Sunday, March 16, 2014

ആര്‍എസ് പിയുടേത് കൊടും വഞ്ചന, ഗൂഢാലോചന: പിണറായി

എല്‍ഡിഎഫ് വിട്ട ആര്‍എസ് പിയുടെ നിലപാട് കൊടുംവഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് എബ്രാഹമിന്റെ വിജയത്തിനായുള്ള എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ആര്‍എസ് പി കുടുംബത്തിലേക്ക് മടങ്ങി വന്നുവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആര്‍എസ്പിയുടെ കുടുംബം ഏതുകാലത്തായിരുന്നു യുഡിഎഫ് എന്ന് അറിയില്ല. ആര്‍എസ്പി സ്വന്തം തകര്‍ച്ചയെയാണ് ക്ഷണിച്ചുവരുത്തുന്നത്. സ്വയം വിനാശകരമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. മുന്നണിയാകുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. അവ മുന്നണി ചര്‍ച്ചകളിലൂടെയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും പരിഹരിക്കാനുമാകും. മൂന്ന് തവണയായി കൊല്ലത്ത് ആര്‍എസ് പി മത്സരിച്ചിരുന്നില്ല. കഴിഞ്ഞ ഏഴാം തിയതി രാവിലെ ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടും അവര്‍ യോജിച്ചില്ല. ആര്‍എസ്പി മുന്നണി വിടണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറച്ചതാണ്. യുഡിഎഫുമായി ഗൂഢാലോചന നടത്തി എല്ലാം സംസാരിച്ചുറപ്പിച്ചശേഷം സീറ്റ് പ്രശ്നം ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ഏഴാം തിയതി രാവിലെ അവരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. വൈകിട്ട് എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച തുടരേണ്ടതായിരുന്നു. എന്നാല്‍ യോഗത്തില്‍ വന്നില്ല. കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഫോണില്‍വിളിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ വരുന്നില്ല, അങ്ങാട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍എസ്പി മുന്നണി വിട്ടുവെന്ന് പ്രഖ്യാപിക്കുമ്പോള്‍തന്നെ യുഡിഎഫ് സ്വാഗതം ചെയ്തതുതന്നെ ഗൂഡാലോചനയ്ക്ക് തെളിവാണ്. മുന്നണി വിടുന്നുവെന്ന് കേള്‍ക്കുമ്പോള്‍തന്നെ അവര്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രേമചന്ദ്രനെ ഉറപ്പിക്കുന്നു. ഇങ്ങനെ ഒരുറപ്പ് കേരളത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ ചരിത്രത്തിലുണ്ടായിട്ടില്ല. മുന്നണി വിട്ടാല്‍ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യാമെന്നുപോലും പറയാതെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയത് ഗൂഢാലോചനയിലെ തീരുമാനപ്രകാരമായിരുന്നു.

ആര്‍എസ് പിയില്‍ നിന്ന് മുമ്പ് ശ്രീകണ്ഠന്‍ നായര്‍, കടവൂര്‍ ശിവദാസന്‍ എന്നിവര്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ടെങ്കിലും ഗൂഢാലോചനയിലൂടെ പാര്‍ടിയെ യുഡിഎഫ് പാളയത്തിലെത്തിക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്. ദേശീയ സെക്രട്ടറി ചന്ദ്രചൂഡനെ മൂകസാക്ഷിയാക്കി പ്രേമചന്ദ്രനും രാമകൃഷ്ണപ്പിള്ളയും അസീസുംകൂടി തീരുമാനമെടുക്കുകയായിരുന്നു. ആര്‍എസ്പി പ്രവര്‍ത്തകരാരും ഇവരുടെ ദുര്‍വഴിയെ നീങ്ങുകയില്ലെന്ന് തെരഞെടുപ്പ് തെളിയിക്കും. പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും.

ഈ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനുള്ള വിധിയെഴുത്തുകൂടിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടേത് അപാര തൊലിക്കട്ടി തന്നെ. എല്ലാ ജനവിഭാഗങ്ങളെയും ദുരിതത്തിലാക്കിയ കേന്ദ്ര- സംസ്ഥാന ഭരണത്തിനെതിരെയുള്ള വിധിയെഴുത്തിനാണ് കേരളം ഒരുങ്ങുന്നതെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

എല്‍ഡിഎഫിനെതിരെ ഒന്നും പറയാനില്ലാത്തവര്‍ ഇപ്പോള്‍ പൊതുസമ്മതരായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്ഷേപവുമായി വരികയാണ്. എല്‍ഡിഎഫിന്റെ ഏത് സീറ്റാണ് പെയ്മെന്റെന്ന് വ്യക്തമാക്കണം?. പാവപ്പെട്ടവരോട് കരുണയുള്ള പൊതുസമ്മതരാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫിലിപ്പോസ് തോമസ് തിരുവനന്തപുരത്തെ ശശി തരൂരിനെപോലെയല്ല . ജനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കറപുരളാത്ത വ്യക്തിത്വത്തിനുടമയാണ്. തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് ഇല്ലായ്മകളിലൂടെ ഉയര്‍ന്ന് സാധാരണക്കാരുടെ ആതുര സേവകനായി ബഹുജന ആദരവ് നേടിയ വ്യക്തിത്വമാണ്. എറണാകുളത്തെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരു ആക്ഷേപവും കേള്‍പ്പിക്കാതെ ജോലി ചെയ്ത ആളാണ്. കയര്‍ബോര്‍ഡിലായിരുന്നപ്പോള്‍ കയര്‍തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഇടുക്കിയിലെ ജോയ്സ് ജോര്‍ജ് മലയോര ജനതയോടെപ്പം പോരാടി അവരുടെ കണ്ണിലുണ്ണിയായി മാറിയ വ്യക്തിത്വമാണ്. എല്ലാവരും സ്വാഭാവികമായ അംഗീകരിക്കുന്നതാണ് ഇന്നസെന്റിനെ. പാവങ്ങളോടുള്ള കാരുണ്യമാണ് എല്ലാവരുടെയും മുഖമുദ്ര. പൊന്നാനിയിലെ അബ്ദുറഹ്മാനും ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനകീയനാണ്. ഇവര്‍ക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും- പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment