Wednesday, March 19, 2014

കോണ്‍ഗ്രസിന്റെ "പേമെന്റ് " അരങ്ങ്

ജനപ്രതിനിധിസഭകളെ കോടീശ്വരന്മാരുടെ ക്ലബ്ബാക്കിയ കോണ്‍ഗ്രസ് ഐയാണ് പേമെന്റ് സീറ്റിന്റെ സ്രഷ്ടാക്കള്‍. എംഎല്‍എ, എംപി ടിക്കറ്റ് മുതല്‍ മന്ത്രിപദവിവരെ വിലപേശി വില്‍ക്കുന്നവരാണ് എല്‍ഡിഎഫിനെതിരെ ഉണ്ടയില്ലാവെടിയുതിര്‍ത്ത് സ്വയം അപഹാസ്യരാകുന്നത്. അംബാനിയുടെയും കോര്‍പറേറ്റുകളുടെയും ഇഷ്ടക്കാരെ കേന്ദ്രമന്ത്രിമാരാക്കുന്നതിന്റെ ഉള്ളറരഹസ്യങ്ങള്‍ നീരാ റാഡിയ ടേപ്പ് പുറത്തുകൊണ്ടുവന്നതാണ്. കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘടനാചുമതലയിലുണ്ടായിരുന്ന എഐസിസി നേതാക്കള്‍ പണപ്പെട്ടിയുടെ മണികിലുക്കത്തില്‍ മന്ത്രിസ്ഥാനം വിട്ടിട്ടുണ്ട്. കാട്ടുതീ പോലെ പടര്‍ന്ന ആരോപണത്തില്‍ മുഖം കരുവാളിച്ച ചില നേതാക്കളാണ് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കൊടിപ്പടമുയര്‍ത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ നട്ടാല്‍ മുളയ്ക്കാത്ത "പേമെന്റ്" വിവാദം കുത്തിപ്പൊക്കുന്നത്.

നിലവിലുള്ള പാര്‍ലമെന്റില്‍ അഞ്ചിലൊന്ന് അംഗങ്ങള്‍ "ഡോളര്‍ കോടീശ്വരന്മാരാ"ണെന്നാണ് കണക്ക്. 143 എംപിമാര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കോടികള്‍ ആസ്തിയുണ്ട്. എന്നാല്‍, ഇക്കൂട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി എംപിമാരില്‍ ഒരാള്‍പോലും ഇല്ലെന്നത് വിവാദങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവര്‍ ഒളിക്കുന്നു. പതിനഞ്ചാം പാര്‍ലമെന്റിലെ 206 കോണ്‍ഗ്രസ് എംപിമാരില്‍ 138 പേര്‍ കോടീശ്വരന്മാരാണ്. അവരുടെ ശരാശരി സ്വത്ത് 7.2 കോടി രൂപ. ഇക്കൂട്ടത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം പത്തിലധികമാണ്. 17,500 കോടിയുടെ ആസ്തിയുള്ള ജിന്‍ഡാല്‍ കുടുംബ വ്യവസായ ഗ്രൂപ്പിന്റെ രാഷ്ട്രീയപ്രതിനിധിയാണ് നവീന്‍ ജിന്‍ഡാല്‍. എല്‍ രാജഗോപാലിന് 299 കോടി രൂപയും കേന്ദ്രമന്ത്രി കമല്‍നാഥിന് 263 കോടി രൂപയുമാണ് സ്വത്ത്. തെലങ്കാന വിഷയത്തില്‍ കുരുമുളക് സ്പ്രേയുമായി ലോക്സഭയില്‍ എത്തിയ കോണ്‍ഗ്രസ് എംപി എല്‍ രാജഗോപാലും വന്‍ വ്യവസായിയാണ്. ഇതിന്റെയെല്ലാം പിന്നിലാണ് പേമെന്റ് ഇടപാട്. ഇതെല്ലാം ചെയ്തുകൂട്ടിയവരാണ് നാണംകെട്ട രീതിയില്‍ എല്‍ഡിഎഫിനെതിരെ പേമെന്റ് സീറ്റ് ആക്ഷേപം ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി ഇത്തരം നുണകളുമായി ചില ചാനലുകള്‍ അഴിഞ്ഞാടുകയാണ്. വിലയ്ക്കെടുത്ത രാജ്യസഭാ സീറ്റിന്റെ ഉടമയുടെയും റൂപര്‍ട്ട് മര്‍ഡോക്കിന്റെയും ചാനലുകളാണ് ഇതില്‍ മുന്‍പന്തിയില്‍.

തിരുവനന്തപുരം സീറ്റില്‍ എല്‍ഡിഎഫിനുവേണ്ടി സിപിഐ പ്രതിനിധിയായി ഡോ. ബെന്നറ്റ് എബ്രഹാം എത്തിയത് എതിര്‍കേന്ദ്രങ്ങളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. അതില്‍നിന്നാണ് സിപിഐ നേതൃത്വത്തിനെതിരെ പേമെന്റ് സീറ്റെന്ന ആക്ഷേപം ലജ്ജയില്ലാതെ ഉയര്‍ത്തുന്നത്. ഡോ. ബെന്നറ്റ് എബ്രഹാം മാതൃകാ ഡോക്ടറും പൊതുപ്രവര്‍ത്തകനും സമുദായസേവകനുമാണ്. എല്‍ഡിഎഫ് പ്രതിനിധിയായി പിഎസ്സി അംഗമായി സേവനമനുഷ്ഠിച്ച് പ്രതിബദ്ധത തെളിയിച്ചിരുന്നു. പത്തനംതിട്ട, എറണാകുളം, ചാലക്കുടി, പൊന്നാനി, ഇടുക്കി സീറ്റുകളില്‍ എല്‍ഡിഎഫിനായി തിളക്കമുള്ള സിപിഐ എം സ്വതന്ത്രര്‍ എത്തിയതിലും എതിര്‍ ക്യാമ്പിന് വേണ്ടുവോളം ഉല്‍ക്കണ്ഠയുണ്ട്. പാര്‍ടി നേതാക്കള്‍ക്കൊപ്പം പൊതുസമ്മതരെയും സ്ഥാനാര്‍ഥിയാക്കുന്ന ശൈലി കമ്യൂണിസ്റ്റ് പ്രസ്ഥാനം എത്രയോ കാലംമുമ്പേ സ്വീകരിച്ചിരുന്നു. എറണാകുളത്തെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇന്ത്യ അറിയുന്ന മലയാളിയാണ്. 1973ലെ ഐഎഎസ് ബാച്ചുകാരനായ ക്രിസ്റ്റി മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ മുതല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ നിഖില്‍കുമാര്‍ വരെയുള്ളവര്‍ കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥരായിരുന്നു. ഇവരെയെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയത് കോണ്‍ഗ്രസാണ്. അതെല്ലാം മറന്ന് ആക്ഷേപം ചൊരിയുന്നത് പരാജയഭീതികൊണ്ടുതന്നെയാണ്.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment