്ഷം മറുനാടന്‍തൊഴിലാളികള്‍. സാമ്പത്തിക പ്രതിസന്ധിയാണ് തകര്‍ച്ചക്ക് പ്രധാനകാരണം. യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ 50 ശതമാനംപോലും വികസനപ്രവൃത്തികള്‍ക്ക് വിനിയോഗിക്കുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യവികസന പദ്ധതികള്‍ക്കുള്ള അംഗീകാരം കിട്ടുന്നതിലെ കാലതാമസവും ബാധിച്ചു. സര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിവച്ച കാലതാമസം പലപദ്ധതികളും വൈകാന്‍ ഇടയാക്കി. ഖനനിരോധനത്തെ തുടര്‍ന്ന് മണല്‍മേഖലയും കരിങ്കല്‍ മേഖലയും സ്തംഭിച്ചു. സിഐടിയു നടത്തിയ സമരത്തിന്റെ ഭാഗമായി നിരോധനം ഭാഗികമായി നീക്കിയെങ്കിലും ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചു. അനുമതിയോടെ ഖനം നടത്തിയിരുന്ന സ്ഥലങ്ങള്‍ ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി വാദികളുടെയും ഇടപെടലിന്റെ ഫലമായി അടച്ചുപൂട്ടിയതും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി. ചെങ്കല്‍ഖനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഈ മേഖലയെയും തകര്‍ത്തു. മണല്‍ ക്ഷാമത്തിന്റെ രൂക്ഷത ഏറിവരികയാണ്. മരഉരുപ്പടികളുടെ ഇറക്കുമതിയും തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍മാണമേഖലയില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല.

നയാപൈസ നല്‍കാത്ത സര്‍ക്കാര്‍

കണ്ണൂര്‍: ജില്ലയില്‍ വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം മാസങ്ങളായി മുടങ്ങി. പെന്‍ഷന്‍ ഇനത്തില്‍ 32,29,52,545 രൂപയാണ് ജില്ലയില്‍ കുടിശ്ശിക. വിഷുവെത്തിയാലും ഇത്തവണ പെന്‍ഷന്‍ ലഭിക്കില്ലെന്നുറപ്പാണ്. വിവിധ പഞ്ചായത്തുകളില്‍ അര്‍ഹരായവരുടെ പെന്‍ഷന്‍ ലിസ്റ്റ് ബന്ധപ്പെട്ട ഓഫീസുകള്‍ തിരുവനന്തപുരത്ത് അയച്ചുകൊടുത്തെങ്കിലും ഇതുവരെ വിവരമൊന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരിക്കലും കുടിശ്ശികയാക്കാതെ പെന്‍ഷന്‍ വിതരണം നടത്തിയിട്ടില്ല. അവശജനവിഭാഗങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തിന്റെ നേര്‍ചിത്രമാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉത്സവവേളകളില്‍ കണ്ണുവച്ച പ്രവര്‍ത്തനം നടത്തി മുന്‍കൂട്ടി ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കാറുണ്ട്. കര്‍ഷകത്തൊഴിലാളി, വിധവ, വാര്‍ധക്യ, അഗതി, വികലാംഗ, അവിവാഹിത പെന്‍ഷനുകളാണ് മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് നഗരപ്രദേശങ്ങളില്‍ 62571600 രൂപയും ഗ്രാമങ്ങളില്‍ 776171600 രൂപയും നല്‍കാനുണ്ട്. 10,3333480 രൂപ വാര്‍ധക്യ പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുണ്ട്. ഈയിനത്തില്‍ ജില്ലയില്‍ 61,785 ഗുണഭോക്താക്കളുണ്ട്. 20,270 വികലാംഗപെന്‍ഷന്‍കാരാണ് ആകെ ജില്ലയില്‍ ഉള്ളത്. 80ശതമാനം വൈകല്യമുള്ളവര്‍ക്ക് 700രൂപയും 80ന് മുകളിലുള്ളവര്‍ക്ക് 1000രൂപയും നല്‍കുന്നു. 34,81,9,884 രൂപ ഈയിനത്തില്‍ കുടിശ്ശികയാണ്. വിധവാപെന്‍ഷന്‍ ഇനത്തില്‍ 54,743പേര്‍ക്കായി 98,99,0527 രൂപ നല്‍കാനുണ്ട്. 54743 പേര്‍ ഈ പെന്‍ഷന്റെ ഗുണഭോക്താക്കളാണ്. 8,906 അവിവാഹിതകള്‍ക്കായി പെന്‍ഷന്‍ ഇനത്തില്‍ 15,47,54,54 രൂപ കുടിശ്ശികയാണ്.

deshabhimani

No comments:

Post a Comment