Sunday, March 16, 2014

ഓര്‍മയായത് ജീവിതാന്ത്യംവരെ ചെങ്കൊടി നേഞ്ചോട് ചേര്‍ത്ത ഹാജി

നാദാപുരം: മത വര്‍ഗീയ രാഷ്ട്രീയത്തിന്റെ മതിലുകള്‍ ഭേദിച്ച് മതനിരപേക്ഷ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിതാന്ത്യംവരെ ചെങ്കൊടി നേഞ്ചോട് ചേര്‍ത്ത കെ ടി കുഞ്ഞമ്മദ്കുട്ടി ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടം. മുസ്ലീം ലീഗിന്റെ അപ്രമാദിത്വ കേന്ദ്രമായ ജാതിയേരിയില്‍ സധൈര്യം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ ജീവവായുവായി കണ്ട ഹാജി എതിരാളികളുടെ പോലും സ്നേഹവാത്സല്യങ്ങള്‍ പിടിച്ച്പറ്റിയ വ്യക്തിത്വമായിരുന്നു. രണ്ടരപതിറ്റാണ്ട് കാലത്തോളം സിപിഐ എമ്മിനോടൊപ്പം പ്രതിസന്ധികളില്‍ അതിജീവിച്ച് നിന്ന ഹാജി പരാജയം ഉറപ്പായിട്ടും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റാന്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.

കര്‍ഷകസംഘത്തിന്റെ സജീവ പ്രവര്‍ത്തകനയിരുന്നു ഹാജി. മുസ്ലീം ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജീവന്‍ പൊലിഞ്ഞ ജാതിയേരിയിലെ വിദ്യാര്‍ഥി നേതാവ് സജീവന്റെ രക്തസാക്ഷിത്വമാണ് ഹാജിയെ ഉശിരനായ കമ്മ്യൂണിസ്റ്റാക്കിയത്. തുടര്‍ച്ചയായി ഇരുപത് വര്‍ഷം സജീവന്‍ രക്തസാക്ഷി ദിനാചരണകമ്മിറ്റി പ്രസിഡന്റായ അദ്ദേഹം മുതിര്‍ന്ന സിപിഐ എം നേതാക്കള്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനങ്ങളില്‍ അധ്യക്ഷ പദവി അലങ്കരിക്കുക പതിവായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അറിയാതെ പാര്‍ടി സമ്മേളന സമരവേദികളില്‍ നിറസാന്നിധ്യമായിരുന്നു. ആവേശം വിതറിയ കേരള രക്ഷാമാര്‍ച്ച് നാദാപുരത്ത് എത്തിയപ്പോള്‍ പിണറായി വിജയന് ഷാള്‍ അണിയിക്കണമെന്ന മോഹം നേതാക്കളില്‍ നിന്ന് അനുവാദം വാങ്ങി സഫലമാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിന് നാദാപുരത്ത് നടന്ന മതനിരപേക്ഷ സംഗമത്തില്‍ ഗുജറാത്ത് നരഹത്യയില്‍ പശ്ചാത്തപിച്ച അശോക് മോച്ചി പങ്കെടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ വേദിയിലെത്തി അഭിവാദ്യം അര്‍പ്പിക്കാനും ഹാജിയുണ്ടായിരുന്നു.

"വടകരക്ക് പറ്റിയ കൈപ്പിഴവ് തിരുത്തണം. ഷംസീറിനെ നമുക്ക് ജാതിയേരിയില്‍ എത്തിച്ച് എല്ലാവരെയും പരിചയപ്പെടുത്തണം". ഏരിയാ കമ്മിറ്റി അംഗം പി പി ചാത്തുവിനെ വെള്ളിയാഴ്ചയാണ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹാജി മരിച്ചതറിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ തന്നെ ഷംസീര്‍ വീട്ടിലെത്തി ഷംസീര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

വളയത്ത് ചേര്‍ന്ന സര്‍വകഷി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി കുമാരന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം അംഗം വി പി കുഞ്ഞികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം വയലോളി അബ്ദുള്ള, സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി അബ്ദുള്‍സലാം, സിപിഐ എം ഏരിയാസെക്രട്ടറി പി കെ ബാലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി കെ ശങ്കരന്‍, പി പി ചാത്തു, പി പി കുമാരന്‍, എന്‍ പി കണ്ണന്‍, കെ വി കണ്ണന്‍, കെ ഗംഗാധരന്‍, മണിയാല അശോകന്‍, സി സി ജാതിയേരി, സി ബാലന്‍, ഒ പ്രേമന്‍ എന്നിവര്‍ സംസാരിച്ചു

deshabhimani

No comments:

Post a Comment