Friday, March 14, 2014

എം ബി രാജേഷ്: മികവ് തെളിയിച്ച് കരുത്തോടെ

ചുവപ്പിന്റെ കരുത്തില്‍

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയായ പാലക്കാട് മണ്ഡലം ചരിത്രവിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എംപിയെന്ന നിലയില്‍ എം ബി രാജേഷ് നടത്തിയ വികസനപ്രവര്‍ത്തനവും പാര്‍ലമെന്റിനകത്തെ ശക്തമായ ഇടപെടലും ഇടതുപക്ഷത്തിന്റെ തുടര്‍ച്ച അനിവാര്യമാണെന്ന ചിന്തയിലേക്ക് ജനങ്ങളെ എത്തിച്ചു. സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതോടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. പാലക്കാട് മണ്ഡലം എസ്ജെഡിക്ക് നല്‍കിയതോടെ യുഡിഎഫ് അണികള്‍ നിരാശയിലാണ്.

എ കെ ജിയെയും ഇ കെ നായനാരെയും പാര്‍ലമെന്റിലേക്കയച്ച പാലക്കാട് എന്നും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. 1957 മുതലുള്ള തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥികളായ പി കുഞ്ഞന്‍ (1957, 62), ഇ കെ നായനാര്‍ (1967), എ കെ ഗോപാലന്‍ (1971), എ വിജയരാഘവന്‍ (1989), എന്‍ എന്‍ കൃഷ്ണദാസ് (1996, 98, 99, 2004), എം ബി രാജേഷ് (2009) എന്നിവരാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. എ സുന്നസാഹിബ് (1977), വി എസ് വിജയരാഘവന്‍ (1980, 84, 91) എന്നിവര്‍ മാത്രമാണ് യുഡിഎഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് മണ്ഡലത്തില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളാണുള്ളത്.

സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ച എം ബി രാജേഷ് 1820 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെയാണ് കഴിഞ്ഞതവണ പരാജയപ്പെടുത്തിയത്. 3,38,070 വോട്ട് രാജേഷ് നേടിയപ്പോള്‍ സതീശന്‍ പാച്ചേനിക്ക് 3,36,250 വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ സി കെ പത്മനാഭന്‍ (68,804), എം ആര്‍ മുരളി (20,896), പി എ റസാഖ് മൗലവി (എന്‍സിപി 8111), ഇ വി സതീശന്‍ (5478), എന്‍ വി രാജേഷ് (3124) എന്നിവരും രംഗത്തുണ്ടായിരുന്നു. ഇതില്‍ എം ആര്‍ മുരളിയും എന്‍സിപിയും ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഷൊര്‍ണൂര്‍ (13,493), ഒറ്റപ്പാലം (13,203), കോങ്ങാട് (3,565), മലമ്പുഴ (23,440) എന്നിങ്ങനെയാണ് പാലക്കാട് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. പാലക്കാട് (7403), പട്ടാമ്പി (12,475), മണ്ണാര്‍ക്കാട് (8270) എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം. മുന്‍ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി വലിയ മുന്നേറ്റമാണ് ഇത്തവണ എല്‍ഡിഎഫ് പാലക്കാട് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. 11,82,904 വോട്ടര്‍മാരാണുള്ളത്.

ജയകൃഷ്ണന്‍ നരിക്കുട്ടി

എം ബി രാജേഷ്: മികവ് തെളിയിച്ച് കരുത്തോടെ

അര്‍ഹതയ്ക്കുള്ള അംഗീകാരത്തിനായാണ് എം ബി രാജേഷ് വീണ്ടും ജനങ്ങളിലേക്കിറങ്ങുന്നത്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം മികച്ച എംപിക്കുള്ള പുരസ്കാരത്തിന് അര്‍ഹനാക്കി. "ദ വീക്ക്" എന്ന ഇംഗ്ലീഷ് വാരിക 2010-11ല്‍ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച എംപിയായി 2011ല്‍ തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ 2013ലെ മികച്ച എംപിയായി രാജേഷിനെയാണ് പരിഗണിച്ചത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാഗസിന്‍ ജനപ്രിയ എംപിയായി ഈ വര്‍ഷം തെരഞ്ഞെടുത്തതും രാജേഷിനെ. എംപി ഫണ്ട് കൂടുതല്‍ ചെലവഴിച്ചതില്‍ ഒന്നാംസ്ഥാനം.

ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍എല്‍ബി ബിരുദം എന്നിവ നേടി. എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടെ നിരവധി തവണ പൊലീസ് മര്‍ദനത്തിനിരയായി. ജയില്‍വാസവും അനുഭവിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റിയില്‍ ക്ഷണിതാവുമാണ്.

നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. "ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും", "ആഗോളവല്‍ക്കരണത്തിന്റെ വിരുദ്ധലോകങ്ങള്‍", "മതം, മൂലധനം, രാഷ്ട്രീയം" തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. "ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍" എന്ന ലേഖന സമാഹാരം എഡിറ്റ് ചെയ്ത് പുറത്തിറക്കി. പെട്രാളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ് തുടങ്ങിയ പാര്‍ലമെന്റ് സമിതികളില്‍ പ്രവര്‍ത്തിച്ചു. ഷൊര്‍ണൂര്‍ ചളവറയില്‍ റിട്ട. ഹവില്‍ദാര്‍ ബാലകൃഷ്ണന്‍നായരുടെയും എം കെ രമണിയുടെയും മകന്‍. 1971 മാര്‍ച്ച് 12ന് പഞ്ചാബിലെ ജലന്തറില്‍ ജനിച്ചു. പാലക്കാട് പിഎംജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവര്‍ മക്കള്‍. പാലക്കാട് കരിങ്കരപ്പുള്ളി എ കെ ജി നഗര്‍ കോളനിയില്‍ നളിനകാന്തിയിലാണ് താമസം.

deshabhimani

No comments:

Post a Comment