Sunday, March 16, 2014

രക്ഷകരേയും ശിക്ഷകരേയും മലയോരജനത തിരിച്ചറിയുമെന്ന് രൂപത

ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ സന്ദര്‍ശിക്കാന്‍ മാധ്യമപ്പടയുമായി വന്ന സ്ഥാനാര്‍ഥിയോട് അദ്ദേഹത്തിന് തന്റെ അഭിപ്രായം പറയാന്‍ പാടില്ലെന്ന് ശഠിക്കുന്നത് തെറ്റാണെന്ന് ഇടുക്കി രൂപത.

മാന്യമായ രീതിയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ച ബിഷപ് ഇതുവരെയുള്ള തന്റെ നിലപാടുകള്‍ തള്ളിപ്പറഞ്ഞ് സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുമെന്ന് പറയുംപോലെ അന്ധമായ വിധേയത്വം കാണിക്കാന്‍ ബലറാമിനെപ്പോലെയുള്ളവര്‍ ആഗ്രഹിച്ചാല്‍ അത് രാഷ്ട്രീയ പാപ്പരത്തം എന്നു മാത്രമെ കരുതാന്‍ സാധിക്കൂ എന്ന് ഇടുക്കി രൂപത വക്താവ് ഫാ.ജോസ് കരിവേലില്‍ പ്രസ്താവനയില്‍ പറഞ്ഞു. അഭിപ്രായ പ്രകടനങ്ങളെ അടിച്ചമര്‍ത്തി വോട്ട് നേടാമെന്ന വ്യാമോഹത്തോടെ ഉത്തരവാദിത്വപ്പെട്ടവര്‍ പ്രവര്‍ത്തിച്ചാല്‍ രക്ഷകനെയും ശിക്ഷകനെയും തിരിച്ചറിയാന്‍ ആത്മാഭിമാനമുള്ള മലയോര ജനത വളര്‍ന്നിട്ടുണ്ടെന്ന് അവര്‍ തെളിയിക്കും.

മലയോര ജനതയുടെ നിലനില്‍പ്പിനും അവകാശത്തിനും നിരന്തരം ഇടപെടുന്ന മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിനെതിരെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ നടത്തുന്ന സംസ്കാര ശൂന്യമായ ആക്ഷേപങ്ങള്‍ പിന്‍വലിക്കണം. ജനത്തിന്റെ നന്മയും സുരക്ഷയും മാത്രം ലക്ഷ്യമാക്കി ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങളില്‍ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനപക്ഷത്തുനിന്ന് ശക്തമായ നേതൃത്വം നല്‍കുന്ന ബിഷപ്പിന്റെ നിലപാടുകള്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കേണ്ട ജനപ്രതിനിധികള്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം മറന്ന് രാഷ്ട്രീയലാഭം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും കൃഷി സ്ഥലങ്ങളില്‍നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യം ഈ ജനപ്രതിനിധികള്‍ അറിയാതെ സംഭവിച്ചതാണെന്ന് ചിന്തിക്കാന്‍ മാത്രം അറിവില്ലാത്തവരാണ് ഇവിടുത്തെ ജനങ്ങള്‍ എന്ന് കരുതുന്നത് മൗഢ്യമാണെന്ന് രൂപത ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment